ന്യൂഡല്‍ഹി: ശാസ്ത്രലോകം മാത്രമല്ല സാധാരണക്കാരായ ജനങ്ങള്‍ പോലും ചോദിക്കുന്ന ഒരു ചോദ്യമാണ് സുനിതാ വില്യംസിന് എന്ത് സംഭവിച്ചു എന്നത്. കഴിഞ്ഞ 150 ദിവസങ്ങളായി സ്പേസ് സ്റ്റേഷനില്‍ കുടുങ്ങിക്കിടക്കുകയാണ് അവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്തകളില്‍ പറയുന്നത് സുനിതാ വില്യംസ് തൂക്കമെല്ലാം നഷ്ടപ്പെട്ട് ഒരു വൃദ്ധയെ പോലെയായി എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുനിതാ വില്യംസ്.

ബഹിരാകാശത്ത് വെച്ച് റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് അവര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കിയത്. 59കാരിയായ സുനിതയുടെ ആരോഗ്യനിലയെ കുറിച്ച് നാസയിലെ തന്നെ ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഉത്ക്കണ്ഠ പ്രകടിപ്പിച്ചിരുന്നു. തന്റെ ശരീരഭാരം കുറഞ്ഞിട്ടില്ല എന്നാണ് സുനിത വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ജൂണില്‍ സ്പേസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്ന അതേ ശരീരഭാരമാണ് ഇപ്പോഴും തനിക്കുള്ളതെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്.

ശരീരത്തിലും മുഖത്തും ദൃശ്യമായ മാറ്റങ്ങള്‍ ശരീര ദ്രവങ്ങളുടെ മാറ്റം കൊണ്ട് സംഭവിച്ചതാകാമെന്നും സുനിത വിശദീകരിക്കുന്നു. ബഹിരാകാശത്ത് താമസിക്കുന്നവരുടെ തല വലുപ്പമുള്ളതായി കാണപ്പെടുന്നത് ഈ പ്രത്യേകത കൊണ്ടാണെന്നും അവര്‍ വിശദീകരിക്കുന്നു. ബഹിരാകാശയാത്ര നടത്തുന്നവര്‍ക്ക് ശരീരഭാരം അനുഭവപ്പെടാത്തത് കൊണ്ടാണ് ഇത്തരത്തില്‍ ശരീര ദ്രവങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നത്. ഈ ശാരീരികാവസ്ഥയില്‍ ശരീരത്തിലെ രക്തവും ജലാംശവും എല്ലാം ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്ക് ഇരച്ചു കയറുന്നതാണ് ഇത്തരം ഒരു പ്രതിഭാസം ഉണ്ടാകാനും കാരണമാകുന്നത്.

സുനിതാ വില്യംസ് ഒപ്പമുള്ള ബാരിവില്‍മോറും കഴിഞ്ഞ അഞ്ച് മാസമായി ബഹിരാകാശ വാഹനത്തില്‍ കഴിയുകയാണ്. ബോയിങ്ങ് കമ്പനി നിര്‍മ്മിച്ച ഇവരുടെ ബഹിരാകാശ വാഹനം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം മടക്കയാത്രക്ക് യോഗ്യമല്ലാതായി മാറിയതാണ് ഇവരുടെ യാത്രയെ അനിശ്ചിതത്വത്തിലാക്കിയത്. എട്ട് ദിവസത്തേക്കാണ് ഇവര്‍ ബഹിരാകാശത്ത് എത്തിയത്. എന്നാല്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മാത്രമേ ഇവര്‍ക്ക് മടങ്ങിയെത്താന്‍ കഴിയുകയുളളൂ.

തന്റെ ആരോഗ്യ നിലയെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും തങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട് എന്നും സുനിത വിശദീകരിക്കുന്നു. ബഹിരാകാശത്തെ ഇവരുടെ ചിത്രങ്ങള്‍ കണ്ട ചില ഡോക്ടര്‍മാരാണ് അവരുടെ ശാരീരിക നില മോശമായി എന്ന് അഭിപ്രായപ്പെട്ടത്. കൂടാതെ പേര് വെളിപ്പെടുത്താത്ത ഒരു നാസ ജീവനക്കാരന്‍ സുനിത എല്ലുംതോലുമായി മാറി എന്ന് മാധ്യമങ്ങളെ അറിയിച്ചതും അവരെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഉത്ക്കണ്ഠ വളര്‍ത്താന്‍ കാരണമായി മാറി.