പാലക്കാട്: പാലക്കാട് പനയമ്പാടത്ത് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ എത്തും മുമ്പേ മൂന്ന് വിദ്യാര്‍ഥിനികള്‍ മരണപ്പെട്ടിരുന്നു. പരീക്ഷയായിരുന്നതിനാല്‍ കുട്ടികള്‍ കുറവായിരുന്നെന്നും അല്ലായിരുന്നെങ്കില്‍ അപകടം വിചരിക്കുന്നതിനപ്പുറത്തേക്ക് വ്യാപിക്കുമായിരുന്നുവെന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ പറയുന്നു.

റോഡില്‍ സ്ഥിരം അപകടങ്ങള്‍ നടക്കുന്നതിനാല്‍ 'അധികാരികളെ കണ്ണുതുറക്ക്' എന്ന് പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി മുന്നില്‍ നിന്നത് കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു. തുടര്‍ച്ചയായി അപകടം സംഭവിക്കുന്ന സ്ഥലമാണ് പനയമ്പാടമെന്ന് നാട്ടുകാര്‍ പറയുന്നു.

ഗ്രിപ്പില്ലാത്ത റോഡില്‍ ചെറിയ ചാറ്റല്‍മഴയില്‍ പോലും വാഹനങ്ങള്‍ തെന്നി നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണെന്നാണ് ആരോപണം. ഇത്തരത്തില്‍ നിരവധി ജീവന്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നാലു കുരുന്ന് ജീവന്‍ പൊലിഞ്ഞ അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസുകാരെ തടഞ്ഞ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

തുടര്‍ അപകടങ്ങള്‍ക്ക് പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാല്‍ പരിഹാരം നല്‍കാമെന്ന പൊലീസിന്റെ വാക്കുകളൊന്നും നാട്ടുകാര്‍ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികള്‍ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും വന്‍ ജനരോഷമുയര്‍ന്നതിനാല്‍ കഴിഞ്ഞില്ല. നിലവില്‍ എംഎല്‍എ സ്ഥലത്ത് തുടരുകയാണ്. പാലക്കാട് കരിമ്പാ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാര്‍ പറയുന്നു.

നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ 2022 ല്‍ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. വൈകുന്നേരം നാലുമണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാര്‍ഥിനി ചാടിമാറി. എന്നാല്‍ മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മരിച്ച മൂന്ന് വിദ്യാര്‍ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലും ഒരു വിദ്യാര്‍ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്.

ഇര്‍ഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമന്റ് ലോറി ഉയര്‍ത്തിയിട്ടുണ്ട്. ലോറിക്കടിയില്‍ 5 കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവര്‍മാരും മദര്‍ കെയര്‍ ആശുപതിയിലുണ്ട്. എന്നാല്‍ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടന്നയുടനെ തന്നെ നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ് ആരോഗ്യ നില ഗുരുതരമായ വിദ്യാര്‍ത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

സ്‌കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമന്റ് ലോഡ് കയറ്റി വന്ന ലോറി വിദ്യാര്‍ത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി. വിവിധ ആംബുലന്‍സുകളിലായാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.