ജയ്പുര്‍: ഭൂമിക്കടിയില്‍, 150 അടി താഴ്ചയില്‍ ഒറ്റപ്പെട്ടുപോയ അഞ്ചു വയസ്സുകാരനായ ആര്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിനപ്രയത്‌നത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ആര്യന്‍ കുഴല്‍ കിണറില്‍ വീണിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), സിവില്‍ ഡിഫന്‍സ് ടീമുകളും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 155 അടി ആഴത്തിലും നാല് അടി വീതിയിലും ഒരു തുരങ്കം നിര്‍മിച്ച് കുട്ടിക്കരികിലെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. കുട്ടിയുടെ അടുത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തൊട്ടടുത്ത് മറ്റൊരു കുഴി എടുക്കുന്നുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. വെല്ലുവിളികള്‍ നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനമെന്ന് അധികൃതര്‍ പറഞ്ഞു.

സ്ഥലത്ത് 160 അടി താഴ്ചയില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ട്. അതിനാല്‍ 150 അടിയില്‍ അധികം കുഴിക്കുന്നത് വെല്ലുവിളിയാണ്. എല്ലാ സുരക്ഷാ സന്നാഹങ്ങളോടും കൂടിയാണ് എന്‍ഡിആര്‍എഫ് അംഗങ്ങള്‍ കുട്ടിയുടെ അടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്. കുട്ടിയുടെ ക്യാമറ ദൃശ്യങ്ങള്‍ കൃത്യമായി കിട്ടാത്തതും വെല്ലുവിളി ഉയര്‍ത്തുന്നു. കൃഷിസ്ഥലത്ത് കളിക്കുന്നതിനിടയിലാണ് ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്. തിങ്കളാഴ്ച മൂന്നു മണിക്കാണ് അപകടം ഉണ്ടായത്. ഒരു മണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമില്‍ കളിക്കുകയായിരുന്നു. ഇതിനിടയിലാണ് തുറന്ന കുഴല്‍ക്കിണറില്‍ വീണത്. കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ മന്ത്രിയും ബിജെപി നേതാവുമായ കിരോഡി ലാല്‍ മീണ സംഭവസ്ഥലത്തെത്തി ആര്യന്റെ ആരോഗ്യനില കാമറയിലൂടെ നിരീക്ഷിച്ചിരുന്നു. രാജ്യത്തുടനീളം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും കുഴല്‍ക്കിണറുകള്‍ മൂടുന്നത് സംബന്ധിച്ച് നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു