മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ജൂത പ്രാര്‍ത്ഥനാലയത്തില്‍ ബോംബേറ്. മെല്‍ബണിലെ ജൂത പള്ളിയിലായിരുന്നു സംഭവം, സിനഗോഗിലേക്ക് രണ്ടു പേര്‍ ബോംബ് എറിയുകയായിരുന്നു. വലിയ തീപിടിത്തമുണ്ടായി. അറുപതോളം അഗ്നശമനാ വാഹനങ്ങളെത്തിയാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. വെള്ളിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ച 4.18നായിരുന്നു ബോംബേറ്.

സിനഗോഗിന്റെ ജനല്‍ തകര്‍ത്ത ശേഷം ഉള്ളിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് സൂചന. ഇതിനൊപ്പം ജനല്‍ തകര്‍ത്ത് പെട്രോള്‍ അകത്തേക്ക് ഒഴിച്ച ശേഷം തീയിട്ടതാണെന്നും വിലയിരുത്തലുണ്ട്. സിനഗോഗില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ പ്രാര്‍ത്ഥനയ്ക്ക് ആളെത്താറുണ്ട്. തീ പിടിച്ചതിനെ തുടര്‍ന്ന് സിനഗോഗില്‍ നിന്നും ആളുകള്‍ അതിവേഗം പുറത്തേക്ക് കടന്നു. രണ്ടു പേര്‍ക്ക് ഇതിനിടെ പരിക്കേറ്റു.

സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമായാണ് പോലീസും സിനഗോഗ് അധികാരികളും ഇതിനെ കാണുന്നത്. ജൂത വിരുദ്ധരാണ് ഇത് ചെയ്തതെന്നാണ് നിഗമനം. ഏറെ തിരക്കുള്ള ഓസ്‌ട്രേലിയയിലെ സിനഗോഗിന് നേരെയാണ് ആക്രമണം എന്നതും ഗൗരവമുള്ളതാണ്. പോലീസ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി.