- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഗില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ? തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ; പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ട; പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
ബാഗില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ബാഗില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോയെന്നായിരുന്നു രാഹുലിന്റെ പരിഹാസം. പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ടയില്ലേ എന്നും രാഹുല്‍ ചോദിച്ചു. പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പെട്ടിയില്‍ പണമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ എന്നും പ്രതികരിച്ചു.
പാതിരാറെയ്ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. കെഎസ്‌യു നേതാവ് ഫെനി നൈനാന്‍ ബാഗുമായി എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. നീലട്രോളി ബാഗില്‍ കോണ്‍ഗ്രസ് പാലക്കാട്ടേക്ക് കള്ളപ്പണം കൊണ്ടുവെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പൊലീസിന് സിപിഎം പരാതി നല്‍കിയിരിക്കുന്നത്.
ആരോപണം ബലപ്പെടുത്താന്‍ വേണ്ടിയാണ് കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരിക്കുന്നത്. ഫെനി നൈനാന്‍ ട്രോളി ബാഗില്‍ എത്തിച്ചത് കള്ളപ്പണമാണെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിക്കുന്നത്. ഒരു രൂപ ഉണ്ടെന്ന് തെളിയിച്ചാല്‍ പ്രചാരണം നിര്‍ത്താമെന്നാണ് ട്രോളി ബാഗ് പ്രദര്‍ശിപ്പിച്ച് കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചിരുന്നു.
കെപിഎം ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എംപിമാരായ ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവര്‍ കെപിഎം ഹോട്ടലിലേക്ക് കയറുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സിപിഎം നേരത്തെ പറഞ്ഞിരുന്നു.
നിരവധി ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. കോറിഡോറിലെ ദൃശ്യങ്ങളില്‍ ശ്രീകണ്ഠന്‍ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നതും ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും രാത്രി 10.13നുള്ള ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നതും കാണാം. എന്നാല്‍ ഫെനിയുടെ കയ്യില്‍ അപ്പോള്‍ പെട്ടി ഇല്ല. 10.47 ലുള്ള ദൃശ്യങ്ങളില്‍ പിഎ രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് ഇറക്കി മുറിയിലേക്ക് കൊണ്ടു പോകുന്നു. രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നതും ഫെനി നൈനാന്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തം.
എന്നാല്‍ സിപിഎം പറയുന്നത് അനുസരിച്ച് രാത്രി 10.54ന് ഫെനി നൈനാന്‍ ട്രോളി ബാഗുമായി തിരിച്ച് കോണ്‍ഫറന്‍സ് റൂമിലേക്ക് തിരിച്ചു വരുന്നു. ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് റൂമില്‍ കയറുന്നു. രാഹുല്‍ പുറത്തേക്ക് പോകുന്നു, പെട്ടിയിലെ പണം കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാന്‍ തിരിച്ചു കൊണ്ടുപോകുന്നു. പെട്ടി വാഹനത്തില്‍ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നുവെന്നുമാണ് സിപിഎം പറയുന്നത്. ശേഷം ഫെനി നൈനാന്‍ രാഹുല്‍ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു. മുറിയില്‍ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പിഎയും പുറത്തേക്ക് ഓടിപ്പോകുന്നുവെന്നും ഈ സമയം കോണ്‍ഫറന്‍സ് റൂമില്‍ ഉണ്ടായിരുന്ന ഷാഫി, ശ്രീകണ്ഠന്‍, ചാമക്കാല പുറത്തേക്ക് പോകുന്നുവെന്നുമാണ് സിപിഎമ്മിന്റെ വാദം.
നേരത്തെ, വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമാണെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. കെപിഎം ഹോട്ടല്‍ അധികൃതരും പൊലീസും ഹോട്ടലിന്റെ മുമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണമെന്നു രാഹുല്‍ ആവശ്യപ്പെട്ടു. 'ഞാന്‍ എപ്പോളാണ് ഹോട്ടലില്‍ വന്നതെന്നും പോയതെന്നും അതില്‍ നിന്നും മനസിലാകും. ട്രോളി ബാഗില്‍ എന്റെ ഡ്രസ്സ് കൊണ്ടു പോയിട്ടുണ്ട്. ആ ട്രോളി ബാഗ് ഇപ്പോളും എന്റെ കൈവശമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.
ഈ ബാഗ് പൊലീസിന് കൈമാറാം. കള്ളപ്പണ ഇടപാട് നടന്നെങ്കില്‍ പൊലീസ് എന്തുകൊണ്ട് തെളിയിക്കുന്നില്ല. സിസിടിവി ദൃശ്യം പുറത്ത് വിടണം. മുന്‍ വാതിലില്‍ കൂടെ ഞാന്‍ കയറി വരുന്നതും ഇറങ്ങി പോകുന്നതും ഇല്ലെങ്കില്‍ ഞാന്‍ പ്രചാരണ നിര്‍ത്തും. ഈ പെട്ടിക്കകത്ത് ഒരു രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിച്ചാല്‍ പ്രചരണം ഇവിടെ നിര്‍ത്തും. ഈ ട്രോളി ബോഡ് റൂമില്‍ വെച്ച് തുറന്നു നോക്കിയിട്ടുണ്ട്. ആ സിസിടിവി പരിശോധിക്കട്ടെ. കറുത്ത ബാഗ് കൂടി കൈയില്‍ ഉണ്ടായിരുന്നു. പണം ഉണ്ടെന്നാണ് പറയുന്നതെങ്കില്‍ അതെവിടെ എന്നും പറയുന്നവര്‍ തെളിയിക്കണം.
പല റൂമുകളിലേക്കും ബാഗ് കൊണ്ടുപോയതിനെ കുറിച്ചുളള ചോദ്യത്തിന് ബാഗില്‍ ഡ്രസ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഷാഫിയും ഞാനും ഡ്രസ്സ് മാറി മാറി ഇടാറുണ്ടെന്നുമാിരുന്നു രാഹുലിന്റെ മറുപടി. 'ട്രോളി ബാഗുമായിട്ട് ഇന്നലെ മാത്രമല്ല എപ്പോളും പോകാറുണ്ട്'. ഇനി കോണ്‍ഗ്രസ് മീറ്റിങ് നടത്തുമ്പോള്‍ ആരെയൊക്കെ വിളിക്കണം എന്ന് സിപിഎം ജില്ലാ സെക്രട്ടറി തീരുമാനിക്കട്ടേയെന്നും രാഹുല്‍ പരിഹസിച്ചു.