ഡൽഹി: സോഷ്യൽ മീഡിയയുടെ വരവോട് കൂടി വലിയ മാറ്റങ്ങൾ ആണ് മനുഷ്യർക്കിടയിൽ സംഭവിച്ചത്. പണ്ടൊക്കെ എന്ത് നല്ല കാര്യം നടന്നാലും ആദ്യം അറിയിക്കുക വീട്ടിൽ ആയിരിക്കും. പക്ഷെ കാലം മാറി ഇപ്പോൾ എന്ത് സംഭവിച്ചാലും സോഷ്യൽ മീഡിയയിൽ ലൈവ് ഇടുന്നതാണ് ആളുകളുടെ രീതി. ഒരു മരണം വന്നാലും ഒരു നല്ല കാര്യം സംഭവിച്ചാലും ലൈവ് ഇടാതെ അവർക്കൊരു സമാധാനം കിട്ടില്ല. അങ്ങനെ ഒരു വളരെ ദയനീയമായ സംഭവമാണ് ദീപാവലി ദിനത്തിൽ നടന്നിരിക്കുന്നത്.

കുഞ്ഞുമായി ഭിക്ഷ യാചിച്ച് ഇരിക്കുകയായിരുന്ന യുവതിക്ക് 'കോണ്ടം' നല്‍കുന്ന വീഡിയോ പങ്കുവെച്ച് ഒരു ഡോക്ടർ. റോഡില്‍ ഭിക്ഷയാചിക്കുന്നവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണെന്നാണ് വീഡിയോയിലൂടെ ഇയാൾ പറയുന്നത്.

വഴിയരികില്‍ ഒരു കുഞ്ഞുമായി ഭിക്ഷയാചിക്കുന്ന യുവതിയുടെ സമീപത്തേക്ക് യുവാവ് 'കോണ്ട'വുമായി പോകുന്നതും യുവതി സഹായം പ്രതീക്ഷിച്ച് കൈനീട്ടുമ്പോള്‍ യുവാവ് കോണ്ടം നല്‍കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. വീഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. ദീപാവലി ദിവസമാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ യുവാവിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

ദീപാവലി പോലെയൊരു ദിവസം കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് വിനിയോഗിക്കേണ്ടതെന്നും ഇത്തരം കോമാളിത്തരം ചെയ്യുകയല്ല വേണ്ടത് എന്നുള്‍പ്പടെ വിമര്‍ശനങ്ങൾ ഉയർന്നു. ആ യുവതിയുടെ ദയനീയത മുതലെടുത്ത് കണ്ടന്‍റുണ്ടാക്കുകയാണെന്നും നിരവധി പേര്‍ തുറന്നടിച്ചു.

തമാശയ്ക്ക് വേണ്ടി മറ്റുള്ളവരെ അവഹേളിക്കുന്നത് ശരിയാണോയെന്നും ചിലര്‍ കമന്റ് ചെയ്തു. കുട്ടികളെ പഠിപ്പിക്കാനും ഭക്ഷണം നല്‍കാനും കഴിയാത്ത അവസ്ഥയില്‍ കുട്ടികളെ ജനിപ്പിക്കുന്നതിനെതിരേ ബോധവത്കരണമാണ് താനുദ്ദേശിച്ചത് എന്നാണ് ഡോക്ടർ പറയുന്നത്. എന്തയാലും ഡോക്ടർക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.