- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാവങ്ങളുടെ മിശിഹായായി അഭിനയം; പദവി ഉപയോഗിച്ച് സമ്പാദിക്കുന്നത് കോടികള്‍; ജീവിതം പ്രൈവറ്റ് ജെറ്റിലും അത്യാഡംബരത്തിലും; ധരിക്കുന്ന വസ്ത്രങ്ങള്‍ കണ്ണ് ചിമ്മിക്കുന്നത്: ഹരിയുടെയും മെഗാന്റെയും ഇരട്ടത്താപ്പിനെ കുറിച്ച് ജര്‍മന്‍ ഡോകുമെന്ററി
ലണ്ടന്‍: ബ്രിട്ടണിലെ കൊട്ടാരം വിട്ടോടി പാവങ്ങളുടെ മിശിഹയായി സ്വയം അവരോധിച്ച ഹാരി രാജകൂമാരനും പത്‌നി മേഗനും കപടനാട്യക്കാരാണെന്ന ആരോപണവുമായി ഒരു ജര്‍മ്മന്‍ ഡോക്യുമെന്ററി. അമേരിക്കയില്‍ ആഡംബര ജീവിതം ആസ്വദിച്ചുകൊണ്ടാണ് അവരുടെ കപടനാടകങ്ങള്‍ എന്ന് ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നു. 'ഹാരി: ദി ലോസ്റ്റ് പ്രിന്‍സ്' എന്ന ഡോക്യുമെന്ററി, ജീവകാരുണ്യ പ്രവര്‍ത്തകര്‍, സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ എന്ന നിലയിലൊക്കെ പുതിയ ജീവിതം പടുത്തുയര്‍ത്താനുള്ള അവരുടെ ശ്രമങ്ങളെയും വിമര്‍ശിക്കുന്നുണ്ട്. ഇന്നലെ രാത്രിയായിരുന്നു ഈ ഡോക്യുമെന്ററി ജര്‍മ്മനിയില്‍ സംപ്രേക്ഷണം ചെയ്തത്.
ഏറെ പരസ്യപ്പെടുത്തി ദാരിദ്ര്യം നടമാടുന്ന നൈജീരിയ, കൊളംബിയ പോലുള്ള രാജ്യങ്ങളിലേക്കുള്ള അവരുടെ സന്ദര്‍ശനങ്ങളും മേഗന്‍ ധരിക്കുന്ന വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങളുമൊക്കെ ഡോക്യുമെന്ററി ചര്‍ച്ചയാക്കുന്നുണ്ട്. ഈ ഡോക്യുമെന്ററിയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ശബ്ദം, മുന്‍ ബ്രിട്ടീഷ് സൈനികനായ ബെന്‍ മെക്ബീനിന്റെതാണ്. 2008 ല്‍ അഫ്ഗാനിസ്ഥാനില്‍ സൈനിക സേവനം അനുഷ്ഠിക്കവെ, ലാന്‍ഡ് മൈന്‍ പൊട്ടിത്തെറിച്ച് ഇടത് കൈ നഷ്ടപ്പെടുകയും, വലത് കാല്‍മുട്ടിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്ത ബെന്‍ ഹാരിയെ നിശിതമായി വിമര്‍ശിക്കുകയാണ്.
ബ്രിട്ടനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഹാരിയ്ക്കൊപ്പം ഒരേ വിമാനത്തില്‍ സഞ്ചരിച്ച ബെന്‍, പക്ഷെ ഹാരി സ്വന്തം കുടുംബത്തിന് നേരെ നെറ്റ്ഫ്‌ലിക്‌സ് ഷോയിലൂടെയും ഓര്‍മ്മക്കുറിപ്പുകളിലൂടെയും ചെളിവരിയെറിയുന്നതിനോട് ഒട്ടും യോജിക്കുന്നില്ല. സഹോദരങ്ങളുമായോ, മറ്റ് കുടുംബാംഗങ്ങളുമായോ ഒക്കെ അഭിപ്രായ വ്യത്യാസവും പിണക്കവും ഒക്കെ ഉണ്ടാകും. എല്ലാ കുടുംബങ്ങളിലും ഇത് സാധാരണമാണ്. പക്ഷെ കുടുംബം എന്നും കുടുംബം തന്നെയാണെന്ന് ഈ മുന്‍ സൈനികന്‍ ഹാരിയെ ഓര്‍മ്മിപ്പിക്കുന്നു. തന്റെ സുഹൃത്തുക്കളില്‍ ആരെങ്കിലും അവരുടെ പങ്കാളിയുമായിവേര്‍പിരിയുകയും, പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കാളിക്കെതിരെ ആരോപണങ്ങളുമായി വരുകയും ചെയ്താല്‍, 'വായ അടയ്ക്കെടാ' എന്ന് ആ സുഹൃത്തിനോട് താന്‍ പറയുമെന്നും അയാള്‍ പറയുന്നു.
ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്താന്‍ തങ്ങള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന രാജപദവികള്‍ കച്ചവടച്ചരക്കാക്കുന്ന ഹാരി - മേഗന്‍ ദമ്പതികളെ ഡോക്യുമെന്ററി നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കാലിഫോര്‍ണിയയില്‍, ഇവര്‍ താമസിക്കുന്ന ആഡംബര കോളനിയിലെ മറ്റ് അയല്‍ക്കാരുമായി ഇടപഴകാത്തതിനും ഡോക്യുമെന്ററിയില്‍ ഇവര്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ആഴ്ചയില്‍ ഒരു മണിക്കൂര്‍ മാത്രമാണ് അവരുടേ ചാരിറ്റി സംഘടനയായ ആര്‍ച്ച്വെല്ലിന് വേണ്ടി നീക്കി വയ്ക്കുന്നതെന്ന ഹാരിയുടെയും മേഗന്റെയും തന്നെ വാക്കുകള്‍ ഡോക്യുമെന്ററിയില്‍ പ്രത്യേക ഊന്നല്‍ നല്‍കി സംപ്രേക്ഷണം ചെയ്യുന്നത് തീര്‍ച്ചയായും അവരെ അസ്വസ്ഥരാക്കും എന്നതില്‍ സംശയമില്ല.
മറ്റൊരു ഭാഗത്ത് ആര്‍ച്ച്വെല്ലിന് ലഭിച്ച സംഭാവനകളെ കുറിച്ചും പറയുന്നുണ്ട്. 2021 ല്‍ 13 മില്യന്‍ അമേരിക്കന്‍ ഡോളര്‍ സംഭാവനയായി ലഭിച്ചപ്പോള്‍, 2022 ല്‍ അത് വെറും 2 മില്യന്‍ ഡോളറായി കുറഞ്ഞെന്നും അതില്‍ പറയുന്നു. രാജാകുടുംബാംഗങ്ങള്‍ എന്ന ചുമതലയില്‍ നിന്നും വിട്ടുപോയതിനെയും ഡോക്യുമെന്ററിയില്‍ അതി നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫില്‍, ഹാരിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടത്തിയ ഇന്‍വിക്റ്റസ് ഗെയിമിനെയും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.