- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് എസ്ഡിപിഐ വോട്ടില്ലാതെ കോണ്‍ഗ്രസിന് പച്ച തൊടാന്‍ കഴിയില്ലെന്ന് പറയാന്‍ നിങ്ങളുടെ റിപ്പോര്‍ട്ടര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്? സ്മൃതി, ഇനി ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും; റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തട്ടിക്കയറി ജ്യോതികുമാര്‍ ചാമക്കാല; ബഹിഷ്കരണ ഭീഷണി മുഴക്കി കുറിപ്പും
റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ തട്ടിക്കയറി ജ്യോതികുമാര്‍ ചാമക്കാല
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൊടുത്തു എന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാടിനോട് ഉടക്കിട്ട് ജ്യോതികുമാര്‍ ചാമക്കാല. റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചതാണെന്നും ഇനിയും ഉപദ്രവിച്ചാല്‍ ബഹിഷ്‌കരിക്കുമെന്നും ചാമക്കാല മുന്നറിയിപ്പ് നല്‍കി. എസ്ഡിപിഐ പിന്തുണയില്ലാതെ കോണ്‍ഗ്രസ് പാലക്കാട് പച്ച തൊടില്ലെന്ന് ഒരു റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ പരാമര്‍ശിച്ചതാണ് ജ്യോതികുമാര്‍ ചാമക്കാല ആവര്‍ത്തിച്ച് എടുത്തുപറഞ്ഞത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കാന്‍ തനിക്ക് സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റം ഉണ്ടായി. ഒടുവില്‍ ഇനിയും ആവര്‍ത്തിച്ചാല്‍ തങ്ങള്‍ ബഹിഷ്‌കരിക്കും എന്ന മുന്നറിയിപ്പോടെയാണ് ജ്യോതികുമാര്‍ ചാമക്കാല ചര്‍ച്ചയ്ക്ക് വഴങ്ങിയത്.
ഇതിന് പുറമേ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ റിപ്പോര്‍ട്ടറിന്റെ മുന്‍ ചീഫ് എഡിറ്റര്‍ എം വി നികേഷ് കുമാറിനെയും ചാമക്കാല വിമര്‍ശിച്ചു. 'റിപ്പോര്‍ട്ടറിന്റെ പഴയ ചാനല്‍ മുതലാളി പാലക്കാട് എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വന്നതുകൊണ്ട് അദ്ദേഹം പടച്ചുണ്ടാക്കുന്ന കള്ളങ്ങളും കുതന്ത്രങ്ങളും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എതിരെ ദിവസേനെ ലീഡ് വാര്‍ത്തയായി കൊടുത്തതിനെ മാധ്യമ പ്രവര്‍ത്തനം എന്നല്ല പറയേണ്ടത്, മറ്റ് പേരാണ്...'
ജ്യോതികുമാര്‍ ചാമക്കാല-സ്മൃതി പരുത്തിക്കാട് സംവാദം ഇങ്ങനെ:
ജ്യോതികുമാര്‍ ചാമക്കാല: സ്മൃതി, ഞാന്‍ ആ ചര്‍ച്ചയിലേക്ക് വരും മുമ്പ്, നിങ്ങള്‍ പലരുടെയും തെറ്റുകളെ കുറിച്ച് ചൂണ്ടി കാണിച്ചു. നിങ്ങളുടെ ചാനലിനുണ്ടായ തെറ്റിനെ കുറിച്ച് ഈ നിമിഷം വരെ നിങ്ങള്‍ ചൂണ്ടി കാണിക്കുന്നില്ല. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍, ഞങ്ങള്‍ ഇടതുപക്ഷത്തെയും ബിജെപിയെയും നേരിടുന്നതോടൊപ്പം തന്നെ, ഞങ്ങള്‍ നേരിടേണ്ടി വന്ന ചാനലാണ് റിപ്പോര്‍ട്ടര്‍. അത് പറയാതിരിക്കുന്നതിന് ഒരു കാരണവുമില്ല. പറഞ്ഞിട്ടേ മുന്നോട്ടുപോകാനാവൂ. ഞങ്ങള്‍ നിങ്ങളെ ബഹിഷ്‌കരിക്കാന്‍ വരെ തീരുമാനിച്ചതാണ്. പക്ഷേ ജനാധിപത്യ മര്യാദയുടെ ഭാഗമായി നിങ്ങളോട് പറയാന്‍ ഉള്ളത് നിങ്ങളുടെ ചാനലില്‍ വന്നു പറഞ്ഞിട്ടാകാം തീരുമാനം എന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്.
