കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയ പദ്മരാജന്‍. പകയും നടന്നതുമെല്ലാം പോലീസിന് മുന്നില്‍ അക്കമിട്ട് നിരത്തി. നിര്‍വികാരനായിരുന്നു പദ്മരാജന്‍. മൊഴി കേട്ട് പോലീസും ഞെട്ടി. സംശയ രോഗമാണ് പദ്മരാജനെ കൊലപാതകിയാക്കിയത്. കൊലപ്പെടുത്താന്‍ തീരുമാനിച്ചുറപ്പിച്ചാണ് നീക്കങ്ങള്‍. വേഗത്തില്‍ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിന് വലിയ വാ വട്ടമുള്ള ബക്കറ്റില്‍ പെട്രോള്‍ കരുതി. കാറിലിരുന്നുതന്നെ ഭാര്യയിരുന്ന കാറിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഒമ്‌നിയിലാണ് പദ്മരാജന്‍ എത്തിയത്. ഭാര്യയുടെ കാറിനോട് ചേര്‍ത്ത് നിര്‍ത്തി. അതിന് ശേഷമാണ് കാറിലേക്ക് പെട്രോള്‍ ഒഴിച്ചത്.

അനിലയുടെ ബേക്കറിയില്‍ പങ്കാളിത്തമുള്ള കടപ്പാക്കട കുന്നേല്‍മുക്ക് സ്വദേശിയായ യുവാവ് പിന്നാലെ ബൈക്കിലെത്തിയിരുന്നെന്നും പോലീസ് സംശയിക്കുന്നു. ഇയാളെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊല്ലം നഗരത്തിലെ ആശ്രാമം പരിസരത്ത് ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടില്‍ മേലതില്‍ വീട്ടില്‍ അനില (44)യാണ് കൊല്ലപ്പെട്ടത്. അനിലയുടെ ഭര്‍ത്താവ് പത്മരാജനാണ് കൊലപാതകം നടത്തിയത്. അനില നടത്തുന്ന ബേക്കറിയില്‍ പാര്‍ട്ട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.

പോലീസുകാര്‍ക്കു മുന്നില്‍ എല്ലാം താനാണ് ചെയ്തതെന്ന് സമ്മതിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും കച്ചവടത്തിലെ പങ്കാളിയുമായുള്ള അടുപ്പം സംബന്ധിച്ച വഴക്കുമെല്ലാം അക്കമിട്ടു നിരത്തി. ഭാര്യയുടെ ബേക്കറിയില്‍ പങ്കാളിയായ യുവാവ് തന്നെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കാല്‍ കാട്ടിക്കൊടുത്തു. കൊട്ടിയത്തെ പെട്രോള്‍ പമ്പിലെത്തി മൂന്നുലിറ്റര്‍ പെട്രോള്‍ കന്നാസില്‍ വാങ്ങി. തഴുത്തലയിലെ വീട്ടിലെത്തിയ പദ്മരാജന്‍ സ്റ്റീല്‍ ബക്കറ്റിലേക്ക് ഒഴിച്ചു. തുടര്‍ന്ന് പെട്രോള്‍ നിറച്ച ബക്കറ്റ് വാനിലാക്കിയശേഷം അനില കാറില്‍ വരുന്നതും നോക്കി ചെമ്മാന്‍മുക്കിനു സമീപം കാത്തുകിടന്നു. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്.

കാറില്‍ വെച്ച് അനിലയെ ആക്രമിക്കുമ്പോള്‍, ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരനായ സോണിക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനിലയുടെ ആണ്‍സുഹൃത്താണ് കാറിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതി യുവാവിനെയും ആക്രമിച്ചത്. കടയില്‍ അനിലയുടെ സുഹൃത്തിനുണ്ടായിരുന്ന പാര്‍ട്‌നര്‍ഷിപ്പ് ഉടന്‍ ഒഴിയണമെന്നു പദ്മരാജന്‍ ഇയാളോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി പദ്മരാജനും അനിലയുടെ സുഹൃത്തുമായി കയ്യാങ്കളിയും നടന്നിരുന്നു. തുടര്‍ന്ന് പാര്‍ട്ട്ണര്‍ഷിപ്പ് തുക ഡിസംബര്‍ 10ന് തിരികെ തരാമെന്ന രീതിയില്‍ ഒത്തുതീര്‍പ്പും നടന്നു. ഇതിനുശേഷമാണ് ആക്രമണം ഉണ്ടാകുന്നത്.

രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് പദ്മരാജന്‍ പെട്രോള്‍ ഒഴിച്ചത്. കടയിലെ ജീവനക്കാരനായ സോണിയെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പദ്മരാജന്‍. ബേക്കറിയിലെ പാര്‍ട്ട്ണറായ യുവാവും അനിലയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരില്‍ നിരന്തരമുണ്ടായ കുടുംബ പ്രശ്‌നങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലം ചെമ്മാമുക്കിലാണ് സംഭവം. സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുന്‍പ് അനില ബേക്കറി ആരംഭിച്ചിരുന്നു. ഒരാഴ്ചയായി അനിലയുമായി പദ്മരാജന്‍ പിണക്കത്തിലായിരുന്നു. ബേക്കറി ആരംഭിക്കുന്നതിന് പദ്മരാജനില്‍ നിന്ന് ഇരുവരും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുന്‍പ് ഹനീഷും പദ്മരാജനുമായി തര്‍ക്കമുണ്ടായിരുന്നു. അനിലയും ഹനീഷും കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം.

ഇതിനായി ഇയാള്‍ പെട്രോള്‍ കരുതിയിരുന്നു.ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയില്‍ പദ്മരാജന്‍ ഒമ്നിയില്‍ കാത്ത് നിന്നു. എന്നാല്‍ അനിലയുടെ കൂടെ ഹനീഷിന് പകരം കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു ഉണ്ടായിരുന്നത്. അനിലയുടെ കാര്‍ കടപ്പാക്കട എത്തിയത് മുതല്‍ ഒമ്നിയില്‍ പിന്തുടര്‍ന്നു. ചെമ്മാന്‍മുക്ക് എത്തിയപ്പോള്‍ ഒമ്നിവാന്‍ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേര്‍ത്ത് ഇടിച്ചു നിറുത്തി. ഒമ്നിയില്‍ നിന്നിറങ്ങിയ പദ്മരാജന്‍ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്‌ളാസ് തകര്‍ത്ത ശേഷം പെട്രോള്‍ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു.

അനില സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം കണ്ട ചെറുപ്പക്കാരാണ് പൊലീസിലും ഫയര്‍ഫോഴ്സിലും അറിയിച്ചത്. പദ്മരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഒമ്നി. രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഓട്ടോയില്‍ സ്റ്റേഷനിലെത്തിയാണ് പദ്മരാജന്‍ കീഴടങ്ങിയത്.