- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുഗ്രാമില്‍ നികിത ഒളിച്ചത് പേയിംഗ് ഗസ്റ്റായി; അമ്മയും സഹോദരനും പ്രയാഗ് രാജിലെ ജുസി ടൗണില്‍; ഫോണ്‍വിളി വാട്ട്സാപ്പില്‍; എന്നിട്ടും പ്രതികളെ കുരുക്കിയത് ആ ഫോണ്‍ കോള്‍; നാലു വയസ്സുള്ള മകന് എവിടെ? അതുല്‍ സുഭാഷിന്റെ ആത്മഹത്യയില്‍ പ്രതികള്‍ പറയുന്നത്
അതുല്‍ സുഭാഷിന്റെ ആത്മഹത്യയില്‍ പ്രതികള്‍ പറയുന്നത്
ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ ഐ ടി ജീവനക്കാരന് അതുല്‍ സുഭാഷ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച ശേഷം ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒളിവിലായിരുന്ന അതുലിന്റെ ഭാര്യ നികിത സിംഘാനിയ, സഹോദരന് അനുരാഗ് സിംഘാനിയ, ഇവരുടെ അമ്മ നിഷ സിംഘാനിയ എന്നിവരെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം കേസിലുള്‍പ്പെട്ട നികിതയുടെ അമ്മാവന് സുശീല്‍ സിംഘാനിയെ ഇനിയും കണ്ടെത്താനായിട്ടില്ല.
അതുലിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ ഒളിവില്‍ പോയ നികിത ഗുരുഗ്രാമില്വെച്ചാണ് അറസ്റ്റിലാവുന്നത്. നിഷയും അനുരാഗും പ്രയാഗ് രാജില്‍വെച്ചും. ബംഗളൂരു പോലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെ ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലുള്ള വീട് പ്രതികള്‍ പൂട്ടിയിട്ടുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ജൗന്‍പൂരിലെത്തിയ ബെംഗളൂരു പോലീസ് സംഘം പ്രതികളുടെ വീട്ടില്‍ മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. തുടര്‍ന്ന് സിംഘാനിയാ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളുടെ പട്ടികയും സംഘം തയ്യാറാക്കി നിരീക്ഷിച്ചു. എന്നാല്‍ പ്രതികള്‍ പിടിക്കപ്പെടാതിരിക്കാന്‍ വാട്ട്സ്ആപ്പില്‍ മാത്രം കോളുകള്‍ ചെയ്തതിനാല്‍ അവരെ ട്രാക്ക് ചെയ്യുന്നതിന് ഏറെ ബുദ്ധിമുട്ടി. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി സിംഘാനിയ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.
പോലീസുകാര്‍ തന്നെ തേടിയെത്തുമെന്ന് മനസിലാക്കിയ നികിത സ്വന്തം ലൊക്കേഷന്‍ ഓരോ തവണയും മാറ്റിക്കൊണ്ടിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ വിളിക്കാന്‍ വാട്ട്സാപ്പ് ഉപയോഗിച്ചു. ഇതിനിടയിലൂടെ മുന്‍കൂര്‍ ജാമ്യത്തിനും നികിത ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇടയ്ക്ക് ഒരു ബന്ധുവിന് ചെയ്ത ഒരു ഫോണ്‍ കോള്‍ ട്രാക്ക് ചെയ്ത ബെംഗളൂരു പോലീസ് നികിതയെ വിദഗ്ധമായി കുരുക്കുകയായിരുന്നു.
ഒളിവില്‍ പോയ നികിത ഗുരുഗ്രാമില്‍ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനം തരപ്പെടുത്തിയപ്പോള്‍ അമ്മയും സഹോദരനും ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലെ ജുസി ടൗണിലാണ് ഒളിച്ചത്. ഇതിനിടെ ഇവരെല്ലാം വാട്സാപ്പ് കോളുകള്‍ വഴി ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുമുണ്ടായിരുന്നു.
പക്ഷേ, നികിത തന്റെ അടുത്ത ബന്ധുക്കളില്‍ ഒരാളെ അബദ്ധത്തില്‍ വിളിച്ചിരുന്നു. പോലീസ് ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുകയും ഗുരുഗ്രാമിലെ റെയില്‍ വിഹാറിലെ പിജി താമസസ്ഥലത്ത് എത്തുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സംഘം ആവശ്യപ്പെട്ടതിനനുസരിച്ച് നികിത അമ്മയെ വിളിച്ചു. തുടര്‍ന്ന് പോലീസ് അവരെ ജുസി ടൗണില്‍പ്പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അതേ സമയം അതുല്‍ സുഭാഷിന്റെ പിതാവ് ഇന്നലെ ഉന്നയിച്ച അതുലിന്റെ നാലു വയസ്സുള്ള മകന് എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കുട്ടിയെ കുടുംബത്തിലെ ഒരു ബന്ധുവിനെ ഏല്‍പ്പിച്ചുവെന്നാണ് പ്രതികളില്‍ നിന്നും ലഭിച്ച വിവരം.
അറസ്റ്റിലായ നികിതയടക്കമുള്ള മൂന്നുപേരേയും വിമാനമാര്‍ഗമാണ് പോലീസ് ബെംഗളൂരുവിലെത്തിച്ചത്. ഈ യാത്രയ്ക്കിടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. വിമാനത്തിലെ മറ്റുയാത്രികര്‍ ഇവരെ തിരിച്ചറിയരുതെന്ന വെല്ലുവിളിയായിരുന്നു പോലീസിന് മുന്നിലുണ്ടായിരുന്നത്. കൂടാതെ ഇവരെ പിടികൂടിയ വിവരം ബെംഗളൂരുവിലെത്തും വരെ മാധ്യമങ്ങള്‍ അറിയുകയുമരുത്.
അതുല്‍ സുഭാഷിന്റെ മരണത്തില്‍ അത്രയേറെ പ്രതിഷേധം ഉയര്‍ന്നിരുന്നു എന്നതായിരുന്നു ഇതിന് കാരണം. യാതൊരുവിധ പ്രതിഷേധത്തിനും ഇടംകൊടുക്കാതെ വിമാനത്താവളത്തിന് പുറത്തെത്തുംവരെ ജാഗരൂകരായിരുന്നു ബെംഗളൂരു പോലീസ്. വിമാനമിറങ്ങിയശേഷം മൂന്നുപേരേയും വൈദ്യപരിശോധന നടത്തി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുകയും ജയിലിലേക്കയയ്ക്കുകയും ചെയ്തു. എല്ലാവരെയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അതേ സമയം അതുലിനെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്നും അതുല്‍ തന്നെയാണ് പീഡിപ്പിച്ചതെന്നുമാണ് നികിത പോലീസിനോട് പറഞ്ഞതെന്നാണ് അന്വേഷണ സംഘത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം. പണം വേണമെങ്കില്‍ അവരുടെ വീട്ടില്‍ നിന്ന് ഇറങ്ങില്ലായിരുന്നുവെന്നും നികിത പറഞ്ഞു.
ഏകദേശം മൂന്ന് വര്‍ഷമായി താന്‍ സുഭാഷില്‍ നിന്ന് അകന്ന് നില്‍ക്കുകയാണെന്ന് നികിത പറയുന്നു. പണത്തിന് വേണ്ടിയാണ് അവനെ ശല്യപ്പെടുത്തിയതെങ്കില്, എന്തിനാണ് അകന്നുനില്ക്കുന്നതെന്നും നികിത ചോദിക്കുന്നു.
നികിതയും കുടുംബവും തനിക്കും കുടുംബത്തിനും എതിരെ ക്രൂരതയ്ക്കും സ്ത്രീധന പീഡനത്തിനും കള്ളക്കേസുകള്‍ ചുമത്തി പണം തട്ടിയെടുക്കുകയാണെന്ന് അതുല്‍ സുഭാഷ് തന്റെ 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലും ആരോപിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ മൂന്ന് കോടി രൂപ നികിത ആവശ്യപ്പെട്ടിരുന്നതായി ജീവനൊടുക്കുംമുന്പ് അതുല്‍ സുഭാഷ് പറഞ്ഞു.