എരുമേലി: കോരിച്ചൊരിയുന്ന മഴയത്ത് അയ്യപ്പ ഭക്തര്‍ നനഞ്ഞു കുളിച്ച് നടന്നിട്ടും ദേവസ്വം ബോര്‍ഡിന്റെ ക്രൂരത. വിരിപന്തല്‍ മഴ ശക്തമായിട്ടും തുറന്ന് കൊടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മുന്നൂറോളം പേര്‍ക്ക് കിടക്കാന്‍ കഴിയുന്ന ഷെല്‍ട്ടര്‍ ആണ് ദേവസ്വം ബോര്‍ഡ് താഴിട്ട് പൂട്ടിയത്. രാവിലെ മുതല്‍ പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്. നിലവില്‍ വിരിവയ്ക്കാന്‍ സ്ഥലം ഇല്ലാതെ ദുരിതത്തിലാണ് ഭക്തര്‍.

അഞ്ച് വര്‍ഷം മുമ്പ് ക്ഷേത്രത്തിന് സമീപമുള്ള നടപ്പന്തല്‍ പൊളിച്ച് പകരം കെട്ടിടം നിര്‍മ്മാണം നടക്കുകയാണ്. ഇതോടെ ദേവസ്വം ഷെല്‍ട്ടറില്‍ വിരിവയ്ക്കാന്‍ പരിമിതമായ സ്വൗകര്യം മാത്രമേയുള്ളൂ. അതിനിടയില്‍ ഷെല്‍ട്ടര്‍ തുറന്ന് നല്‍കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. നനഞ്ഞു കുളിച്ചാണ് അയ്യപ്പന്‍മാര്‍ നടക്കുന്നത്. ഷെല്‍ട്ടര്‍ തുറന്നു നല്‍കാത്തതോടെ പ്രതിഷേധം ഉയര്‍ന്നു.

അതേ സമയം പുല്ലുമേട് പാതയിലൂടെ ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകര്‍ കനത്ത മഴയെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയിരുന്നു. കഴുതക്കുഴി ഭാഗത്ത് 12 പേര്‍ ആണ് കുടുങ്ങിയത്. പാതയില്‍ വഴുക്കി വീണ് ഇതില്‍ 2 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഈ പ്രദേശത്തുള്ള വനം വകുപ്പ് ജീവനക്കാര്‍ വിവരം വനം വകുപ്പ് കണ്‍ട്രോള്‍ ഓഫിസില്‍ അറിയിച്ചു. സന്നിധാനത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും ദുരന്ത നിവാരണ സേനയും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ഇവരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു . സാരമായി പരുക്കേറ്റവരെ സ്ട്രക്ചറിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം, മഴ കനത്തതോടെ പമ്പയില്‍ അതീവ ജാഗ്രതയിലാണ്. ത്രിവേണിയില്‍ സംഗമിക്കുന്ന പമ്പ, കക്കി നദികളില്‍ നീരൊഴുക്ക് ശക്തമാണ്. കക്കിയാറ്റിലൂടെ വെള്ളം കലങ്ങിയാണ് വരുന്നത്. അതിനാല്‍ തീര്‍ഥാടകര്‍ പുണ്യസ്‌നാനം നടത്തുന്ന ഭാഗത്തെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജലസേചന വകുപ്പിന്റെ ത്രിവേണി പമ്പ് ഹൗസ്, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകള്‍ തുറന്നു വിട്ട് വെള്ളം ഒഴുക്കി കളഞ്ഞു.

ശബരിമല എഡിഎം അരുണ്‍ എസ്.നായരുടെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം പമ്പയില്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. നദിയിലെ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്താല്‍ തീര്‍ഥാടകര്‍ സ്‌നാനത്തിന് ഇറങ്ങുന്നത് തടയാനാണ് തീരുമാനം. ഒഴുക്ക് ശക്തമായാല്‍ സ്‌നാനത്തിന് ഇറങ്ങുന്നത് അപകടമാണ്.

നദിയിലെ ജലനിരപ്പ് നിരീക്ഷിച്ച് വേണ്ട ക്രമീകരണങ്ങള്‍ക്കായി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ത്രിവേണി പമ്പ് ഹൗസ്, ആറാട്ട് കടവ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും ക്യാംപ് ചെയ്യുന്നു. അഗ്‌നി രക്ഷാ സേന, ദുരന്ത നിവാരണ സേന, പൊലീസ് എന്നിവരും നിരീക്ഷണം ശക്തമാക്കി. കൂടാതെ റവന്യു ഉദ്യോഗസ്ഥരും ഇടയ്ക്കിടെ പമ്പാ മണപ്പുറം, ത്രിവേണി, ആറാട്ട് കടവ് എന്നിവിടങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.

തമിഴ്‌നാട്ടിലെ ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി ശബരിമല മേഖലയില്‍ 4 ദിവസം മഴ ഉണ്ടാകുമെനാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് . ഇതുകൂടി പരിഗണിച്ചാണ് പമ്പയില്‍ അതീവ ജാഗ്രത പാലിക്കുന്നത്.