- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടി പീഡകനായ ഇന്ത്യാക്കാരനെ നാട് കടത്തുന്നത് വിലക്കി കോടതി; യു കെയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള സകല വിമാനങ്ങളും 2025 വരെ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വെയ്സ്; കുട്ടികളെ തല്ലുന്നത് ബ്രിട്ടണില്‍ നിരോധിച്ചേക്കും
ലണ്ടന്‍: ബാലപീഢന കേസില്‍ പ്രതിയായ വ്യക്തി, താന്‍ നാടുകടത്തപ്പെട്ടാല്‍ അത് തന്റെ കുട്ടികള്‍ക്ക് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന വാദത്തിന്റെ ബലത്തില്‍ നാടുകടത്തിലില്‍ നിന്നും രക്ഷപ്പെട്ടു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ വിതരണം ചെയ്ത മൂന്ന് കേസുകളില്‍ പ്രതിയായ ഈ ഇന്ത്യാക്കാരന്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു. അതുകൂടാതെ സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ച ഇയാള്‍ക്ക് 10 വര്‍ഷക്കാലും ലൈംഗിക കുറ്റവാളികളുടെ റെജിസ്റ്ററില്‍ ഒപ്പ് വയ്ക്കുകയും വേണം.
2021 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നതും ഇയാള്‍ ജയിലില്‍ ആകുന്നതും. തൊട്ടടുത്ത വര്‍ഷം ഇയാളെ നാടുകടത്താന്‍ ഹോം ഓഫീസ് ശ്രമിച്ചു. ഇയാള്‍ ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് കാണിച്ചായിരുന്നു ഇത്. എന്നാല്‍, മനുഷ്യാവകാശ നിയമങ്ങളുടെ ബലത്തില്‍ അയാള്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ആ കേസില്‍ അയാള്‍ വിജയിച്ചെങ്കിലും മറ്റൊരു പുതിയ കേസ് അപ്പീലിനായി കാത്തിരിപ്പുണ്ട്.
യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സിന്റെ (ഇ സി എച്ച് ആര്‍) ആര്‍ട്ടിക്കിള്‍ 8 നല്‍കുന്ന സ്വകാര്യതയ്ക്കും കുടുംബത്തോടൊപ്പം ജീവിക്കുന്നതിനും ഉള്ള അവകാശം ലംഘിക്കുന്നതാണ് ഇയാളുടെ നാടുകടത്തല്‍ എന്ന് ഇയാള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വദിച്ചു. നിയമപരമായി പേരു വെളിപ്പെടുത്താന്‍ ആകാത്ത ഇയാളുടെ നാടുകടത്തല്‍ ഇതോടെയാണ് കോടതി തടഞ്ഞത്. ബ്രിട്ടന്‍ ഇ സി എച്ച് ആര്‍ വിട്ടുപോകണമെന്നതിന് മറ്റൊരു കാര്യം കൂടി ഉണ്ടായിരിക്കുന്നു എന്നാണ്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന റോബര്‍ട്ട് ജെന്റിക് പറയുന്നത്.
ബ്രിട്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള സര്‍വ്വീസുകള്‍ അടുത്ത വര്‍ഷം വരെ റദ്ദാക്കി ബ്രിട്ടീഷ് എയര്‍വേയ്‌സ്
ന്യൂയോര്‍ക്കിനും യു കെയിലെ പ്രധാന വിമാനത്തവളങ്ങള്‍ക്കും ഇടയിലെ വിമാന സര്‍വ്വീസുകള്‍ 2025 വരെ റദ്ദാക്കുകയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. നിലവിലെ പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കപ്പെടാന്‍ ഇടയില്ലാത്തതിനാല്‍ 2025 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്നാണ് കമ്പനി യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. റോള്‍സ് റോയ്‌സില്‍ നിന്നും ട്രെന്റ് 1000 എഞ്ചിനുകള്‍ ലഭിക്കുന്നത് വൈകുന്നതിനാലാണിതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 12 മുതല്‍ 2025 മാര്‍ച്ച് 25 വരെ നിലവിലുണ്ടാകുന്ന ഈ റദ്ദാക്കല്‍ ഏകദേശം 103 സര്‍വ്വീസുകളെ ബാധിക്കും എന്നാണ് കരുതപ്പെടുന്നത്.
787 വിമാനങ്ങളില്‍ ഘടിപ്പിക്കുന്ന റോള്‍സ് റോയ്‌സിന്റെ ട്രെന്റ് 1000 എഞ്ചിനുകള്‍ ലഭിക്കാന്‍ വൈകുന്നതിനാല്‍ സര്‍വ്വീസുകള്‍ മാറ്റി വയ്‌ക്കേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു. ഈ പ്രശ്നം വേഗത്തില്‍ പരിഹരിക്കപ്പെടില്ല എന്ന് മനസ്സിലായതിനാലാണ് ഉപഭോക്താക്കളെ അനിശ്ചിതത്വത്തില്‍ ആക്കാതിരിക്കാന്‍ ഇത്തരത്തിലൊരു നടപടി ആവശ്യമായി വന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം, എഞ്ചിന്‍ വിതരണം വൈകുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കാന്‍ തങ്ങള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് റോള്‍സ് റോയ്‌സും വെളിപ്പെടുത്തി.
ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളിലാണ് ഈ എഞ്ചിന്‍ ഉപയോഗിക്കുന്നത്. ട്രെന്റ് 1000 എഞ്ചിനുകള്‍ ഉപയോഗിക്കുന്ന ഡ്രീമ്ലൈനര്‍ വിമാനങ്ങള്‍, അതിന് മുന്‍പുണ്ടായിരുന്ന വിമാനങ്ങളെക്കാള്‍ കൂടുതല്‍ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്. 2007 മുതല്‍ ആണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഈ എഞ്ചിന്‍ ഉപയോഗിക്കാന്‍ ആരംഭിച്ചത്.
ഇംഗ്ലണ്ടില്‍ കുട്ടികളെ തല്ലുന്നത് നിരോധിച്ചേക്കും
ഇംഗ്ലണ്ടില്‍ കുട്ടികളെ തല്ലുന്നതിനെതിരെ ഒരു പുതിയ നിരോധനം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. ശാരീരികമായ ശിക്ഷകള്‍ നിരോധിച്ചുകൊണ്ടുള്ള സ്‌കോട്ട്‌ലന്‍ഡിന്റെയും വെയ്ല്‍സിന്റെയും നയം പിന്തുടരുന്ന കാര്യം പരിഗണിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ പറഞ്ഞത്.. എന്നാല്‍, ഉടനെ നിയമം മാറ്റാന്‍ ആലോചിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.
ഇക്കാര്യം ആദ്യം, വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും, ഇത്തരമൊരു നിര്‍ദ്ദേശം എപ്രകാരം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും അവര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഫോര്‍ ഇംഗ്ലണ്ട് റേച്ചല്‍ ഡിസൂസ അടുത്തിടെ കുട്ടികളെ തല്ലുന്നത് നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അത് പരിഗണനയിലുണ്ടെന്നും, എന്നാല്‍, ഉടനടി ഒരു നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് വിദ്യാഭ്യാസ സെക്രട്ടറി ബി ബി സിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരമൊരു ആവശ്യം നേരത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.