- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അല്ലു അര്‍ജുന്റെ മോചനം വൈകും; ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും; കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി; തെന്നിന്ത്യന്‍ താരം അന്തിയുറങ്ങുക ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കില്‍; മോചനം നാളെ രാവിലെ
അല്ലു അര്‍ജുന്റെ മോചനം വൈകും
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലാകുകയും തുടര്‍ന്ന് ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്‌തെങ്കിലും നടന്‍ അല്ലു അര്‍ജുന്‍ ഇന്ന് ജയില്‍ മോചിതനാകില്ല. കോടതിയില്‍ നിന്ന് ജഡ്ജി ഒപ്പിട്ട ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ജയിലിലെത്താത്തതിനെ തുടര്‍ന്ന് ഇന്ന് ജയില്‍ മോചനം സാധ്യമാകില്ലെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.
നാളെ രാവിലെ കോടതി ഉത്തരവ് വന്നതിന് ശേഷമായിരിക്കും മോചനം. അല്ലുവിന് ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും. അല്ലു അര്‍ജുന്‍ ഇന്ന് കഴിയുക ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് വണ്‍ ബാരക്കിലായിരിക്കും. അല്ലു അര്‍ജുനായി ചഞ്ചല്‍ഗുഡ ജയിലിലെ ക്ലാസ് 1 ബാരക്ക് തയ്യാറാക്കി എന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. വിവരം ലഭിച്ച അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് തിരികെ വീട്ടിലേക്ക് മടങ്ങിപ്പോയി.
അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അല്ലുവിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കോടതി ഉത്തരവ് എത്തിക്കും മുന്‍പ് ജയില്‍ സൂപ്രണ്ട് മടങ്ങി. ഉത്തരവ് എത്തിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. കേസില്‍ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ.
ഹൈക്കോടതി ഇടക്കാല ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കോടതിയുത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് അല്ലു സ്റ്റേഷനില്‍ തുടരുകയായിരുന്നു. നിലവില്‍ ചഞ്ചല്‍ഗുഡ പോലീസ് സ്റ്റേഷനില്‍ ആണ് ഉള്ളത് അല്ലു അര്‍ജുന്‍ ഉള്ളത്. അല്ലു അര്‍ജുനെ ഈ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ട് അഞ്ചര മണിക്കൂര്‍ കഴിഞ്ഞിരുന്നു.
വിഷയത്തില്‍ പരസ്യ പ്രതിഷേധവുമായി നടന്റെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ആരാധകര്‍ പ്രതിഷേധിച്ചു. സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധമുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വ്യക്തിപരമായിപ്പോലും പ്രതിഷേധങ്ങള്‍ കനക്കുകയാണ്. ഭരണ പരാജയം മറച്ചുവെക്കാനായി ഒരു നടനെ ജയിലില്‍ അടയ്ക്കുന്നു എന്നതടക്കമുള്ള വിമര്‍ശനമാണ് ഉയരുന്നത്. നേരത്തെ അല്ലു അര്‍ജുന് സര്‍ക്കാരുമായി അത്ര കണ്ട് അടുപ്പമുണ്ടായിരുന്നില്ല. ദേശീയ അവാര്‍ഡ് ലഭിച്ചത് മുതല്‍ സര്‍ക്കാരിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അദ്ദേഹത്തോട് പ്രശ്നമുണ്ട് എന്ന തരത്തില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു.
അല്ലു അര്‍ജുന്റെ നിരവധി ആരാധകര്‍ സ്റ്റേഷന് മുന്നിലേക്ക് എത്തിയിട്ടുണ്ട്. ജാമ്യം ലഭിച്ച ഘട്ടത്തില്‍ ഇവരെ സ്റ്റേഷന് മുന്നില്‍ നിന്ന് നീക്കിയതാണ്. എന്നാല്‍ വീണ്ടും സ്റ്റേഷന് മുന്നിലേക്ക് എത്തുകയായിരുന്നു.
