കണ്ണൂര്‍ :കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായ ഇ.കെ നായനാരുടെ സഹധര്‍മ്മിണി ശാരദ ടീച്ചര്‍ ഇന്ന് നവതിയുടെ നിറവില്‍.നവതിയുടെ നിറവിലാണെങ്കിലും ശാരദ ടീച്ചറുടെ ഉള്ളില്‍ ഒരു നീറ്റലുണ്ട്. അത് മറ്റൊന്നുമല്ല. 'ശാരദേ...' എന്ന് നീട്ടി വിളിക്കാന്‍ പ്രിയ സഖാവ് കൂടെയില്ലെന്ന തോന്നല്‍ മനസില്‍ വന്നു കൊണ്ടെയിരിക്കുന്നു. കാലം മായ്ക്കാത്ത ഓര്‍മ്മകള്‍ മനസില്‍ ബാക്കി വെച്ചു കൊണ്ടാണ് നായനാര്‍ സഖാവ് വിട്ടു പിരിഞ്ഞത്.20 വര്‍ഷമായി ആ വിളി നിലച്ചിട്ട്.

മുന്‍ മുഖ്യമന്ത്രി നായനാരുടെ ഓര്‍മകളും ചേര്‍ത്ത് പിടിച്ച് ഇരിപ്പാണ് എന്നും നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന ശാരദ ടീച്ചര്‍. തന്റെ രാഷ്ട്രീയവിശ്രമ ജീവിതം കല്യാശ്ശേരിയിലെ ശാരദാസില്‍ കഴിയണം. കല്യാശ്ശേരിയെ പറ്റി പുസ്തകം എഴുതണം.' നായനാര്‍ അവസാനമായി ശാരദയോട് പറഞ്ഞ ആഗ്രഹങ്ങള്‍ ഇത്ര മാത്രം. എന്നാല്‍ കാലം അതിനുള്ള സമയം നായനാര്‍ക്ക് കൊടുത്തില്ല. ശാരദ ടീച്ചര്‍ കല്യാശ്ശേരിയിലെ വീട്ടില്‍ തന്നെ താമസിക്കുന്നതിനും ഈ ഒരൊറ്റ കാരണം മാത്രം.

അങ്ങനെയിരിക്കുമ്പോള്‍ മക്കളുടെ ആഗ്രഹപ്രകാരമാണ് നവതി ആഘോഷത്തിന് ഒരുങ്ങിയത്. ശാരദയുടെ തൊണ്ണൂറാം ജന്മദിനത്തിന് ഒരു പ്രത്യേകത കൂടെയുണ്ട്. ജന്മദിനവും ജന്മനാളും ഒരുമിച്ചെത്തിയെന്ന സവിശേഷത. ആ ഭാഗ്യം 90 ന്റെ നിറവില്‍ തന്നെ ലഭിച്ചതില്‍ സന്തോഷമുണ്ട് ശാരദയ്ക്ക്. നവംബര്‍ ഏഴി നാണ് ശാരദയുടെ ജന്മദിനം നായനാരുടേത് ഒന്‍പതിനും. എന്നാല്‍ അദ്ദേഹം ജന്മദിനം ആഘോഷിക്കാറില്ല. എന്ത് പിറന്നാള്‍ എന്ന് നായനാര്‍ പറയാറുള്ളതെന്ന കാര്യം ഇപ്പോഴും ശാരദ ടീച്ചറുടെ മനസില്‍ മുഴങ്ങുന്നുണ്ട്.

പാര്‍ട്ടിയും ജനങ്ങളുമായിരുന്നു എന്നും സഖാവിന്റെ മനസ്സില്‍. എല്ലാവരെയും സ്‌നേഹിച്ചു. ജനങ്ങളില്‍ നിന്ന് എനിക്ക് ഇന്ന് ആ സ്‌നേഹം തിരിച്ചു കിട്ടുന്നു. ഈ തൊണ്ണൂറാം വയസ്സില്‍ വേറെന്ത് വേണം.' ചുമരിലെ നായനാരുടെ ചിരിച്ച ഫോട്ടോയില്‍ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് ശാരദ പറഞ്ഞു. ധര്‍മ്മശാലയിലെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിപുലമായ ആഘോഷ പരിപാടികളാണ് നവതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്നവര്‍ അസുലഭ ജീവിതമുഹൂര്‍ത്തത്തില്‍ ഒത്തുചേരും.