തിരുവനന്തപുരം: വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി സി.പി.എം. പാളയം ഏരിയാ സമ്മേളനത്തിനായി വേദി നിര്‍മിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ പൊലീസ് നടപടിയില്‍ കുരുങ്ങി മൈക്ക് സെറ്റ് ഓപ്പറേറ്റര്‍മാരും വേദി കെട്ടാന്‍ കരാറെടുത്തവരും അതിഥി തൊഴിലാളികളും. റോഡില്‍ വേദി നിര്‍മിച്ചതിനാണ് അതിഥിത്തൊഴിലാളികളായ എട്ടു പേര്‍ക്കെതിരേ കേസെടുത്തത്. വേദി കെട്ടാന്‍ കരാറെടുത്തവര്‍ക്കെതിരേയും മൈക്ക് സെറ്റ് ഓപ്പറേറ്റര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൊതുസമ്മേളനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് തിരിച്ചറിയുന്ന സി.പി.എം. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പേരും ഉള്‍പ്പെടുത്തും.

മുപ്പതോളം സി.പി.എം. നേതാക്കള്‍ക്കും എട്ട് അതിഥിത്തൊഴിലാളികള്‍ക്കുമെതിരേയാണ് പൊലീസ് കേസെടുത്തത്. ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ പി.ബാബുവാണ് ഒന്നാം പ്രതി. 20 ഏരിയാ കമ്മിറ്റി അംഗങ്ങളെയും പ്രതിയാക്കിയിട്ടുണ്ട്. ഹൈക്കോടതി ഇടപെട്ടതോടൊണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്. കഴിഞ്ഞ അഞ്ചിനായിരുന്നു പൊതുസമ്മേളനം നടത്തുന്നതിന് വഞ്ചിയൂര്‍ കോടതിക്കും പോലീസ് സ്റ്റേഷനും മുന്നില്‍ ഒരു വശത്തേക്കുള്ള റോഡ് പൂര്‍ണമായും കൈയേറി സി.പി.എം. വേദി നിര്‍മിച്ചത്. രാവിലെ മുതല്‍ രാത്രി സ്റ്റേജ് പൊളിച്ചുമാറ്റുന്നതു വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

സിപിഎം നേതാക്കള്‍ ഇടപെട്ടാണ് വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി വേദി നിര്‍മ്മിച്ചതും സമ്മേളനം നടത്തിയതും. എന്നാല്‍ ഹൈക്കോടതി വിമര്‍ശിക്കുകയും നടപടിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതോടെ പരിപാടിക്കായി മൈക്ക് സെറ്റുകള്‍ എത്തിച്ചു നല്‍കിയവരും വേദി കെട്ടാന്‍ കരാര്‍ എടുത്തവരും തൊഴിലാളികളും വരെ കേസില്‍ പ്രതികളായി മാറി.


വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടര്‍ന്ന് കെ.പി.എ.സി.യുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു. 50-ഓളം പോലീസുകാരെയാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിരുന്നത്. വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്.

റോഡടച്ചുള്ള സമ്മേളനത്തിനെതിരെ വഞ്ചിയൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സി.പി.എം അനുമതി വാങ്ങിയിരുന്നത്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

റോഡ് അടച്ചുള്ള സിപിഎം സമ്മേളനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വഴിതടഞ്ഞുള്ള സി.പി.എം സമ്മേളന വേദിയില്‍ പങ്കെടുത്തത് 16 നേതാക്കളെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹൈക്കോടതിയില്‍ ഡി.ജി.പി നല്‍കിയ സത്യവാങ്മൂലത്തിലാണ് വിവരം. എം.വി.ഗോവിന്ദന്‍, എം.വിജയകുമാര്‍ തുടങ്ങി പേരുകള്‍ പറഞ്ഞ് പൊലീസ് റിപ്പോര്‍ട്ട്. റോഡ് തടഞ്ഞുള്ള പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ ഉടന്‍തന്നെ ഇടപെടുകയും, സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്രട്ടേറിയേറ്റിനു മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു

സംഭവദിവസം രാത്രി കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്. പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിനായിരുന്നു കേസ്. റോഡ് കൈയേറി സ്റ്റേജ് നിര്‍മിച്ചതു സംബന്ധിച്ച് എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി, പൊതുസമ്മേളനത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും ആരാഞ്ഞിരുന്നു. ഇതോടെയാണ് റോഡ് തടസ്സപ്പെടുത്തി വേദി കെട്ടിയതിനും കേസെടുത്തത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി വി.ജോയി, വി.കെ.പ്രശാന്ത് എം.എല്‍.എ. എന്നിവരടക്കമുള്ള നേതാക്കള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ച് മടങ്ങിയെന്നാണ് വിവരം. ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് അടച്ച് വേദികെട്ടിയത് ശരിയായില്ലെന്നാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി പ്രതികരിച്ചത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. പാളയം ഏരിയാ കമ്മിറ്റിക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റി. അനാവശ്യമായി വര്‍ത്ത സൃഷ്ടിക്കാന്‍ മാത്രമാണ് ഇത് ഉപകരിച്ചത്. ജനറല്‍ ആശുപത്രിക്കു മുന്നില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നു കരുതിയാണ് വേദി കെട്ടിയതെന്നും ജോയി പറഞ്ഞു.

കേരളത്തില്‍ വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ രൂക്ഷവിമര്‍ശനം നടത്തിയത്. സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കല്‍ വര്‍ധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടപ്പാത തടഞ്ഞ് സമരം ചെയ്തതിലും വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്തിയതിലും കോടതിയലക്ഷ്യ കേസ് എടുക്കുന്നത് പരിഗണിക്കുന്നുവെന്നുമാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.

റോഡില്‍ എങ്ങനെയാണ് സ്റ്റേജ് നിര്‍മിച്ചതെന്ന് കോടതി ആരാഞ്ഞു. ഇതിനു വേണ്ടി റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ കേസ് ഇനിയും ഗുരുതരമാകും. റോഡ് അടച്ചുകെട്ടുന്നതും നടപ്പാത തടസപ്പെടുത്തുന്നതുമൊക്കെ സംബന്ധിച്ച് 2021ലെ ഉത്തരവുണ്ട്. ഇത് ലംഘിച്ചിരിക്കുകയാണ്. ഇതിന് പരിപാടിയുടെ സംഘാടകരും അതില്‍ പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടപ്പാത അടച്ചുകെട്ടി സമരം നടത്തിയതും കോടതി പരിഗണിച്ചു. ഇത് നിയമലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനത്ത് ഫുട്പാത്തില്‍ നടക്കുന്നവര്‍ക്ക് പോലും രക്ഷയില്ലെന്നും പറഞ്ഞു.