അതേസമയം, എല്ലാവര്‍ക്കും ഒരേ നിയമം എന്നാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം. കുറ്റം ആര് ചെയ്താലും ഒരേ നിയമം ആണുള്ളത്. നടന്‍ ആണോ എന്ന് നോക്കി നിയമം മാറ്റാന്‍ ആകില്ല. അല്ലു അര്‍ജുന്‍ വെറുതെ വന്ന് സിനിമ കണ്ടിട്ട് പോയതല്ല. അല്ലു അര്‍ജുന്‍ കാറില്‍ നിന്ന് ആരാധകരുടെ ഇടയിലേക്ക് ഇറങ്ങിയതാണ് തിക്കുംതിരക്കും ഉണ്ടാകാന്‍ കാരണം. അല്ലുവിന്റെ കുടുംബം കോണ്‍ഗ്രസ് കുടുംബമാണ്. അദ്ദേഹത്തിന്റെ മുത്തച്ഛനും അമ്മാവനും കോണ്‍ഗ്രസുകാരാണ്. പ്രതിഷേധങ്ങള്‍ കൈവിട്ട് പോയാല്‍ ശക്തമായ നിയമനടപടി ഉണ്ടാകും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
അല്ലു അര്‍ജുന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. അറസ്റ്റ് നടന്നത് ഹൈദരാബാദിലാണെങ്കിലും രണ്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെയാണ് ഇത് ബാധിക്കുക. നിലവില്‍ രണ്ടു സംസ്ഥാനങ്ങളാണെങ്കിലും തെലങ്കാനയും ആന്ധ്രാപ്രദേശും ഇന്നും സിനിമയുടെ കാര്യത്തില്‍ ഒന്നാണ്. തെലുങ്ക് സിനിമാ മേഖലയെ സംസ്ഥാന അതിര്‍ത്തിയെന്ന വേലി കൊണ്ട് വേര്‍തിരിക്കാനാവാത്തതും ഈ രാഷ്ട്രീയവിവാദത്തിനു പുതിയ മാനം നല്‍കുന്നു.
രണ്ട് സംസ്ഥാനങ്ങളിലായി നിലനില്‍ക്കുന്ന പ്രധാന പാര്‍ട്ടികളുടെ നിലപാടും അല്ലു, കൊനിഡേല കുടുംബങ്ങള്‍ക്കിടയിലെ അകല്‍ച്ചയും ഈ കുടുംബങ്ങള്‍ക്ക് തെലുങ്ക് രാഷ്ട്രീയത്തിലുള്ള നിര്‍ണായക സ്വാധീനവും വീണ്ടും ചര്‍ച്ചയാകുകയാണ്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ളവരാണ് അല്ലു രാമലിംഗയ്യയുടെയും കൊനിഡേല വെങ്കട് റാവുവിന്റെ പൂര്‍വികര്‍. എഴുത്തുകാരനായ കൊനിഡേല വെങ്കട് റാവുവിന്റെ മക്കളാണ് നടന്‍മാരായ ചിരഞ്ജീവിയും നാഗേന്ദ്ര ബാബുവും പവന്‍ കല്യാണും. നടനും എഴുത്തുകാരനുമായ അല്ലു രാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത്. അന്നു മുതല്‍ രണ്ടു കുടുംബങ്ങളും അടുപ്പത്തിലായി. സുരേഖയുടെ സഹോദരന്‍ അല്ലു അരവിന്ദിന്റെ മക്കളാണ് അല്ലു അര്‍ജുനും അല്ലു സിരിഷും.
ബന്ധുക്കളാണെങ്കിലും അല്ലു അര്‍ജുനുമായി ഏറെ നാളായി അകല്‍ച്ചയിലാണ് ആന്ധ്രാ ഉപമുഖ്യമന്ത്രിയും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍. പവന്‍ കല്യാണ്‍ ആരാധകര്‍ പുഷ്പ 2 ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശില്‍പ രവിയെ പിന്തുണച്ചതാണ് അകല്‍ച്ചയ്ക്കു കാരണം.
ആന്ധ്രാപ്രദേശില്‍ അല്ലു കുടുംബത്തിന്റെ പിന്തുണ പലപ്പോഴും വൈഎസ്ആര്‍ കോണ്‍ഗ്രസിനായിരുന്നു. എതിര്‍പക്ഷത്തുള്ള ചന്ദ്രബാബു നായിഡുവിനും പവന്‍ കല്യാണിനും അല്ലു കുടുംബവുമായുള്ള അകല്‍ച്ചയ്ക്ക് ഇത് കാരണമായിരുന്നിരിക്കാം. തെലങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചന്ദ്രബാബു നായിഡുവിന് അനുകൂലമായാണ് നിലവില്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നത്. ഇതും അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നിറം പകരുകയാണ്.