ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയ്ല്‍സിലേയും ആണ്‍കുട്ടികള്‍ക്കിടാന്‍ 2023 ല്‍ ഏറ്റവുമധികം മാതാപിതാക്കള്‍ തെരഞ്ഞെടുത്ത പേര് മുഹമ്മദ് എന്നാണെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒ എന്‍ എസ്) കണക്കുകളനുസരിച്ച് 2023 ല്‍ 4,600 കുട്ടികള്‍ക്കാണ് ഈ പേര് നല്‍കിയിരിക്കുന്നത്. 2022 നേക്കാള്‍ 500 എണ്ണം കൂടുതലാണ് ഇത്. ഇതാദ്യമായാണ്, ഒരു ഇസ്ലാമിക നാമം ഇതുവരെ മുന്‍ നിരയിലുണ്ടായിരുന്ന നോഹ എന്ന പേരിനെ കവച്ചു വയ്ക്കുന്നത്.

സ്‌പെല്ലിംഗില്‍ ചെറിയ വ്യത്യാസങ്ങളോടെ മറ്റ് 3069 കുട്ടികള്‍ക്കും മുഹമദ് എന്ന പേര് 2023 ല്‍ നല്‍കിയിട്ടുണ്ടെന്ന് വിശദമായ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്‌പെല്ലിംഗ് വ്യത്യാസം കണക്കാക്കാതിരുന്നാല്‍, മൊത്തം 7730 കുട്ടികള്‍ക്ക്, അതായത്, 2023 ല്‍ ജനിച്ച ഓരോ 40 കുട്ടികളിലും ഒരാള്‍ക്ക് വീതം മുഹമ്മദ് എന്ന പേര് നല്‍കിയിട്ടുണ്ട്. അതേസമയം, 2023 ല്‍ പിറന്ന4,382 കുട്ടികള്‍ക്കാണ് നോഹ എന്ന പേര്‍ നല്‍കിയിട്ടുള്ളത്.

ആണ്‍കുട്ടികളുടെ പേരില്‍ മാറ്റമുണ്ടായെങ്കിലും, കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും ഒലീവിയ എന്ന പേര് തന്നെയാണ് ഏറ്റവുമധികം പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ഈ പേര് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. അമേലിയ, ഐസ എന്നീ പേരുകളാണ് തൊട്ടു പിന്നിലുള്ളത്. ഓരോ വര്‍ഷവും ഒ എന്‍ എസ് കുട്ടികള്‍ക്ക് നല്‍കുന്ന പേരിന്റെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യാറുണ്ട്. ജനപ്രീതി കുറയുന്നതിന്റെയും കൂടുന്നതിന്റെയും പ്രവണതകള്‍ മനസ്സിലാക്കുന്നതിനായിട്ടാണ് ഇത്.

മാര്‍ഗോട്ട്, സിലിയന്‍ തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നതും വര്‍ദ്ധിച്ചു വരുന്നുണ്ട്. സിനിമകളോടുള്ള അമിത പ്രേമമാണ് ഇത്തരത്തിലെ പേരുകള്‍ക്ക് പുറകില്‍ എന്ന് സാമൂഹ്യ ശാസ്ത്രജ്ഞര്‍ തിരിച്ചറിയുന്നു. ബാര്‍ബിയിലെയും ഓപ്പെന്‍ഹീമറിലേയും കഥാപാത്രങ്ങള്‍ അത്രയധികം ആളുകളെ ആകര്‍ഷിച്ചതുകൊണ്ടാണ് അത് അവതരിപ്പിച്ച നടിമാരുടെ പേരുകള്‍ക്ക് ഇത്രയധികം ആവശ്യക്കാരുണ്ടായതെന്നും അവര്‍ പറയുന്നു. സിനിമയ്ക്കൊപ്പം ടി വി റിയാലിറ്റി ഷോകളിലെ ചില പേരുകളും ഏറെ പ്രിയംകരങ്ങളാകുന്നുണ്ട്.

ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും മാതാപിതാക്കള്‍ നവജാത ശിശുക്കള്‍ക്ക് നല്‍കുന്ന പേരുകളില്‍, ഏറ്റവും അധികം പേര്‍ നല്‍കിയ 100 പേരുകളുടെ ലിസ്റ്റില്‍ മുഹമ്മദ് എന്ന പേറ് ആദ്യമായി ഇടം പിടിക്കുന്നത് 1924 ല്‍ ആണ്. അന്ന് തൊണ്ണൂറ്റിയൊന്നാം സ്ഥാനമായിരുന്നു ഇതിന്. പിന്നീട് അതിന്റെ ജനപ്രിയത താഴോട്ട് പോയെങ്കിലും, 1960 കളില്‍ ആ പേര് വീണ്ടും ആദ്യ 100 ല്‍ ഇടം പിടിച്ചു. എന്നാല്‍, വ്യത്യസ്തമായ സ്‌പെല്ലിംഗുകളാണ് ഈ പേരിന് ആളുകള്‍ നല്‍കുന്നത്.

ആണ്‍കുട്ടികളുടെ പേരുകളില്‍ ഇത്തവണ വന്‍ കുതിപ്പ് നടത്തിയത് ലൂക്ക എന്ന പേരാണ്. കഴിഞ്ഞവര്‍ഷം പന്ത്രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ലൂക്ക ഇത്തവണ ഏഴാം സ്ഥാനത്ത് എത്തി. കഴിഞ്ഞ വര്‍ഷം പതിമൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഹെന്റി എന്ന പേരും ഇത്തവണ നില മെച്ചപ്പെടുത്തി പത്താം സ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, ഏറ്റവും വലിയ കുതിപ്പുണ്ടായിരുന്നത് ബോധി എന്ന പേരിനാണ്. കഴിഞ്ഞ വര്‍ഷം 637 ആം സ്ഥാനത്ത് ഉണ്ടായിരുന്ന ബോധി എന്ന പേര് ഇത്തവണ 100 ആം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

പെണ്‍കുട്ടികളുടെ പേരുകളില്‍ ഒലീവിയ മുന്നേറ്റം തുടരുമ്പോഴും, എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,289 പേര്‍ക്ക് ഈ പേര് നല്‍കിയിരുന്നെങ്കില്‍, ഈ വര്‍ഷം വെറും 2,906 പേര്‍ക്ക് മാത്രമാണ് ഇത് നല്‍കിയിരുന്നത്. ഏവ എന്ന പേര് 2022 ല്‍ നാലാം സ്ഥാനത്തുനിന്നും ആറാം സ്ഥാനത്ത് എത്തിയപ്പോള്‍, വില്ലോ എന്ന പേര് ആദ്യമായി ആദ്യ പത്തില്‍ എത്തി. ഈ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഈ പേരുള്ളത്.