- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
7699-ാം നമ്പര്‍ തടവുകാരനായി തറയില്‍ ഒരു രാത്രി കഴിഞ്ഞ ശതകോടിയുടെ നടന്‍; 20 വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്; ഇത് തികച്ചും ഒരു അപകടമാണ് സംഭവിച്ചത്; തന്റെ കുടുംബം നേരിട്ടത് വലിയ വെല്ലുവിളി; നിയമത്തില്‍ നിന്നും ഒളിച്ചോടില്ലെന്ന് അല്ലു അര്ജുന്; ആ കേസ് പിന്‍വലിക്കുമെന്ന് പരാതിക്കാരന്; 'അനധികൃത തടങ്കല്‍' ചര്‍ച്ച തുടരും
ഹൈദരാബാദ് : പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്ന് അല്ലു അര്‍ജുന്‍. നിയമത്തില്‍ നിന്ന് ഒളിച്ചോടില്ല . താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. വര്‍ഷങ്ങളായി താന്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന് ജയില്‍ മോചനത്തിന് പിന്നാലെ താരം വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കാണാറുണ്ട്. ഇത് തികച്ചും ഒരു അപകടമാണ് സംഭവിച്ചത്. തന്റെ കുടുംബം നേരിട്ടത് വലിയ വെല്ലുവിളിയാണ്. എന്നാലും നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട് എന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാനില്ല എന്നും താരം വ്യക്തമാക്കി. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നതിലും വന്‍ ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനില്‍ക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ച് മുന്‍ഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
7699-ാം നമ്പര്‍ തടവുകാരനായിരുന്നു അല്ലു. രാത്രിയില്‍ ചെലവഴിച്ചത് വെറും തറയിലാണ്. ഒരു പ്രത്യേക പരിഗണനയും അല്ലുവിന് തെലുങ്കാനയിലെ ജയില്‍ അധികൃതര്‍ നല്‍കിയില്ല. 50000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം കിട്ടിയത്. ഇന്നലെ തന്നെ താരത്തിന് ജാമ്യം കിട്ടാനുള്ള നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. ജയില്‍മോചിതനായ നടനെ സ്വീകരിക്കാന്‍ എത്തിയ അച്ഛന്‍ അല്ലു അരവിന്ദ്, ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി എന്നിവരോടൊപ്പം ജയില്‍ വളപ്പില്‍ നിന്ന് പിന്‍ഭാഗത്തെ ഗേറ്റില്‍ നിന്നാണ് താരം പുറത്തിറങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടും ജയില്‍ അധികൃതര്‍ വിട്ടയക്കാത്തതിനാല്‍ നടന്റെ അറസ്റ്റ് ''അനധികൃത തടങ്കല്‍'' ആണെന്ന് അല്ലു അര്‍ജുന്റെ അഭിഭാഷകന്‍ അശോക് റെഡ്ഡി പറഞ്ഞു. 'ഹൈക്കോടതിയില്‍ നിന്ന് ഉത്തരവിന്റെ പകര്‍പ്പ് അവര്‍ക്ക് ലഭിച്ചു, എന്നിട്ടും, അവര്‍ അവനെ വിട്ടയച്ചില്ല ... അവര്‍ ഉത്തരം പറയേണ്ടിവരും. ഇത് നിയമവിരുദ്ധമായ തടങ്കലാണ്. ഞങ്ങള്‍ നിയമനടപടി സ്വീകരിക്കും ...ഇപ്പോള്‍, വിട്ടയച്ചു,' അദ്ദേഹം പറഞ്ഞു.
പുഷ്പ 2 സ്‌ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിക്കാത്തതിനാല്‍ നടനെ ഇന്നലെ രാത്രി ചഞ്ചല്‍ഗുഡ ജയിലേക്ക് മാറ്റി. അതേസമയം നടന്‍ അല്ലു അര്‍ജുനെതിരായ പരാതി പിന്‍വലിക്കുമെന്ന് തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍ അറിയിച്ചു. അല്ലു അര്‍ജുന്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പ്രതികരണം. 'പുഷ്പ 2 കാണണമെന്ന മകന്റെ ആഗ്രഹപ്രകാരമാണ് തിയറ്ററിലെത്തിയത്. ആ സമയം തിയറ്റര്‍ സന്ദര്‍ശിച്ചത് അല്ലു അര്‍ജുന്റെ കുഴപ്പമല്ല. പരാതി പിന്‍വലിക്കാന്‍ തയ്യാറാണ്. അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ദുരന്തത്തില്‍ അല്ലു അര്‍ജുന് പങ്കില്ല'- ഭാസ്‌കര്‍ പറഞ്ഞു. ഭാര്യ രേവതി മരണത്തിനുപിന്നാലെ അല്ലുവിനും തിയേറ്ററുകാര്‍ക്കുമെതിരെ ഭാസ്‌കറാണ് പരാതി നല്‍കിയത്. യുവതിയുടെ കുടുംബത്തിന് അല്ലു 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം അല്ലു അര്‍ജുന് സിനിമാ, രാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ പിന്തുണയുമായെത്തി. ബന്ധുകൂടിയായ നടന്‍ ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തി. തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അല്ലുവിന്റെ ആരാധകരുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പുഷ്പ-2 ന്റെ പ്രിമിയര്‍ ദിവസം അപ്രതീക്ഷിതമായി അല്ലുവും സംഘവും തിയറ്ററിലെത്തിയത് വലിയ ക്രമസമാധാന പ്രശ്നമുണ്ടാക്കിയെന്നും അതാണ് അപകടകാരണമെന്നുമായിരുന്നു അല്ലു അര്‍ജുനു ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. അല്ലു അടക്കമുള്ള താരങ്ങളോട് തിയറ്റര്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്റെ രേഖകള്‍ ഉടന്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ബോധപൂര്‍വം ആരെയും ഉപദ്രവിക്കാന്‍ നടന്‍ ഉദ്ദേശിച്ചില്ലെന്നും തിക്കും തിരക്കും നിയന്ത്രിക്കേണ്ടിയിരുന്നത് പോലീസാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു. നടന്നതിനൊന്നും അല്ലു ഉത്തരവാദിയല്ല. ദുരന്തം നടക്കുമ്പോള്‍ താരം തിയറ്ററിനകത്തായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ അല്ലു തയാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ജാമ്യമനുവദിച്ചത്. ജാമ്യഹര്‍ജി തള്ളിയാല്‍ ചെഞ്ചല്‍ഗുഡയിലെ ജയിലിലേക്ക് അല്ലു അര്‍ജുനെ മാറ്റാനായി പോലീസ് തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
അതേസമയം, അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തെലങ്കാന സര്‍ക്കാരിനെതിരെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. പബ്ലിസിറ്റി സ്റ്റണ്ടാണ് അറസ്റ്റ് നടപടിയെന്നും തിയറ്ററില്‍ മതിയായ സുരക്ഷ ഒരുക്കാതിരുന്നതിന്റെ വീഴ്ച സംസ്ഥാന സര്‍ക്കാരിനാണെന്നും കോണ്‍ഗ്രസിന് കലാകാരന്‍മാരോട് ബഹുമാനമില്ലെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കുറ്റപ്പെടുത്തി.