റോം: ഫുട്ബോൾ മത്സരം കാണുന്നത് എപ്പോഴും ഒരു ലഹരിയാണ്. പന്തിന് പിറകെ ഓടുന്ന താരങ്ങളുടെ മനസ്സിൽ ജയം എന്ന ഒറ്റ ചിന്ത മാത്രമേ കാണുകയുള്ളു. പക്ഷെ അതിനിടെ ചെറിയ അപകടങ്ങളും പരിക്കുകളും താരങ്ങൾക്ക് സംഭവിക്കും. അങ്ങനെയൊരു ഒരു സംഭവമാണ് ഇറ്റാലിയൻ ലീഗ് മത്സരത്തിനിടെ സംഭവിച്ചിരിക്കുന്നത്.

ഇറ്റാലിയൻ ലീഗ് മത്സരത്തിനിടെ ഒരു ഫുട്ബോൾ താരം കുഴഞ്ഞു വീണതാണ് സംഭവം. ഫിയോറന്‍റീന മിഡ്‌ ഫീൽഡർ എഡ്വൊർഡോ ബോവ് ആണ്‌ കുഴഞ്ഞുവീണത്. 22കാരനായ താരം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. താരം ഇപ്പോൾ 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്‍റർമിലാനെതിരായ മത്സരത്തിന്‍റെ പതിനാറാം മിനിട്ടിലാണ് ‌ താരം കുഴഞ്ഞുവീണത്.

ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെയാണ് ദാരുണമായ അപകടം നടന്നത്. മത്സരം പുരോഗമിക്കുന്നതിനിടെ പതിനാറാം മിനിറ്റിലാണ് ബോവ് തളർന്ന് വീഴുന്നത്. വാർ പരിശോധിക്കാനായി കളി നിർത്തി വെച്ച സമയത്ത് ബൂട്ടിന്‍റെ ലേസ് കെട്ടാനായി കുനിഞ്ഞ ബോവ് ഗ്രൌണ്ടിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ മത്സരം നിർത്തി വെച്ച് ഇരു ടീമുകളും ഓടിയെത്തി ബോവിനെ ആംബുലൻസിലേക്ക് എത്തിച്ചു. പിന്നാലെ ഫ്ലോറൻസിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന എഡ്വൊർഡോ ബോവിന് ബോധം വീണതായും അദ്ദേഹം ശ്വാസം എടുക്കുന്നുണ്ടെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ബോവിന്‍റെ മാതാപിതാക്കളും കാമുകിയും ഫിയോറന്‍റീന കോച്ച് റാഫേൽ പല്ലാഡിനോയ്ക്കും സഹ താരങ്ങളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഫിയോറന്റീന ആരാധകരും ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടുകയും ചെയ്തിട്ടുണ്ട്. യുവതാരത്തിന്റെ ആരോഗ്യത്തിനായി ആരാധകരും ഒന്നടങ്കം പ്രാർത്ഥനയിലാണ്.