ലണ്ടന്‍: വിവിധ വിസകളിലായി യു കെയില്‍ എത്തിയ ആയിരത്തോളം കുടിയേറ്റക്കാര്‍, അവരുടെ ബ്രിട്ടനിലുള്ള തുടര്‍ താമസം സാധ്യമാകുമോ എന്നറിയാന്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുകയാണ്. നിയമപരമായി ജോലി ചെയ്യാന്‍ അവര്‍ക്ക് അവകശമുണ്ടെങ്കില്‍ കൂടി, അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാം, വന്‍ കടക്കെണിയില്‍ അകപ്പെട്ടേക്കാം. ഇവരില്‍ ചിലര്‍ക്ക്, ബ്രിട്ടനില്‍ ജനിച്ച്, ബ്രിട്ടീഷ് പൗരത്വമുള്ള കുട്ടികളുമുണ്ട് എന്നതാണ് മറ്റൊരു വസ്തുത. അഞ്ച് അല്ലെങ്കില്‍ 10 വര്‍ഷം ബ്രിട്ടനില്‍ താമസിച്ച് സ്ഥിരതാമസത്തിനുള്ള യോഗ്യത നേടുന്നതിനു മുന്‍പായി ഒട്ടു മിക്ക കുടിയേറ്റക്കാര്‍ക്കും ഓരോ 30 മാസം കൂടുമ്പോഴും അവരുടെ വിസ പുതുക്കേണ്ടതുണ്ട്. ഓരോ തവണയും ഇതിനായി ആയിരക്കണക്കിന് പൗണ്ട് ഫീസായി നല്‍കുകയും വേണം.

ഒട്ടുമിക്ക കേസുകളിലും, അപേക്ഷ ലഭിച്ച് എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഹോം ഓഫീസ് പ്രതികരിക്കേണ്ടതാണ്. എന്നാല്‍, സ്‌കൈന്യൂസ് അവരുടെ അന്വേഷണത്തിനൊടുവില്‍ വെളിപ്പെടുത്തുന്നത് 902 പേര്‍, സ്റ്റഡി- പാര്‍ട്ട്ണര്‍ വിസകള്‍ക്കായി ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നു എന്നാണ്. കാത്തിരിപ്പ് നീളുന്നത് ഒരുപക്ഷെ അവരുടെ തൊഴില്‍ നഷ്ടത്തില്‍ കലാശിച്ചേക്കാം. മാത്രമല്ല, പലരെയും ഇത് കടക്കെണിയിലും പെടുത്തും. നിയമപരമായി തന്നെ ബ്രിട്ടനില്‍ ജീവിക്കാന്‍ അവകാശമുള്ളവരാണ് ഇവര്‍ എന്നതോര്‍ക്കണം.

ഇക്കൂട്ടത്തില്‍ 167 കേസുകള്‍ കഴിഞ്ഞ 20 കൊല്ലക്കാലത്തിലേറെയായി പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നാണ് സ്വതന്ത്ര കുടിയേറ്റ നയ ഗവേഷകനായ സോ ഗാര്‍ഡ്‌നര്‍ പറയുനത്. ഇത് ഹോം ഓഫീസിന്റെ കാര്യക്ഷമതയെ ചോദ്യത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം കാലതാമസങ്ങള്‍ പലരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ലീവ് ടു റിമെയ്ന്‍ വിസ എന്ന് ഹോം ഓഫീസ് പറയുന്ന രേഖക്കായി അപേക്ഷാ ഫോം സമര്‍പ്പിക്കുമ്പോള്‍, 1258 പൗണ്ട് അപേക്ഷാ ഫീസ് ആയി മാത്രം നല്‍കണം. അതിനു പുറമെ എന്‍ എച്ച് എസ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായി 1,035 പൗണ്ടും നല്‍കേണ്ടതുണ്ട്. ഉണ്ടായേക്കാവുന്ന ചില പ്രശ്നങ്ങളുടെ ഫലമായി ആയിരക്കണക്കിന് പൗണ്ട് ലീഗല്‍ ഫീസായും നല്‍കേണ്ടി വന്നേക്കാം. എന്നാല്‍, ഇതെല്ലാം നല്‍കിക്കഴിഞ്ഞിട്ടും, നീണ്ട കാത്തിരിപ്പ് മാത്രമാണ് അവര്‍ക്കുള്ളത്.

ഇക്കൂട്ടത്തില്‍ പലരും കാര്യമായ ജോലി ലഭിക്കാത്തതിനാല്‍ ഫുഡ് ബാങ്കുകളെ ആശ്രയിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ചിലരുടെ കുട്ടികള്‍, ബ്രിട്ടനില്‍ ജനിച്ചതിനാല്‍, അവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിട്ടുണ്ട്. എന്നിട്ടും, ഇവര്‍ക്ക് വിസ പുതുക്കി ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടിവരികയാണ്. ഒരു സെക്യൂരിറ്റി ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന അലി എന്ന വ്യക്തിക്ക്,സെപ്റ്റംബറില്‍ തൊഴിലുടമയുമായുള്ള കരാര്‍ പുതുക്കേണ്ടതയിരുന്നു. എന്നാല്‍, വിസ പുതുക്കി ലഭിക്കാത്തതിനാല്‍, ബ്രിട്ടനില്‍ താമസിക്കുവാനുള്ള അവകാശം ഉണ്ടെന്ന് തൊഴിലുടമകള്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ കഴിയാതെ വന്നതോടെ അയാള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയായിരുന്നു.

ഇപ്പോള്‍, കെയറര്‍ ആയി ജോലി ചെയ്യുന്ന ഭാര്യയുടെ ശമ്പളം മാത്രമാണ് നാലു കുട്ടികളുള്ള ആ കുടുംബത്തിന്റെ ഏക ആശ്രയം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടര വര്‍ഷം കഴിയുമ്പോള്‍, വീണ്ടും വിസ പുതുക്കുന്നതിനായി അപെക്ഷിക്കേണ്ടതുണ്ട്. അതിനുള്ള ഫീസിനുള്ള തുക എവിടെ നിന്നും കണ്ടെത്തുമെന്ന ആശങ്കയിലാണ് അയാള്‍.