ഔദ്യോഗികമായി പാര്‍ട്ടിക്ക് വേണ്ടി തന്നെ പറയുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഞങ്ങളെ ഏറ്റവും അധികം ഉപദ്രവിച്ചത്, കാരണവുമില്ലാതെ ഉപദ്രവിച്ചത് റിപ്പോര്‍ട്ടര്‍ ചാനലാണ്. തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ക്ക് എന്തൈല്ലാം ദോഷമുണ്ടാക്കാന്‍ കഴിയുന്നോ അതെല്ലാം ഉണ്ടാക്കുന്ന നിലയിലായിരുന്നു നിങ്ങളുടെ നിലപാടുകള്‍, നടപടികള്‍, നിങ്ങളുടെ മുന്നോട്ടുള്ള പോക്കുകള്‍. അതിന് ഒട്ടനവധി ഉദാഹരണങ്ങള്‍ ഞങ്ങളുടെ കൈവശമുണ്ട്. വേണമെങ്കില്‍ നിങ്ങളുമായി സംവദിക്കാന്‍ തയ്യാറാണ്. നിങ്ങള്‍ ഞങ്ങളോട് കാണിച്ച പാതകങ്ങളെ കുറിച്ച് എണ്ണിയെണ്ണി പറയാന്‍ തയ്യാറാണ്.
ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരുധര്‍മ്മമുണ്ട്, ഇന്‍ഡിപെന്റന്റായിരിക്കണം, പറയുന്ന കാര്യങ്ങളില്‍ വസ്തുതകള്‍ ഉണ്ടായിരിക്കണം. ഇന്നുപോലും എസ്ഡിപിഐ പ്രകടനം നടത്തിയിട്ടുണ്ട്, അവര്‍ക്ക് പ്രകടനം നടത്താം. ഞങ്ങള്‍ക്ക് വോട്ട് ചെയ്തത് എസ് ഡി പി ഐക്കാര്‍ മാത്രമല്ല, നഗരസഭയില്‍ ഞങ്ങള്‍ക്ക് 5000 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ബിജെപിക്കാര്‍ വോട്ടുചെയ്തിട്ടില്ലേ, സിപിഎമ്മുകാര്‍ വോട്ടുചെയ്തിട്ടുണ്ട്. പലരും വോട്ട് ചെയ്തിട്ടുണ്ടാകാം.
പക്ഷേ നിങ്ങളുടെ റിപ്പോര്‍ട്ടര്‍ റോഷി പാല്‍ നിങ്ങളുടെ ചാനലിലൂടെ പരസ്യമായി പറഞ്ഞത് എന്താണ്? നിങ്ങളത് തിരുത്തുമോ? ഞാനത് വായിക്കാം. എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കാതെ മുന്നോട്ടുപോകുക സാധ്യമല്ല യുഡിഎഫിന്. ശരിയാണോ നിങ്ങളുടെ വാചകം? നിങ്ങള്‍ ഇന്നു എയര്‍ ചെയ്ത വാചകമാണ്. നിഷേധിക്കാമോ? പാലക്കാട് വിജയിക്കണമെങ്കില്‍, കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ടുമാത്രം സാധിക്കില്ല. മതേതര എസ്ഡിപിഐ വോട്ടുവേണം. എങ്കില്‍ മാത്രമേ പാലക്കാട് പച്ച തൊടാന്‍ യുഡിഎഫിന് കഴിയൂ. നിങ്ങളുടെ റിപ്പോര്‍ട്ടര്‍ റോഷി പാല്‍ പറഞ്ഞതാണ്. അയാള്‍ക്ക് ആരാ അതിന് ധൈര്യം കൊടുത്തത്. എന്ത് അധികാരത്തിന്റെ പുറത്താണ് അദ്ദേഹം അതുപറഞ്ഞത്? മര്യാദ വേണ്ടേ, മാധ്യമ പ്രവര്‍ത്തനം ആണെന്ന് പറഞ്ഞിട്ട്. എന്തും പറയാമെന്നാണോ?
