ഴിഞ്ഞ ദിവസം അമേരിക്കയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സി.ഇ.ഒ വെടിയേറ്റ് മരിച്ച സംഭവം വന്‍ വിവാദമായിരുന്നു. മാന്‍ഹട്ടനിലെ മിഡ് ടൗണിലുള്ള മാന്‍ഹട്ടന്‍ ഹോട്ടലിന് മുന്നില്‍ വെച്ചാണ് യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സി.ഇ.ഒ ആയിരുന്ന ബ്രിയാന്‍ തോംസണ്‍ വെടിയേറ്റ് മരിച്ചത്. തോംസണിനെ വെടിവെച്ചതിന് ശ്ഷം അക്രമി ഒരു ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

അക്രമിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കമ്പനിയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്ത ഏതെങ്കിലും വ്യക്തികള്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യം കമ്പനി നിഷേധിച്ച സാഹചര്യത്തിലായിരിക്കും തോംപ്സണെ വധിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മേഖലയിലെ വമ്പന്‍ കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത് കെയര്‍ പോളിസിയെടുത്ത പലര്‍ക്കും ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇന്‍ഷ്വറന്‍സ് പോളിസിയെടുത്ത മൂന്നില്‍ ഒരാളിന് ആനുകൂല്യം നിഷേധിക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.

ഈ തട്ടിപ്പ് നടത്തുന്നതിനായി കമ്പനി നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു എന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ 90 ശതമാനം പേര്‍ക്കും ആനുകൂല്യം നിഷേധിക്കുന്നത് യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ സ്ഥിരം പരിപാടിയായിരുന്നു എന്നും പരാതിയുണ്ട്. ഈയിടെ രണ്ട് മുതിര്‍ന്ന പൗരന്‍മാര്‍ മതിയായ ചികിത്സ കിട്ടാതെ മരിക്കാന്‍ ഇടയായ സാഹചര്യം സൃഷ്ടിച്ചത് കമ്പനി ഇന്‍ഷ്വറന്‍സ് ആനുകൂല്യം നിഷേധിച്ചത് കൊണ്ടാണെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു.

2.5 ബില്യന്‍ ഡോളര്‍ ചെലവിട്ടാണ് കമ്പനി നിര്‍മ്മിത ബുദ്ധി സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് കോടതിയെ സമീപിച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ സംവിധാനം ഉപയോഗിച്ച് ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍ മാനുഷികമായ പരിഗണന ഒരിക്കലും ഉണ്ടാകാറില്ലെന്നും പരാതിക്കാര്‍ പറയുന്നു. ഇന്‍ഷ്വറന്‍സ് ആനുകൂല്യം കൃത്യമായി കമ്പനി നല്‍കാത്തത്് കാരണം ആശുപത്രിയില്‍ നിന്ന് അസുഖം ഭേദമാകുന്നതിന് മുമ്പ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നിര്‍ബന്ധിതരായ പല രോഗികളും പിന്നീട് മരിക്കുകയാണ് ഉണ്ടായത്. നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ കമ്പനി ഒരുക്കിയത് 2019ലാണ്.

എന്നാല്‍ തോംസണ്‍ സ്ഥാപനത്തിന്റെ സി.ഇ.ഒയായി ചുമതലയേല്‍ക്കുന്നത് 2021 ലാണ്. എന്നാല്‍ അദ്ദേഹത്തിന് നിരന്തരമായി ഭീഷണി ഫോണ്‍ കോളുകള്‍ വന്നിരുന്നതായി ഭാര്യ പോലീസിനെ അറിയിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് കമ്പനി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങളോട് യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ അധികൃതര്‍ ഇനിയും പ്രതികരിച്ചിട്ടില്ല.