- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ നടയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ദിലീപിന് എങ്ങനെ അനുമതി കിട്ടി? ശബരിമല വിഐപി പരിഗണന അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പി; നിര്‍ണായകമായത് ഹൈക്കോടതി ഇടപെടല്‍
ശബരിമല വിഐപി പരിഗണന ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കും
കൊച്ചി: നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങളടക്കം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്റെ സന്ദര്‍ശനത്തില്‍ അന്വേഷണം തുടങ്ങി. ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്നാണ് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ ദേവസ്വം ജീവനക്കാരോട് വിശദീകരണം തേടിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്നു രാവിലെ നടത്തിയ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതി ദിലീപിന് വിഐപി ദര്‍ശനം ലഭിച്ച സംഭവം പരാമര്‍ശിച്ചത്.
രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തര്‍ക്ക് ദര്‍ശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വിഐപി ദര്‍ശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോര്‍ഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്ന് പറഞ്ഞു.
പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോര്‍ഡിന്റെ മറുപടി. ഇത് സ്‌പെഷല്‍ സെക്യൂരിറ്റി സോണ്‍ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദര്‍ശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തില്‍ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ അവിടെ നില്‍ക്കാന്‍ ദിലീപിന് എങ്ങനെ അനുമതി കിട്ടിയെന്ന് കോടതി ചോദിച്ചു. കുട്ടികള്‍ അടക്കമുളളവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നില്ലേ. ദിലീപിന് സ്‌പെഷല്‍ ട്രീറ്റ് മെന്റ് എങ്ങനെ കിട്ടി? ജില്ലാ ജഡ്ജിമാര്‍ അടക്കമുളളവരെ അവിടെ ഈ സമയം കണ്ടല്ലോയെന്നും കോടതി ചോദിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നാളെ തന്നെ കോടതിക്ക് കൈമാറുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പറഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും. നിലവില്‍ സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ബോര്‍ഡിന്റെയും പോലീസിന്റെയും നിര്‍ദ്ദേശം. സോപാനത്തേതുള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.