വത്തിക്കാന്‍: ജീവിതത്തില്‍ എക്കാലത്തും ലാളിത്യത്തിന്റെ വക്താവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അത്യാഡബരം നിറഞ്ഞ വത്തിക്കാനിലെ കൊട്ടാരത്തിലും അദ്ദേഹം ലളിത ജീവിതമാണ് നയിക്കുന്നത്. ജീവിതത്തില്‍ ആഡംബരത്തെ തള്ളിക്കളഞ്ഞ മാര്‍പ്പാപ്പ ഇപ്പോള്‍ മരണത്തിലു താന്‍ ലാളിത്യം ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കിക്കഴിഞ്ഞു.

സാധാരണയായി സൈപ്രസ്, ഓക്ക്, വാക എന്നീ മരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മൂന്ന് പെട്ടികള്‍ക്കുള്ളിലായിട്ടാണ് മാര്‍പ്പാപ്പമാരെ അടക്കം ചെയ്യുന്നത്. എന്നാല്‍ ഈ ആചാരം തനിക്ക് വേണ്ടെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് അന്ത്യവിശ്രമത്തിനായി തടിപ്പെട്ടി മതിയെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതി ദീര്‍ഘമായ പൊതുദര്‍ശനം, മണിക്കൂറുകളോളം നീളുന്ന അന്ത്യോപചാര ചടങ്ങുകള്‍ ഇവയൊന്നും പാടില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.

എണ്‍പത്തിയെട്ടു വയസുകാരനായ മാര്‍പ്പാപ്പയെ പ്രയാത്തിന്റേതായ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നു എങ്കിലും പല രാജ്യങ്ങളിലേക്കും അദ്ദേഹം ദീര്‍ഘമായ സന്ദര്‍ശനങ്ങള്‍ നടത്തിക്കഴിഞ്ഞു. മുന്‍ മാര്‍പ്പാപ്പമാരെ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസലിക്കയ്ക്ക് പകരം റോമില്‍ തന്നെയുള്ള സെന്റ് മേരി മേജര്‍ പള്ളിയില്‍ തന്നെ സംസ്‌ക്കരിച്ചാല്‍ മതിയെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു.

മാര്‍പ്പാപ്പമാര്‍ അന്തരിച്ചാല്‍ അവരെ സംസ്്ക്കരിക്കുന്നത് എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച വത്തിക്കാന്റെ ഗ്രന്ഥത്തില്‍ ഇത്തരം കാര്യങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താറുണ്ട്. ക്രിസ്തുദേവന്റെ ശിഷ്യനായ ഒരാളിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ഒരു ഇടയന് തുല്യമായ രീതിയില്‍ ആയിരിക്കണം നടത്തേണ്ടത് അല്ലാതെ ശക്തനായ ഭരണാധികാരിയുടേയത് പോലെ ആകരുത് എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാട്.

മാര്‍പ്പാപ്പയുടെ സംസ്‌ക്കാരം സംബന്ധിച്ച ഈ പുതിയ തീരുമാനങ്ങള്‍ക്ക് കഴിഞ്ഞ ഏപ്രില്‍ 29 നാണ് മാര്‍പ്പാപ്പ അനുമതി നല്‍കിയത്. ഈ മാസം നാലിന് ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുതിയ ഗ്രന്ഥം ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൈപ്പറ്റുകയും ചെയ്തു.മാര്‍പ്പാപ്പയുടെ ഭൗതികദേഹം കിടത്തിയിരിക്കുന്ന പെട്ടിക്ക് ചുറ്റും വന്‍ അലങ്കാരങ്ങള്‍ പാടില്ലെന്നാണ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശം.

മാര്‍പ്പാപ്പയായി ചുമതലയേറ്റത് മുതല്‍ അങ്ങേയറ്റം ലളിതമായ ജീവിതമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നയിക്കുന്നത്. ചെറിയ കാറുകളിലാണ് അദ്ദേഹം സഞ്ചരിക്കുന്നതും. മാര്‍പ്പാപ്പ ആകുന്നതിന് മുമ്പും സഭയില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്ന കാലഘട്ടത്തിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എളിയ രീതിയില്‍ തന്നെയാണ് ജീവിച്ചത്. ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. അതിന്റെ തുടര്‍ച്ചയായി മാര്‍പ്പാപ്പ ആയപ്പോഴും അദ്ദേഹം ലാളിത്യം തന്നെയാണ് മുഖമുദ്രയാക്കിയത്.