കണ്ണൂര്‍ : കൊല്ലത്ത് നടക്കാന്‍ പോകുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം അവതരിപ്പിക്കാനായി അഞ്ചു ലക്ഷം രൂപ പ്രതിഫലം ചോദിച്ചുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി പരസ്യമായി വിമര്‍ശിച്ച ചലച്ചിത്രനടി കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലും സംഘാടകരുമായി ഉടക്കി. തളിപറമ്പ് മണ്ഡലത്തില്‍ എം.എല്‍.എയായ എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലില്‍ നൃത്ത പരിപാടി അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കം.

ആഡംബര ഹോട്ടലില്‍ താമസവും വിമാന ടിക്കറ്റും വന്‍ തുകയുമാണ് നര്‍ത്തകിയായ നടി പ്രതിഫലമായി ചോദിച്ചത്. എന്നാല്‍ പ്രതിഫലം മുന്‍കൂറായി നല്‍കാത്തതിനെ തുടര്‍ന്ന് നടിയും സംഘവും വാഹനത്തില്‍ നിന്നും ഇറങ്ങാതെ ഉടക്കുകയായിരുന്നു. ഒടുവില്‍ മുഖ്യ സംഘാടകനായ സി.പി.എം നേതാവ് ഇടപ്പെട്ടതിനെ തുടര്‍ന്നാണ് നടിയെ അനുനയിപ്പിച്ചു സ്റ്റേജിലെത്തിച്ചത്. ഈ വിഷയം സംഘാടകര്‍ പിന്നീട് പുറത്തറിയിക്കാതെ ഭരണകക്ഷിയെന്ന സ്വാധീനം ഉപയോഗിച്ചുഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനു ശേഷം നടിയെ പിന്നീട് പരിപാടികള്‍ക്ക് വിളിക്കാറില്ല.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി അടുത്ത ബന്ധമുള്ള നടി അദ്ദേഹത്തെ അങ്കിള്‍ എന്നാണ് വിളിക്കാറുള്ളത്. ഒരു പ്രമുഖ ചാനലിന് വേണ്ടി മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അഭിമുഖവും ഇവര്‍ ഒരു ഓണക്കാലത്ത് ചെയ്തിട്ടുണ്ട്. ഈയൊരു അടുപ്പമാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന പിണറായി പെരുമയെന്ന പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടിയെ എത്തിച്ചത്. അന്നൊക്കെ വളരെ ചുരുങ്ങിയ റേറ്റില്‍ പരിപാടി അവതരിപ്പിച്ചു പോയ ഇവര്‍ പിന്നീട് പ്രൊഫഷണല്‍ നൃത്ത ഗ്രൂപ്പിന് നേതൃത്വം നല്‍കിയതോടെയാണ് റേറ്റ് കൂട്ടി ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത്. ചലച്ചിത്രനടിമാരായ ശോഭന, ലക്ഷ്മി ഗോപാലസ്വാമി, പത്മ പ്രിയ എന്നിവരും പിണറായി പെരുമയില്‍ നൃത്തംഅവതരിപ്പിക്കാന്‍ എത്തിയിരുന്നു.

തളിപറമ്പ മണ്ഡലത്തില്‍ പിണറായി പെരുമയെ അനുകരിച്ചു കൊണ്ടാണ് എല്ലാവര്‍ഷവും ഡിസംബര്‍ അവസാന വാരം ഹാപ്പിനെസ് ഫെസ്റ്റിവല്‍ നടത്താറുള്ളത് അമ്യൂസ്‌മെന്റ് പാര്‍ക്ക്, നാടകോത്സവം, സാംസ്‌കാരിക സമ്മേളനം, ഫുഡ് കോര്‍ട്ട് ഫിലിം ഫെസ്റ്റ് എന്നിവയും നടത്താറുണ്ട്. സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയാണ് ഇതിനായി പണം ചെലവഴിച്ചിരുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നടനാണ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍. സി.പി.എം തളി പറമ്പ് ഏരിയാ കമ്മിറ്റിയുടെ പിന്തുണയോടെ സര്‍ക്കാര്‍ പരിപാടിയെന്ന ബാനറിലാണ് ഹാപ്പിനെസ് ഫെസ്റ്റ് നടത്തിവരാറുള്ളത്. ഇതിനിടയിലാണ് സെലിബ്രേറ്റിയെന്ന പരിഗണനയില്‍ ക്ഷണിച്ചു കൊണ്ടുവന്ന നടിയും സംഘവു പ്രതിഫലത്തിന്റെ പേരില്‍ ഉടക്കിയത്. എന്നാല്‍ ഹാപ്പിനെസ് ഫെസ്റ്റിന്റെ പേരില്‍ വ്യാപകമായി പണപിരിവ് നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്താറുണ്ട്. സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം.