കൊച്ചി: നടന്‍ ദിലീപിന് പുറമെ, വി.ഐ.പി. പരിഗണനയോടെ പോലീസ് അകമ്പടിയില്‍ ആലപ്പുഴ ജില്ലാ ജഡ്ജിയടക്കം ശബരിമലയില്‍ എത്തി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ ജഡ്ജി കെ.കെ. രാധാകൃഷ്ണന്‍, നോര്‍ക്കയുടെ ചുമതല വഹിക്കുന്ന കെ.പി.അനില്‍ കുമാര്‍ എന്നിവരാണ് വിഐപി പരിഗണനയോടെ ദര്‍ശനം നടത്തി മടങ്ങിയത്. ഇവര്‍ക്കൊപ്പം വലിയൊരു കൂട്ടം ആളുകളും പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിയെന്നാണ് ശബരിമല ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നത്.

സന്നിധാനത്ത് എത്തിയ ദിലീപ്, കെ.കെ.രാധാകൃഷ്ണന്‍, കെ.പി.അനില്‍ കുമാര്‍ എന്നിവര്‍ക്ക് ശ്രീകോവിലിന് മുന്നില്‍നിന്ന് തൊഴാനുള്ള അവസരം ഒരുക്കുകയും മറ്റുള്ളവര്‍ക്ക് ജനറല്‍ ക്യൂവിലൂടെ പോകാനുള്ള അവസരം നല്‍കുകയും ചെയ്തുവെന്നാണ് എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ പറയുന്നത്. ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ ഗാര്‍ഡുമാരില്‍ നിന്നും വിശദീകരണം തേടുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇതിനുശേഷമായിരിക്കും നാളെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദിലീപിന്റെ സന്ദര്‍ശനത്തില്‍ അന്വേഷണം തുടങ്ങിയിരുന്നു. ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കുന്നുണ്ട്. രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തര്‍ക്ക് ദര്‍ശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വിഐപി ദര്‍ശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോര്‍ഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്ന് പറഞ്ഞു.

ശബരിമലയില്‍ എല്ലാ ഭക്തരും ഒരുപോലെ ആയിരിക്കണമെന്നും വി.ഐ.പി. ദര്‍ശനം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ പച്ചയായ ലംഘനമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ ഗൗരവത്തോടെയാണ് കോടതി ഈ വിഷയം പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടിയത്. സന്നിധാനത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.

ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. അവിടെ എത്തുന്ന എല്ലാ ഭക്തരും സമന്മാരാണ്. എല്ലാവര്‍ക്കും വിര്‍ച്വല്‍ ക്യൂ വഴിയാണ് അവിടെ ദര്‍ശനം അനുവദിക്കുന്നത്. അതുകൊണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച സുനില്‍ സ്വാമിയുടെ കേസിന്റെ വിധിന്യായം പുറത്തുവന്നപ്പോള്‍ അതിലും ഇക്കാര്യം കോടതി എടുത്തു പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിക്കുകയും ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്തിപ്പോകാനുള്ള അവസരം ഒരുക്കിയെന്നുമുള്ള ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ് കോടതി. അതിന്റെ ഭാഗമായാണ് സന്നിധാനത്തെയും അപ്പര്‍ തിരുമുറ്റത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. എന്തെങ്കിലും ക്രമവിരുദ്ധമായി കണ്ടെത്തുന്നപക്ഷം നടപടിയുണ്ടാകും.

രണ്ടും മൂന്നും മണിക്കൂര്‍ ക്യൂ നിന്ന് ദര്‍ശനം നടത്താന്‍ കഴിയാതെ ഭക്തര്‍ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തര്‍ക്ക് ദര്‍ശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വിഐപി ദര്‍ശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോര്‍ഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്ന് പറഞ്ഞു.

പൊലീസ് അകമ്പടിയോടെ എങ്ങനെയാണ് ദിലീപ് സന്നിധാനത്ത് വന്നതെന്ന കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോര്‍ഡിന്റെ മറുപടി. ഇത് സ്‌പെഷല്‍ സെക്യൂരിറ്റി സോണ്‍ അല്ലേയെന്ന് കോടതി തിരിച്ച് ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദര്‍ശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തില്‍ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. ഹരിവരാസനം പാടുന്ന സമയം മുഴുവന്‍ അവിടെ നില്‍ക്കാന്‍ ദിലീപിന് എങ്ങനെ അനുമതി കിട്ടിയെന്ന് കോടതി ചോദിച്ചു. കുട്ടികള്‍ അടക്കമുളളവര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നില്ലേ. ദിലീപിന് സ്‌പെഷല്‍ ട്രീറ്റ് മെന്റ് എങ്ങനെ കിട്ടി? ജില്ലാ ജഡ്ജിമാര്‍ അടക്കമുളളവരെ അവിടെ ഈ സമയം കണ്ടല്ലോയെന്നും കോടതി ചോദിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നാളെ തന്നെ കോടതിക്ക് കൈമാറുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പറഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കും. നിലവില്‍ സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ബോര്‍ഡിന്റെയും പോലീസിന്റെയും നിര്‍ദ്ദേശം. സോപാനത്തേതുള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.