കണ്ണൂര്‍: സിപിഎമ്മുകാരനായ ബന്ധുവിനെ കോണ്‍ഗ്രസ് ഭരിക്കുന്ന മാടായി കോളേജില്‍ നിയമിച്ച സംഭവത്തില്‍ എംകെ രാഘവന്‍ എംപിക്കെതിരെ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി ടിവി നിധീഷ്. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ടിവി നിധീഷ് ആരോപിച്ചു. രണ്ട് പേര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നല്‍കിയിരുന്നു. ഇതേ ആളുകള്‍ക്ക് തന്നെയാണ് ഇന്നലെ കോളേജില്‍ നിയമനം നല്‍കിയത്. പത്തു ലക്ഷത്തിലധികം രൂപ കോഴ വാങ്ങിയാണ് ഇവരെ നിയമിച്ചതെന്നും നിധീഷ് ആരോപിച്ചു. നിയമനം സുതാര്യമെന്ന എംകെ രാഘവന്‍ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാര്‍ത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങള്‍ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ് ആവശ്യപ്പെട്ടു.

മാടായി കോളേജിലെ നിയമന വിവാദത്തില്‍ വിശദീകരണവുമായി നേരത്തെ എംകെ രാഘവന്‍ എംപി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകള്‍ക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നുമായിരുന്നു എംകെ രാഘവന്‍ എംപിയുടെ വിശദീകരണം. നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല. താന്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെന്നും അദ്ദേഹം എംകെ രാഘവന്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. തന്റെ 29ാമത്തെ വയസില്‍ താന്‍ മുന്‍കൈയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുന്‍പാണ് താന്‍ ഒടുവില്‍ കോളേജ് ചെയര്‍മാനായത്. എന്നാല്‍, താത്പര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിര്‍ബന്ധിച്ച് തന്നെ ഏല്‍പ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്. 4 അനധ്യാപക തസ്തികകളിലേക്കാണ് കോളേജില്‍ നിയമനം നടത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റന്‍ഡര്‍ തസ്തിക ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്തതാണ്. സുപ്രീം കോടതി നിര്‍ദേശം പാലിച്ചാണ് ഈ പോസ്റ്റില്‍ നിയമനം നടത്തിയത്. അന്ധരായ അപേക്ഷകരില്ലാത്തതിനാല്‍ ബധിരനായ ആള്‍ക്ക് നിയമനം നല്‍കുകയായിരുന്നു.

ആളുകളെ ഇളക്കി വിടുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണോയെന്ന് അദ്ദേഹം ചോദിച്ചു. തന്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് അത് ചെയ്തത്. സ്ഥാപനത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നില്‍. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തന്റെ കൈകള്‍ പരിശുദ്ധമെന്നും വികാരാധീനനായി എംകെ രാഘവന്‍ പറഞ്ഞു.

ഒരാളുടെ കൈയില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് കാര്യമറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റിന് നിയമന വ്യവസ്ഥകള്‍ അറിയില്ല. സമയം വരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനം കിട്ടിയയാള്‍ ബന്ധുവായിരിക്കാം. എന്നാല്‍, ആ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തത് തന്നോടാലോചിക്കാതെയാണെന്നും എംകെ രാഘവന്‍ എംപി വിശദീകരിച്ചു.

കോണ്‍ഗ്രസുകാരുടെ വികാരം മാനിക്കാതെ കോഴ വാങ്ങിയുള്ള നിയമനമാണ് നടക്കുന്നതെന്ന് ആരോപിച്ചു രാഘവനെതിരെ പ്രതിഷേധം തെരുവില്‍ എത്തിയിരുന്നു. ഇതോടെ വിവാദത്തില്‍ രാഘവനെതിരെ കണ്ണൂര്‍ ഡിസിസി ശക്തമായ നിലപാടുമായി രംഗത്തെത്തി. കോഴിക്കോട് ഡിസിസിയിലും ഇതില്‍ എംപിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. രാഘവന്‍ ചെയര്‍മാനായ മാടായി കോളേജില്‍ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കിയതിനെതിരെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ എംപിയുടെ കോലം കത്തിച്ചു. രാഘവന്റെ നാട്ടിലെ കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നല്‍കി. കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്പെന്‍ഡ് ചെയ്തു. ഇതെല്ലാം രാഘവന് തിരിച്ചടിയാണ്. എന്നാല്‍, വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നെങ്കിലും അത് പ്രത്യക്ഷത്തില്‍ വിശ്വസനീയമല്ല.

പയ്യന്നൂര്‍ സഹകരണ സൊസൈറ്റിക്ക് കീഴിലാണ് കോളേജ്. ചെയര്‍മാന്‍ എം.കെ.രാഘവന്‍. കോണ്‍ഗ്രസ് നേതാക്കള്‍ അംഗങ്ങളായ ഭരണസമിതി. ഒഴിവുവന്ന അനധ്യാപക തസ്തികയില്‍ രാഘവന്റെ ബന്ധുവായ സിപിഎം പ്രവര്‍ത്തകനെ നിയമിച്ചതിലാണ് എതിര്‍പ്പ്.രാഘവനെ ശനിയാഴ്ച വഴിയില്‍ തടഞ്ഞ കുഞ്ഞിമംഗലത്തെ നാല് നേതാക്കളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരുമായി ജില്ലാ നേതാക്കള്‍ അനുരഞ്ജന ചര്‍ച്ചയും നടത്തി.എന്നാല്‍ തിങ്കളാഴ്ച രാവിലെ രാഘവന്റെ ബന്ധുവിന് നിയമന ഉത്തരവ് നല്‍കിയതോടെയാണ് പ്രതിഷേധം പരസ്യമായത്.എംപിയുടെ നാടായ കുഞ്ഞിമംഗലത്തെ മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചിരുന്നു. പതിനാല് ബൂത്ത് പ്രസിഡന്റുമാരും രാജി നല്‍കി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ഡിസിസി കോളേജ് ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തു. പയ്യന്നൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുളളവരെ സസ്പെന്‍ഡ് ചെയ്തെങ്കിലും പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടുപോയി.പയ്യന്നൂര്‍,കല്യാശ്ശേരി മണ്ഡലങ്ങളിലെ കൂടുതല്‍ കമ്മിറ്റികള്‍ രാജിക്കൊരുങ്ങുന്നുണ്ട്.