- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്ട്ര സെനെക കോവിഡ് വാക്സിന്‍ എടുത്ത് പാര്‍ശ്വഫലം അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക നഷ്ടപരിഹാരവുമായി ബ്രിട്ടന്‍; കോവിഷീല്‍ഡ് എടുത്ത് പണി കിട്ടിയ ഇന്ത്യാക്കാരുടെ കാര്യം മോദി പരിഗണിക്കുമോ?
ലണ്ടന്‍: അസ്ട്ര സെനെക കോവിഡ് വാക്സിന്റെ പാര്‍ശ്വഫലം മൂലം അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടന്‍ ഒരുങ്ങുകയാണ്. കോവിഡ് വാക്സിന്‍ മൂലം ജീവിതം തന്നെ മാറിമറിയും വിധം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കൂവാന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നിലവിലെ സര്‍ക്കാര്‍ സഹായത്തോടെയുള്ള വാക്സിന്‍ ഡാമേജ് പേയ്‌മെന്റ് സ്‌കീം (വി ഡി പി എസ്), നഷ്ടപരിഹാരത്തിനായി അവകാശം ഉന്നയിക്കുന്നവരുടെ എണ്ണം അമിതമായി വര്‍ദ്ധിച്ചതോടെ അതീവ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
വി ഡി പി എസ് അതിന്റെ ഉദ്ദേശ്യലക്ഷ്യം കൈവരിക്കാന്‍ പ്രാപ്തമല്ല എന്നാണ് വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം ക്ലേശത അനുഭവിക്കുന്നവര്‍ക്കായി നിലകൊള്ളുന്ന വാക്സിന്‍ ബിറീവ്ഡ് ആന്‍ഡ് ഇന്‍ജുവേഡ് ഗ്രൂപ്പ് പറയുന്നത്. മാത്രമല്ല, ഈ പദ്ധതിയില്‍ പുനക്രമീകരണമോ അടിമുടി അഴിച്ചു പണിയോ വേണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു. ഈ ഗ്രൂപ്പ് പ്രതിനിധാനം ചെയ്യുന്ന കുടുംബങ്ങളില്‍ ചിലര്‍ അസ്ട്ര സെനെക കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.
അത്തരമൊരു കേസിലാണ്, വാക്സിന്‍, വിരളമായെങ്കിലും, രക്തം കട്ടപിടിക്കല്‍, പ്ലേറ്റുകളുടെ എണ്ണത്തില്‍ കുറവ് വരിക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായേക്കാം എന്ന് കോടതിയില്‍ കമ്പനി രേഖാമൂലം സമ്മതിച്ചത്.നിരവധി കേസുകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും മരണത്തിനു വരെയും കാരണമായി എന്നതിന്റെ പേരിലാണ് കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചത്. വാക്സ്ദിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം, സംഘടന പ്രതിനിധികള്‍ക്കൊപ്പം ഷാഡോ അറ്റോര്‍ണി ജനറല്‍ സര്‍ ജെറമി റൈറ്റും വെസ് സ്ട്രീറ്റിംഗിനെയും ഒരു ആരോഗ്യ സഹമന്ത്രിയായ ആന്‍ഡ്രൂ ഗൈനിനെയും കണ്ടിരുന്നു.
വരുന്ന ആഴ്ചയും സര്‍ ജെറമി റൈറ്റ് ഇതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് സെക്രട്ടറിയെ കാണുന്നുണ്ട്. ഒന്നുകില്‍ നിലവിലെ വി ഡി പി എസ് പുനര്‍ക്രമീകരിക്കുക അതല്ലെങ്കില്‍ പുതിയ ഒരു നഷ്ടപരിഹാര പദ്ധതി ആരംഭിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വഴികള്‍. അതില്‍ ഏതെങ്കിലും ചെയ്യാതെ മണ്ണില്‍ മുഖം പൂഴ്ത്തി ഒന്നും കണ്ടില്ലെന്ന് നടിച്ചിരിക്കരുതെന്ന് ഷാഡോ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനോട് പറയുന്നു. കോവിഡ് വാക്സിന്‍ മൂലം ക്ലേശിക്കുന്നവര്‍ കുറച്ചുപേര്‍ മാത്രമെ ഉള്ളു എങ്കില്‍ അവര്‍ക്ക് നേരിട്ട് സര്‍ക്കാരിനോട് അവരെ ശരിയാംവണ്ണം സംരക്ഷിക്കാന്‍ ആവശ്യപ്പെടാം. കാരണം അവര്‍ ഭരണകൂടം പറയുന്നത് അനുസരിക്കുക എന്നൊരു തെറ്റ് മാത്രമെ ചെയ്തിട്ടുള്ളു എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, 15,000 ഓളം പേരാണ് വി ഡി പി എസ്സില്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. അവരില്‍ 188 പേര്‍ക്ക് മാത്രമാണ് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് മറുപടി ലഭിച്ചത്. ഫൈസറും, മൊഡേണയുമായി ബന്ധപ്പെട്ട കേസുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ആസ്ട്ര സെനെകയുമായി ബന്ധപ്പെട്ട കേസുകള്‍ കുറവാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വാക്സിന്റെ ഫലമായി ഹൃദയാഘാതം, അപകടകരമാം വിധമുള്ള രക്തം കട്ടപിടിക്കല്‍, സുഷുമ്‌ന നാഡിയിലെ വിങ്ങള്‍, വാക്സിനേഷന്‍ എടുത്ത കൈയ്യില്‍ നീരു വന്ന് വീര്‍ക്കല്‍ എന്നിവ അനുഭവിക്കുന്നവര്‍ക്കാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത്.