ലണ്ടന്‍: ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ആഗോള ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ നിയമനടപടിക്ക് ഒരുങ്ങി നൂറ് കണക്കിന് ബ്രിട്ടീഷ് വനതികള്‍. ശരീര ദുര്‍ഗന്ധം അകറ്റുന്നതിന് വേണ്ടി അവര്‍ ഉപയോഗിച്ച കമ്പനി ഉത്പ്പന്നമായ ടാല്‍ക്കം പൗഡര്‍ കാരണം തങ്ങള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ചു എന്നാണ് അവര്‍ ആരോപിക്കുന്നത്. രണ്ടായിരത്തോളം ക്യാന്‍സര്‍ രോഗികളും അവരുടെ ബന്ധുക്കളുമാണ് നിയമപോരാട്ടത്തിന് തയ്യാറായിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ബ്രിട്ടനില്‍ കേസില്‍ ഉള്‍പ്പെടുന്നത്.

എന്നാല്‍ അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പേരില്‍ ആയിരക്കണക്കിന് കേസുകളാണ് ഉളളത്. ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നൂറുകണക്കിന് കോടി ഡോളറാണ് കമ്പനി നല്‍കുകയും ചെയ്തിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ പറയുന്നത് കമ്പനി പുറത്തിറക്കിയ ടാല്‍ക്കം പൗഡറില്‍ ക്യാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസ് രാസവസ്തു അടങ്ങിയിട്ടുണ്ട് എന്നാണ്. ഇത് വ്യക്തമായി അറിയാമായിരുന്ന കമ്പനി ഇക്കാര്യം മറച്ചു വെയ്ക്കുകയായിരുന്നു എന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. പരാതി നല്‍കിയവര്‍ വാസ്തവം അവഗണിക്കുകയാണ് എന്നാണ് അവരുടെ വാദം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചത് കാരണം ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ചു എന്ന പരാതി നല്‍കിയ ലിന്‍ഡാ ജോണ്‍സിന് കഴിഞ്ഞ നവംബറിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇനി വളരെ കുറച്ച് വര്‍ഷം മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു കമ്പനിയുടെ ഡയറക്ടറായ അവര്‍ പറയുന്നത് താന്‍ കൊച്ചുകുട്ടിയായിരുന്ന 1950കള്‍ മുതല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ പൗഡര്‍ ഉപയോഗിച്ചു തുടങ്ങിയതാണെന്നാണ്.

കമ്പനിയുടെ പരസ്യങ്ങള്‍ വിശ്വസിച്ചാണ് തന്റെ കുടുംബം കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ അതിന് കാരണമായത് ഈ ടാല്‍ക്കം പൗഡറാണെന്ന് താന്‍ കരുതിയിരുന്നില്ലെന്നും അമേരിക്കയില്‍ ഇത് സംബന്ധിച്ച കേസുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് പൗഡറിലെ ആസ്ബസ്റ്റോസ് ആണ് അത് ഉപയോഗിച്ചവരില്‍ ഗര്‍ഭാശയ ക്യാന്‍സറിന് ഇടയാക്കിയതെന്ന് മനസിലാക്കിയതെന്നും ലിന്‍ഡാ ജോണ്‍സ് വ്യക്തമാക്കി.

സ്വന്തം കുട്ടികള്‍ക്ക് അമ്മയെ നഷ്ടപ്പെടുമെന്നും തനിക്ക് പേരക്കുട്ടികളെ കാണാന്‍ കഴിയില്ലെന്നും അവര്‍ വേദനയോടെ പറയുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല ഈ പൗഡര്‍ ഉപയോഗിക്കുന്ന കുഞ്ഞുങ്ങളുടേയും ആരോഗ്യത്തിന് ഹാനികരമായ ഈ പൗഡര്‍ വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കണമെന്ന് ലിന്‍ഡാ ജോണ്‍സ ആവശ്യപ്പെടുന്നു. പതിറ്റാണ്ടുകളായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഉപയോഗിക്കുന്നതാണ്.

ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും ഉത്തമമാണ് ഈ പൗഡര്‍ എന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. കമ്പനി 2020 ല്‍ തന്നെ അമേരിക്കയില്‍ ഈ പൗഡറിന്റെ

വില്‍പ്പന നിര്‍ത്തി വെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രിട്ടനിലും വില്‍പ്പന അവസാനിപ്പിച്ചിരുന്നു. ഇതിന് കമ്പനി നല്‍കിയ വിശദീകരണം സാമ്പത്തിക പ്രശ്നങ്ങളും ഉത്പ്പന്നത്തെ കുറിച്ച് ഇറങ്ങിയ തെറ്റായ വാര്‍ത്തകളുമാണ് എന്നായിരുന്നു. അമേരിക്കയില്‍ അറുപത്തിരണ്ടായിരം പേരാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്.

ഇവര്‍ക്കെല്ലാം കൂടി 13 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും നല്‍കിയിരുന്നു. അതേ സമയം കമ്പനി ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയാണ്. ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് തങ്ങള്‍ എല്ലാ ഉത്പ്പന്നങ്ങളും നിര്‍മ്മിക്കുന്നതെന്നും തങ്ങള്‍ക്ക് എതിരെ പലരും നല്‍കിയ കേസുകള്‍ അമേരിക്കയില്‍ തള്ളിപ്പോയ കാര്യവും കമ്പനി ചൂണ്ടിക്കാട്ടുന്നു.