- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ വിധി ശരിവെച്ചു സുപ്രീംകോടതി; ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുമെന്ന് കോടതി; ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി; സഖാക്കള്‍ക്ക് തോന്നിയപടി സര്‍ക്കാര്‍ ജോലി നല്കുന്ന പിണറായി സര്‍ക്കാര്‍ നയത്തിന് കനത്ത പ്രഹരം
കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ വിധി ശരിവെച്ചു
ന്യൂഡല്‍ഹി: അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനം നല്‍കിയത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുമെന്ന ചോദ്യം ഉന്നയിച്ച സുപ്രീം കോടതി ഹൈക്കോടതി വിധിക്ക് എതിരായ സര്‍ക്കാര്‍ അപ്പീല്‍ തള്ളുകയായിരുന്നു. പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം നല്‍കിയത്.
2018 ലാണ് അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കിയത്. പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്‍ഡ് എഞ്ചിനിയറായി ഗസറ്റഡ് റാങ്കിലായിരുന്നു എഞ്ചിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിന്റെ നിയമനം. ചട്ടവിരുദ്ധമായി നടത്തിയ ഈ നിയമനം ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ആണ് നേരത്തെ റദ്ദാക്കിയത്. ചട്ടങ്ങള്‍ ലംഘിച്ചു നടത്തിയ ആശ്രിത നിയമനം ചോദ്യം ചെയ്ത് പാലക്കാട് സ്വദേശിയായ അശോക് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
ചട്ട വിരുദ്ധമായി പൊതുമരാമത്ത് വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് നടത്തിയ നിയമനമാണ് കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കോടതിയുടെ നിരീക്ഷണം. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എ യുടെ മകന്‍ ഉള്‍പ്പെടെ ആശ്രിത നിയമനം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഒരു മുന്‍ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.
അതേസമയം, പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. 2018 ജനുവരിയിലായിരുന്നു കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ആശ്രിത നിയമനം നല്‍കിയത്.
ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സര്‍വീസ് ചട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതി മുമ്പ് നിര്‍ദേശിച്ചത്.
എംഎം എല്‍ എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വ ഇന്ദുലേഖ ജോസഫും, അഡ്വ ശബരിനാഥും ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം അംഗീകരിച്ച ഹൈക്കോടതി നിയമനം റദ്ദാക്കുകയായിരുന്നു. എന്നാല്‍ നിര്‍ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം അധികാരം വിനിയോഗിച്ചാണ് നിയമനം നല്‍കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
2018 ലെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ജോലി നല്‍കിയതെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശദീകരിച്ചിരുന്നു. മുന്‍ എം എല്‍ എ യുടെ മകന് ചട്ടങ്ങള്‍ ലംഘിച്ച് വ്യവസ്ഥകളില്‍ ഇളവ് വരുത്തി നല്‍കിയ നിയമനം ഹൈക്കോടതി റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചതോടെ നിയമന വിവാദങ്ങളിലകപ്പെട്ട സര്‍ക്കാരിനിതൊരു താക്കീതു കൂടിയാണ്.
പി എസ് സി സി റാങ്ക് ലിസ്റ്റില്‍ പെട്ട നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ആണ് നിയമനം കാത്തു കഴിയുന്നത്. അനര്‍ഹമായ നിയമങ്ങള്‍ക്കെതിരെ ഇവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരവും നടത്തിയിരുന്നു. അതിനിടയിലാണ് ആശ്രിത നിയമനത്തിന്റെ പേരില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാറിന്റെ രീതികളും പുറത്തുവന്നത്. കെ കെ രാമചന്ദ്രന്റെ മകന്റെ നിയമനം സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെയും മറികടന്ന് പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നിലപാടിന് കോടതിയില്‍ കനത്ത പ്രഹരം കൂടിയായി സുപ്രീം കോടതിയുടെ ഇടപെടല്‍.