ട്രോളി ബാഗുമായി ബന്ധപ്പെട്ട് നിങ്ങളുടെ നടപടിക്രമങ്ങളെ കുറിച്ച്...നേരം വെളുത്താല്‍ വൈകുന്നേരം വരെയും യുഡിഎഫിന് എതിരെയും, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെയും കിംവദന്തികള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ നിങ്ങളെ ബോയ്‌ക്കോട്ട് ചെയ്തതാണ്. സ്മൃതി വീണ്ടും കത്തുതന്നതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചയിലേക്ക് തിരിച്ചുവന്നത്.
സ്മൃതി: ഞാന്‍ ഒന്നിടപെട്ടോട്ടെ, ശ്രീ ജ്യോതികുമാര്‍ ചാമക്കാല. നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാവുന്ന സമയമല്ല ഇത്. ചര്‍ച്ചാ സമയമാണല്ല, മാത്രമല്ല, ഞങ്ങള്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട്്...
ജ്യോതികുമാര്‍ ചാമക്കാല: നിങ്ങള്‍ സമയം തീരുമാനിച്ചോളു..ഞങ്ങള്‍ വരാം
സ്മൃതി - ഒരു മിനിറ്റ്, ജ്യോതി കുമാര്‍ ചാമക്കാല, സമാധാനമായിരിക്കു..
ജ്യോതികുമാര്‍: അങ്ങനെ പോകാന്‍ പറ്റില്ലല്ലോ..പോകാന്‍ പാടില്ലല്ലോ..അങ്ങനെയാണെങ്കില്‍, എനിക്ക് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നേ.. നോക്കൂ..ഞങ്ങള്‍ക്ക് പച്ച തൊടണമെങ്കില്‍, എസ്ഡിപിഐയുടെ പിന്തുണ വേണം എന്നുപറയാന്‍ റോഷി പാലിനെ ആരാണ് ചുമതലപ്പെടുത്തിയത്? എവിടുത്തെ റിപ്പോര്‍ട്ടര്‍ ആണ് അദ്ദേഹം?
സ്മൃതി: ഒരുമിനിറ്റ് ചാമക്കാല, ഒരു റിപ്പോര്‍ട്ടറുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്ന ഒരു പ്രയോഗം മാത്രമാണ്..അങ്ങനെ പോകാനാവില്ല എന്നുതന്നെയാണ് എനിക്കും പറയാനുള്ളത്. ഇത്രയും നേരം ഇത്രയും ദിവസം വിഷയങ്ങളില്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍ ഏകപക്ഷീയമായിരുന്നു എന്ന് താങ്കള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റുമോ? അങ്ങനെയാണോ? പാലക്കാട്, ചേലക്കര രാഷ്ട്രീയമൊക്ക കൃത്യമായി നിരീക്ഷിക്കുന്നവര്‍ തന്നെയാണ് ഇവിടെ തലപ്പത്തുള്ളത് ജ്യോതികുമാര്‍ ചാമക്കാല. ഒരു റിപ്പോര്‍ട്ടറുടെ ഭാഗത്ത് നിന്നു വന്നിരിക്കുന്ന പ്രയോഗത്തിന്റെ ഏതെങ്കിലും ഭാഗം എടുത്ത്, പാകപ്പിഴള്‍ ഇല്ലാതെയാണ് എല്ലാ റിപ്പോര്‍ട്ടര്‍മാരും എല്ലാ വരികളും പറയുക എന്നുവരില്ല..ഞങ്ങള്‍ നടത്തുന്ന എല്ലാ ചര്‍ച്ചകളും ഏകപക്ഷീയമെന്ന് താങ്കള്‍ കരുതുന്നോ? അങ്ങനെയാണോ നമ്മള്‍ ചര്‍ച്ച തുടങ്ങുന്നത്? ജ്യോതികുമാര്‍ ചാമക്കാല നമുക്ക് വിഷയത്തിലേക്ക് വരാം.
