ലണ്ടന്‍: സുഹൃത്തുക്കള്‍ ഉപേക്ഷിച്ചതോടെ സ്വയം ജീവനൊടുക്കിയ ഓക്സ്‌ഫോറ്ഡ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുടെ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തില്‍ പുറത്തു വന്നു. അലക്സാണ്ടര്‍ റോജേഴ്സ് എന്ന 20 കാരന്റെ മൃതദേഹം മരവിച്ചു കട്ടിയായ നിലയില്‍ അയാളുടെ സുഹൃത്തുക്കളായിരുന്നു കണ്ടെത്തിയത്. ഇയാള്‍ തന്റെ ഒരു പെണ്‍സുഹൃത്തുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട് കോര്‍പസ് ക്രിസ്റ്റി കോളേജിലെ പുരുഷന്മാരായ സഹപാഠികളോട് ഈ പെണ്‍കുട്ടി അതില്‍ അസ്വസ്ഥയും പ്രകടിപ്പിച്ചിരുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കാര്യം മറ്റുള്ളവരോട് വെളിപ്പെടുത്തുന്നതില്‍ പെണ്‍കുട്ടിക്ക് പ്രത്യേക ദുരുദ്ദേശമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇക്കാര്യം വെളിപ്പെട്ടതോടെ അലക്സാണ്ടറോട് സുഹൃത്തുക്കള്‍ എല്ലാവരും ശത്രുതാ മനോഭാവത്തോടെ പെരുമാറാന്‍ തുടങ്ങി. ഈ ഊരുവിലക്ക് അയാളെ മാനസികമായി തളര്‍ത്തുകയും ചെയ്തു. ഇന്നലെ കൊറോണര്‍ കോടതിയില്‍ നടന്ന പ്രേത വിചാരണയ്ക്കിടെയാണ് ഈ സംഭവങ്ങള്‍ പുറത്തുവന്നത്.

അലക്സാണ്ടറുടെ രണ്ട് സുഹൃത്തുക്കള്‍ ഈ വിഷയത്തില്‍ അയാളുമായി ഏറ്റുമുട്ടലിനും ഒരുങ്ങി. അയാള്‍ എല്ലാം സങ്കീര്‍ണ്ണമാക്കി എന്നും, അയാളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. തൊട്ടടുത്ത ദിവസമായിരുന്നു അലക്സാണ്ടര്‍ ഡോണിംഗ്ടണ്‍ ബ്രിഡ്ജില്‍ നിന്നും തെംസ് നദിയിലേക്ക് ചാടി ജീവനൊടുക്കിയത്. ചാട്ടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കുകള്‍ ഏറ്റതാണ് മരണകാരണമായത്.

ഈ കേസിലെക്കുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത് ആശങ്കയുയര്‍ത്തുന്ന തരത്തിലുള്ള ഊരുവിലക്ക് സംസ്‌കാരമാണ്. പെരുമാറ്റദൂഷ്യം ആരോപിച്ച് വിദ്യാര്‍ത്ഥികളെ സാമൂഹിക ഒത്തു ചേരലുകളില്‍ നിന്നും അപ്രഖ്യാപിത ഊരുവിലക്കുകള്‍ പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തുന്ന സംഭവങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് തെളിഞ്ഞത്. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കുവാനുള്ള അവസരം പോലും ലഭിക്കാറില്ല എന്നും കൊറോണര്‍ നിരീക്ഷിച്ചു.

വാസ്തവം അറിയാതെ പലപ്പോഴും വിദ്യാര്‍ത്ഥികള്‍ വിധി നിര്‍ണ്ണയം നടത്തുന്നു. ഇത് ഒറ്റപ്പെടുന്നവരെ കനത്ത മാനസിക സമ്മര്‍ദ്ധത്തിലാഴ്ത്തുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണമായി മാറിയിരിക്കുന്നു എന്ന് മാത്രമല്ല, അംഗീകരിക്കപ്പെട്ട ഒരു രീതികൂടി ആയിക്കഴിഞ്ഞിരിക്കുന്നു എന്നും കോടതി പറഞ്ഞു. ഇത് ഓക്സ്‌ഫോര്‍ഡില്‍ മാത്രം ഒതുങ്ങുന്ന ഒരു സംസ്‌കാരമല്ലെന്നും മറിച്ച് വിദ്യാഭ്യാസ രംഗത്ത് വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു.