കോന്നി: മൂവാറ്റുപുഴ -പുനലൂര്‍ സംസ്ഥാന പാതയിലെ കോന്നി കൂടലിനെ ഞെട്ടിച്ച് 24 മണിക്കൂറിനിടെ രണ്ട് അപകടങ്ങള്‍. ശനിയാഴ്ച രാവിലെ 6.30-നായിരുന്നു ഈ മേഖലയില്‍ ആദ്യ അപകടം നടന്നത്. കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ച നാലു മണിയോടെ നാലു പേരുടെ മരണത്തിന് കാരണമായ മറ്റൊരു അപകടം.

ശനിയാഴ്ച രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും പുനലൂരിലേക്ക് മടങ്ങുന്ന ആറംഗ സംഘ കുടുംബം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച രാവിലെ 6.30നായിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങിയവര്‍ അപകടത്തില്‍ ഇതിന് അടുത്ത് മരിച്ചു. ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തിയ മകളെയും വിളിച്ചുകൊണ്ട് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പുനലൂര്‍ കോട്ടവട്ടം സോജി ഭവനില്‍ വര്‍ഗീസ് (60), ഭാര്യ സുസന്‍ വര്‍ഗീസ്, മകന്‍ സോജന്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എതിരേ ഓവര്‍ടേക്കുചെയ്തുവന്ന ശബരിമല തീര്‍ഥാടകരുടെ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മിനി ലോറിയില്‍ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ ഇരുന്ന സോജന്‍ വര്‍ഗീസ് വാഹനത്തില്‍ കുരുങ്ങിപ്പോയിരുന്നു. കോന്നിയില്‍നിന്ന് അഗ്നിരക്ഷാസേനയും കൂടല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് വാഹനത്തിന്റെ മുന്‍വശം പൊളിച്ചാണ് സോജനെ പുറത്തെടുത്തത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കൂടല്‍ മേഖലയിലെ മല്ലശ്ശേരിമുക്ക് അപകടഭീഷണിയിലാണ്. കോന്നിക്കും കുമ്പഴയ്ക്കും ഇടയ്ക്കാണ് മല്ലശ്ശേരിമുക്ക്. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ അശ്രദ്ധകാരണം അപകടത്തില്‍പ്പെടുന്നത് പതിവായിട്ടുണ്ട്. ശബരിമല സീസണ്‍ തുടങ്ങിയശേഷം നിരവധി വാഹനങ്ങളുടെ കൂട്ടിയിടി നടന്നു. കെ.എസ്.ആര്‍.ടി.സി. ബസിനെ മറികടക്കുന്നതിനിടയില്‍ സ്വകാര്യബസിടിച്ച് അപകടമുണ്ടായി. അതിനുശേഷം ഇവിടെ ഹോം ഗാര്‍ഡിനെ നിയമിച്ചിട്ടുണ്ട്. പൂങ്കാവ്, മല്ലശ്ശേരി റോഡും, കോന്നി കുമ്പഴറോഡും ചേരുന്ന ജങ്ഷനാണ് മല്ലശ്ശേരി.

കഴിഞ്ഞദിവസം വാഹന വില്‍പ്പനകേന്ദ്രത്തിലെ ഇരുചക്രവാഹത്തില്‍ പോയ ജീവനക്കാരന്‍ ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചുവീഴ്ത്തി. ലോട്ടറിക്കച്ചവടക്കാരനായ പുലിപ്പാറക്കുഴിയില്‍ ശശിക്കാണ് പരിക്കേറ്റത്. കാല്‍നടയായി പോയിരുന്ന ശശിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശി കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. മല്ലശ്ശേരിമുക്കില്‍ അപകടം തുടര്‍ സംഭവമാകുന്നത് സംബന്ധിച്ച് കോന്നി താലൂക്ക് വികസനസമിതിയില്‍ പലതവണ ആക്ഷേപം ഉന്നയിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പോ മറ്റ് അധികാരികളോ സ്ഥലപരിശോധനയ്ക്കുപോലും എത്തിയിട്ടില്ല.

ഞായറാഴ്ച അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചതോടെ ഈ മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ എത്തുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.തെലങ്കാനയില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ പുലര്‍ച്ചെ 4:05 നായിരുന്നു അപകടം സംഭവിച്ചത്. കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്. മത്തായി ഈപ്പന്‍ , നിഖിന്‍ (29), അനു (26), ബിജു പി ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്.

അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പന്‍. നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാ?ഹം. മലേഷ്യയില്‍ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പന്‍ മത്തായിയും. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. വീടിന് വെറും ഏഴ് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഈപ്പന്‍ മത്തായി, നിഖില്‍, ബിജു എന്നിവര്‍ സംഭവസ്ഥലത്ത് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അനു മരിച്ചത്.