തിരുവനന്തപുരം: മകളുടെ വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ട ആ അമ്മയുടെ മനസ്സില്‍ മകളുടെ വിവാഹ ചിത്രം പോല്‍ വലിയ മറ്റൊരു സ്വപ്‌നം കൂടി ഉണ്ടായിരുന്നു. വിവാഹവേദിയില്‍ മകള്‍ക്കൊപ്പം രണ്ടു പെണ്‍കുട്ടികള്‍ക്കുകൂടി മാംഗല്യം. ചെറുപ്രായത്തില്‍ ഭര്‍ത്താവ് നഷ്ടമായെങ്കിലും രജിതയുടെ മനസ്സിലെ ആ സ്വപ്‌നത്തിന് മാത്രം മങ്ങലേറ്റില്ല. രാപ്പകലില്ലാത്ത അധ്വാനത്തിനൊടുവില്‍ മകള്‍ക്കൊപ്പം അനാഥരായ രണ്ട് പെണ്‍കുട്ടികളെ കൂടി വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയിരിക്കുകയാണ് രജിത.

ശ്രീചിത്ര ഹോമിലെ ലളിതമായ വിവാഹവേദിയിലായിരുന്നു മൂന്ന് വിവാഹവും. ബുധനാഴ്ച രാവിലെയായിരുന്നു രജിതയുടെ മകളായ ഗോപികയുടെ വിവാഹത്തിനൊപ്പം ശ്രീചിത്രാ ഹോമിലെ അന്തേവാസികളായ രമ്യയുടെയും മന്യയുടെയും വിവാഹം. വര്‍ഷങ്ങളായി ശ്രീചിത്രാ ഹോമിലെ സന്ദര്‍ശകരാണ് രജിതയും കുടുംബവും. ഭര്‍ത്താവ് ഗോപകുമാറിന്റെ മരണത്തോടെ ഒട്ടുമിക്ക ചരമവാര്‍ഷിക ദിനങ്ങളിലും രജിത അവിടെയെത്താറുണ്ട്, ശ്രീചിത്രയിലെ കുട്ടികള്‍ക്കായി തന്നാല്‍ക്കഴിയുന്ന ചെറിയ സഹായങ്ങളും രജിത ചെയ്തിരുന്നു.

ഗോപികയ്ക്ക് ഏഴു വയസ്സുള്ളപ്പോഴാണ് രജിതയുടെ ഭര്‍ത്താവ് ഗോപകുമാര്‍ മരിച്ചത്. വെള്ളായണി കാര്‍ഷിക കോളേജിലെ ജീവനക്കാരനായിരുന്നു. മകള്‍ക്ക് വിവാഹ പ്രായമെത്തിയപ്പോള്‍ മകളോളം പ്രായമുള്ള ശ്രീചിത്ര ഹോമിലെ കുട്ടികളെയും രജിത മറന്നില്ല. മകളുടെ ഭര്‍ത്താവായ വിനീഷിനോടും കുടുംബത്തോടും ശ്രീചിത്രയില്‍വെച്ച് കല്യാണം നടത്തുന്ന കാര്യം അറിയിച്ചപ്പോള്‍ പൂര്‍ണസമ്മതം. ഗോപികയുടെയും വിനീഷിന്റെയും വിവാഹത്തോടൊപ്പം മുട്ടയ്ക്കാട് സ്വദേശി വിനോദ് രമ്യയെയും കാസര്‍കോട് സ്വദേശി പി.ശ്രീനാഥ് മന്യയെയും താലിചാര്‍ത്തി.

വിവാഹദിവസംതന്നെയായിരുന്നു മന്യക്ക് താല്‍ക്കാലിക ജോലിക്കായുള്ള അഭിമുഖപരീക്ഷയും. അതിനാല്‍ വിവാഹം കഴിഞ്ഞയുടന്‍ ഇരുവരും പാളയത്തെ ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലേക്കാണ് പോയത്. മന്ത്രി വീണാ ജോര്‍ജ്, കളക്ടര്‍ അനുകുമാരി, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.