ജോണ്‍ എഫ് കെന്നഡി, റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, ഡൊണള്‍ഡ് ട്രംപ്, ആരോഗ്യ സെക്രട്ടറി, വാക്‌സിന്‍ വിരുദ്ധന്‍

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മില്‍ ഒരു ബന്ധവുമില്ല. പക്ഷേ ജോണ്‍ എഫ്. കെന്നഡിയുടെ അനന്തിരവനും മുന്‍ സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനുമായ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ അങ്ങനെയല്ല. റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നല്‍കി നിയമിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. കെന്നഡി ജൂനിയറിനോട് തല്‍ക്കാലത്തേക്ക് ആക്ടിവിസത്തില്‍ നിന്ന് മാറി നില്‍ക്കാനും നല്ല ദിവസങ്ങള്‍ ആസ്വദിക്കാനും വിജയത്തിന് ശേഷമുള്ള പ്രസംഗത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.

പലതരത്തിലും കുപ്രസിദ്ധനാണ് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍. വാക്‌സിന്‍ വിരുദ്ധനും ഗൂഢാലോചന സിദ്ധാന്തക്കാരനും മാത്രമല്ല 70 കാരനായ നേതാവിനെ കുപ്രസിദ്ധനാക്കുന്നത്. ഹെറോയിന്‍ അഡിക്ഷന്റെ പേരില്‍ കെന്നഡി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒരു ചത്ത കരടി കുട്ടിയെ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഉപേക്ഷിച്ച കെന്നഡി ജൂനിയറിന്റെ പ്രവൃത്തിയും നല്ല രീതിയില്‍ അല്ല ആളുകള്‍ എടുത്തത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ വിരുദ്ധവാദിയാണ് റോബര്‍ട്ട് എഫ് കെന്നഡി. വാക്സിനുകള്‍ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുമെന്നാണ് കെന്നഡിയുടെ പ്രധാന വാദം. വാക്‌സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്റെ ചെയര്‍മാനുമാണ്. ഇത്തരത്തില്‍ അശാസ്ത്രീയ വാദങ്ങളെ പിന്തുണയ്ക്കുന്നയാളെ മരുന്നും ചികിത്സയുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളെടുക്കുന്ന ഒരു പ്രധാന വകുപ്പിന്റെ തലപ്പത്ത് നിയമിക്കുന്നതിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

മരുന്ന് കമ്പനികള്‍ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കെന്നഡിയുടെ നിയമനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. ഇതവസാനിപ്പിച്ച് അമേരിക്കന്‍ ജനതയെ ആരോഗ്യമുള്ളവരാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ഇറങ്ങി പിന്നീട് ട്രംപിനെ പിന്തുണച്ചയാളാണ് റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍.

മുഖ്യധാരാ ശാസ്ത്ര മേഖലയെ കെന്നഡി ജൂനിയര്‍ അവഗണിക്കുമെന്നും അത് ആപത്കരമാകുമെന്നും ഉള്ള ആശങ്കകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ സെക്രട്ടറി എന്ന നിലയില്‍ കെന്നഡി ജൂനിയര്‍ 13 ഏജന്‍സികളുടെ മേല്‍നോട്ടം വഹിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ്, ഭക്ഷ്യ-മരുന്ന് നിയന്ത്രണം, പകര്‍ച്ച വ്യാധി നിയന്ത്രണം, മെഡിക്കല്‍ ഗവേഷണം എന്നീ നിര്‍ണായക മേഖലകളുടെ ചുമതലയും ഉണ്ട്.

ട്രംപിന്റെ മന്ത്രിസഭാ നിയമനങ്ങള്‍ പലതും ഞെട്ടിക്കുന്നതാണ്. തനിക്ക് റാന്‍ മൂളുന്നവരെയാണ് ട്രംപ് നിയമിക്കുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സാധാരണഗതിയില്‍ പ്രസിഡന്റിന്റെ നിയമനങ്ങള്‍ സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തി ട്രംപ് അത് മറികടക്കുമെന്നാണ് സംസാരം.