ലണ്ടന്‍: ബാലിയിലെ നവയുഗ ഗുരുക്കള്‍ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തി ആത്മീയ വഴിയിലേക്ക് തിരിച്ചു വിട്ട ഒരു ബ്രിട്ടീഷ് ബിസിനസ്സുകാരിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മരണത്തിന് മുന്‍പുള്ള രണ്ടര വര്‍ഷക്കാലം ലോക സഞ്ചാരത്തിലായിരുന്ന ജോസഫൈന്‍ ടാബോര്‍ എന്ന 30 കാരി അതിനിടയിലാണ് ആത്മീയമായ സംരക്ഷണം തേടിയായിരുന്നു ഇന്തോനേഷ്യന്‍ പ്രവിശ്യയാന ബാലി സന്ദര്‍ശിച്ചത്. ചില കള്‍ട്ടുകളുടെ സ്വാധീനത്തില്‍ അവര്‍ അകപ്പെട്ടുപോയതായി അവരുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും മനസ്സിലാകുന്നതായി ടാബോറിന്റെ കുടുംബം പറയുന്നു.

അമേരിക്കയില്‍ നിന്നുള്ള മുന്‍ കാമുകന്റെ സ്വാധീനത്തിലാണ് 30 കാരിയായ ജോസഫൈന്‍ ടാബോര്‍ ആത്മീയ വഴിയിലേക്ക് തിരിയുന്നത്. നക്ഷത്രഫലം, ടാരോറ്റ് റീഡിംഗ്, മന്ത്രവാദം തുടങ്ങിയ നവയുഗ ആത്മീയതയുടെ പാതകളില്‍ ഏറെ താത്പര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മരിക്കുന്നതിന് മുന്‍പുള്ള ദിവസം അവര്‍ അവസാനമായി ഡ്യറിയില്‍ കുറിച്ചത്, ' ആത്മഹത്യയൊഴിച്ച് മറ്റെല്ലാം ഞാന്‍ ശ്രമിച്ചു. ഇത് എന്റെ പകിടയുടെ അവസാന ഉരുളലാണ്' എന്നായിരുന്നു.

2021 ഡിസംബറില്‍ ഇവര്‍ മരണമടയുന്നതിന് മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഇവര്‍ ബാലിയില്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തതായി കുടുംബം പറയുന്നു. അതിനു ശേഷം തുര്‍ക്കിയിലും അവര്‍ ധ്യാനത്തില്‍ പങ്കെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും കുടുംബം പറയുന്നു. 2021 ഡിസംബര്‍ 30 ന് ആയിരുന്നു തുര്‍ക്കിയിലെ ഒരു ഹോട്ടലില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോള്‍ നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.