ജ്യോതികുമാര്‍ ചാമക്കാല: ഞാനീ വിഷയവുമായി ബന്ധപ്പെട്ട് എന്റെ പാര്‍ട്ടിക്ക് പറയാനുള്ള കാര്യം, ഈ ചര്‍ച്ചയില്‍ പറയാന്‍ അനുവദിക്കുന്നില്ലെങ്കില്‍ എനിക്ക് തുടരാന്‍ താല്‍പര്യമില്ല
സ്മൃതി: നമ്മള്‍ ഏഴുമണി മുതല്‍ ചര്‍ച്ച നടത്തുന്നതാണ്...8 മണിക്ക് ഞാന്‍ വന്ന്‌പ്പോഴാണോ പാര്‍്ട്ടി നിലപാട് പറയാന്‍ വരുന്നത്്
ജ്യോതികുമാര്‍: ഞാനിപ്പോഴാണ് 8 മണിക്കാണ് ചര്‍ച്ചയ്ക്ക് വന്നത്.
സ്മൃതി: ഞാനെന്ന വ്യക്തിയില്ലല്ലോ, പാര്‍ട്ടി നിലപാടാണല്ലോ. 8 മണിക്കുണ്ടായതാണോ പാര്‍ട്ടി നിലപാട്. ഇതിന് മുമ്പ് ചര്‍ച്ചയുണ്ടായി. എല്ലാവരും നന്നായി സംസാരിച്ചു. ഇപ്പോള്‍ 8 മണിക്ക് ഇങ്ങനെയൊരു ആരോപണം വന്നത് എന്തുകൊണ്ടാണ്? ഒരുപക്ഷവും പിടിക്കാതെ കൃത്യമായ വിശകലനമേ ഞാന്‍ നടത്തിയിട്ടുള്ളു
ജ്യോതികുമാര്‍: ഞാന്‍ സ്മൃതി പരുത്തിക്കാടിനെ കുറിച്ചല്ല, റിപ്പോര്‍ട്ടര്‍ ചാനലിനെ കുറിച്ചാണ് ..താങ്കള്‍ ഒച്ചവയ്‌ക്കേണ്ടാ..ഞാനിവിടെ തുടരണോ വേണ്ടയോ..
സ്മൃതി: റിപ്പോര്‍ട്ടറിന് കോണ്‍ഗ്രസിന് എതിരായ നിലപാടൊന്നും ഇല്ല. അങ്ങനെ ഒരു നിലപാടൊന്നും പോയിട്ടില്ല.
ജ്യോതികുമാര്‍: ഞാന്‍ പറയാനുള്ളത് ഞാനാ പറയേണ്ടത്. നിങ്ങളല്ല പറയേണ്ടത്. എന്റെ പാര്‍ട്ടിയുടെ അഭിപ്രായം ഞാന്‍ പറയുക തന്നെ ചെയ്യും. താങ്കള്‍ക്ക് സൗകര്യം ഉണ്ടേല്‍ കേട്ടാല്‍ മതി. താങ്കള്‍ക്ക് തീരുമാനിക്കാം. എന്റെ ഭാഗം കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഞാന്‍ പോയേക്കാം. എനിക്കൊരു തര്‍ക്കവുമില്ല.
സ്്മൃതി: ചാനലുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ പറ്റില്ല. താങ്കളുടെ തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് പറയാന്‍ ഉണ്ടെങ്കില്‍ പറയാം. ഖേദകരമാണ്. വളരെ വിഷമമുണ്ട്, ഇങ്ങനെ പ്രതികരിക്കുന്നതില്‍. ഇതുശരിയായ രീതിയല്ല.
ജ്യോതികുമാര്‍: ഇങ്ങനെ തന്നെ പ്രതികരിക്കും. ഞാന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അല്ലേ സംസാരിക്കുന്നത്. എസ്ഡിപിഐ പിന്തുണയില്ലെങ്കില്‍ പച്ച തൊടില്ല എന്നുനിങ്ങളുടെ റിപ്പോര്‍ട്ടര്‍ പറഞ്ഞത് ശരിയാണോ? മറുപടി പറയു. ഇന്നലെ എഡിറ്റേഴ്‌സ് അവര്‍ നടത്തിയില്ലേ? പ്രിയങ്ക ഗാന്ധിയെ..ഞങ്ങള്‍ ബോയ്‌ക്കോട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍, നിങ്ങളുടെ മാനേജ്‌മെന്റില്‍ നിന്നുള്‍പ്പടെ ഞങ്ങളെ വിളിച്ചിട്ടുണ്ട്.ആ തീരുമാനം മാറ്റിയിട്ടുണ്ട്. എന്നിട്ടും ഇരുന്നു. ഇന്നും ആവര്‍ത്തിക്കുന്നു. അപ്പോ, കഴിഞ്ഞ കാര്യമല്ല, ഇനി ആവര്‍ത്തിക്കരുത്. ഇനി ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കും. ഒരുതര്‍ക്കവുമില്ല. ഞങ്ങള്‍ക്കൊരുമടിയുമില്ല. ഞങ്ങള്‍ നേരത്തെയും ചെയ്തിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ സ്്മൃതി പരുത്തിക്കാടിനോടുള്ള ഓര്‍മ്മപ്പെടുത്തലാണ്.
ഇതുമായി ബന്ധപ്പെട്ട് ജ്യോതികുമാര്‍ ചാമക്കാല ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കൂടി വായിക്കാം
പറഞ്ഞേ പോകൂ, കോണ്‍ഗ്രസ്-യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ തൊടാന്‍ ഒരു ചാനല്‍ അല്ല, ഏത് ചാനേഷ് കുമാരന്‍ നോക്കിയാലും പറഞ്ഞുതന്നെ പോകൂ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മാധ്യമ മര്യാദയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിച്ച റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഫ്‌ലോറില്‍ തന്നെ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്.....
റിപ്പോര്‍ട്ടറിന്റെ പഴയ ചാനല്‍ മുതലാളി പാലക്കാട് എല്‍.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വന്നതുകൊണ്ട് അദ്ദേഹം പടച്ചുണ്ടാക്കുന്ന കള്ളങ്ങളും കുതന്ത്രങ്ങളും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എതിരെ ദിവസേനെ ലീഡ് വാര്‍ത്തയായി കൊടുത്തതിനെ മാധ്യമ പ്രവര്‍ത്തനം എന്നല്ല പറയേണ്ടത്, മറ്റ് പേരാണ്
മാധ്യമ പ്രവര്‍ത്തനം എന്ന പേരില്‍ നടത്തുന്ന ഇത്തരം അധമ മാമ പ്രവര്‍ത്തനത്തിന് എതിരെ കോണ്‍ഗ്രസ് എന്ന ജനകീയ പ്രസ്ഥാനത്തിന്റെ അവസാന താക്കീതാണിത്...സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യവും തോക്കും കോലും ഭീരങ്കിയും തൂക്കുകയറുമായി നിന്ന ബ്രിട്ടീഷുകാരന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കിയ ചരിത്രം കോണ്‍ഗ്രസിന് ഇല്ല, പിന്നെയാണോ സ്വന്തം പിതാവിനോട് മരണം വരെ രാഷ്ട്രീയ അനീതി ചെയ്തവരുടെ കാല് നക്കുന്നവരോട്..
ഉറപ്പിച്ചും തറപ്പിച്ചുമാണ് പറയുന്നത്, ഇത് കോണ്‍ഗ്രസാണ് ഹേ, തെരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം നിലപാടില്‍ കാരിരുമ്പിന്റെ കരുത്തുള്ള ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാരുടെ ചൂടുള്ള വാക്കാണ് - അച്ഛന്റെ അഭിമാനം മറന്ന് അധികാരത്തിന് വേണ്ടി അടിമപ്പണി ചെയ്യുന്ന 'പാലക്കാട്ടെ സ്ട്രാറ്റജിയില്‍ പതിനെട്ട് നിലയില്‍ പൊട്ടിയ ചാനേഷ് കുമാരനും അതിന് ഓശാരം ചെയ്യുന്ന റിപ്പോര്‍ട്ടര്‍ ചാനലും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഓര്‍ത്താല്‍ നിങ്ങള്‍ക്ക് നന്ന്'..
ജ്യോതികുമാര്‍ ചാമക്കാല