- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യപേപ്പര്‍ അച്ചടിച്ച സിആപ്റ്റില്‍ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെയാണ് നടക്കുന്നത്; അതിനാല്‍ ചോരാന്‍ സാദ്ധ്യത കുറവ്; അദ്ധ്യാപകര്‍ക്ക് വീഴ്ചയുണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍; ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തില്ല? അട്ടിമറിയില്‍ ദുരൂഹത തുടരുന്നു
തിരുവനന്തപുരം : അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് അദ്ധ്യാപകര്‍ക്ക് വീഴ്ചയുണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. അദ്ധ്യാപരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിക്കും. എന്നാല്‍ അറസ്റ്റുകളിലേക്ക് ക്രൈംബ്രാഞ്ച് കടന്നിട്ടില്ല. ഇത് ചില ഉന്നതര രക്ഷിക്കാനാണെന്ന സൂചനയുണ്ട്. സമഗ്ര ശിക്ഷാ കേരളത്തിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ നടക്കുന്നത്. ഇവിടെ ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ സംഘത്തിലുണ്ടായിരുന്ന അദ്ധ്യാപകരെല്ലാം സംശയനിഴലാണ്. ഇവരെല്ലാം ഇടതു സംഘടനാ നേതാക്കളാണ്. അതിനിടെ ഇവരിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ പുതിയ നീക്കങ്ങളും നടക്കുന്നുണ്ട്.
ഒരാഴ്ച മുന്‍പ് സ്‌കൂളുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകള്‍, കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ തലേന്നു തന്നെ പൊട്ടിച്ച് ഹാളുകളിലേക്കുള്ള കെട്ടുകളാക്കും. ഇതില്‍ നിന്ന് ഫോട്ടോയെടുത്ത് ചോര്‍ത്തിയതാവാനും സാദ്ധ്യതയേറെ എന്ന് വരുത്താനാണ് നീക്കം. ഈ തിയറിയില്‍ കാര്യങ്ങളെത്തിച്ചാല്‍ പ്രതികളെ കണ്ടെത്താന്‍ സാധ്യത കുറവാണ്. അതിനിടെ എം എസ് സൊല്യൂഷന്‍സ് പുതിയ വാദം ഉയര്‍ത്തുന്നുണ്ട്. മുന്‍കാല പരീക്ഷകള്‍ അവലോകനം ചെയ്താണ് എംഎസ് സൊല്യൂഷന്‍സ് സാധ്യതാ ചോദ്യം തയ്യാറാക്കിയതെന്ന് അവര്‍ പറയുന്നു. ഇതിലൂടെ ചോര്‍ച്ചാ വാദം അവര്‍ തള്ളുകയാണ്. ഈ നിലപാട് തന്നെയാകും അന്വേഷണത്തിലും അവര്‍ ചര്‍ച്ചയാക്കുക.
പൊതുപരീക്ഷയല്ലാത്തതിനാല്‍ ലാഘവത്തോടെ കണ്ട അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ ഏജന്‍സികളെ സഹായിക്കനായി രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചില്ലെന്നും ആരോപണമുണ്ട്. ഇക്കൊല്ലത്തെ ഓണപ്പരീക്ഷയുടെ എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകള്‍ ഇതേ യൂട്യൂബ് ചാനലിലൂടെ ചോര്‍ന്നിരുന്നു. അന്ന് യൂട്യൂബ് ഉടമയുടെ മൊഴിയെടുത്തിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്നും വിലയിരുത്തുന്നു. പക്ഷേ സത്യം പുറത്തു വന്നാല്‍ ഇടതു നേതാക്കള്‍ പ്രതിക്കൂട്ടിലാകും. അതുകൊണ്ട് തന്നെ വേണ്ടത്ര പ്രതിരോധമുണ്ടാകും. ഇതിന് വേണ്ടിയാണ് അറസ്‌റ്റൊഴിവാക്കുന്നത്. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതും കേസ് അട്ടിമറിയുടെ സാധ്യത ശക്തമാക്കുന്നുണ്ട്.
സി.ആപ്റ്റിലാണ് ചോദ്യപേപ്പറുകള്‍ അച്ചടിക്കുന്നത്. ഇവിടത്തെ സുരക്ഷയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. പ്രിന്റിംഗ് ഘട്ടത്തില്‍ പാളിച്ചകളുണ്ടായെന്ന സംശയമാണ് അദ്ധ്യാപകര്‍ ഉന്നയിക്കുന്നത്. സ്വകാര്യ പ്രസുകളിലേക്ക് ചോദ്യപേപ്പര്‍ എത്തിയിരുന്നോയെന്നും ചോദ്യപേപ്പര്‍ ആരെങ്കിലും സ്വകാര്യ ഇ മെയിലുകളിലേക്ക് മാറ്റിയോയെന്നുമുള്ള സാങ്കേതിക പരിശോധനയും നടക്കും. ചോദ്യപേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകര്‍ യൂട്യൂബ് ചാനലിന് ചോര്‍ത്തി നല്‍കിയതാവാം. സെറ്റ് ചോദ്യം തയ്യാറാക്കി അതിലൊരെണ്ണം പ്രിന്റിംഗിനയയ്ക്കും. ഡയറ്റ് വഴിയാണ് വിതരണം.
ചോദ്യപേപ്പര്‍ അച്ചടിച്ച സിആപ്റ്റില്‍ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെയാണ് നടക്കുന്നത്. അതിനാല്‍ ചോരാന്‍ സാദ്ധ്യത കുറവാണ്. ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും കടക്കുന്നുവെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. യുട്യൂബ് ചാനലില്‍ ക്ലാസുകള്‍ എടുക്കുകയും ക്ലാസുകള്‍ തയ്യാറാക്കാനായി സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് നേരെയാണ് അന്വേഷണം. എംഎസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധ്യാപകരുടെ മൊഴിയെടുത്തു . കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരില്‍ നിന്ന് തെളിവുകളും ശേഖരിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അധ്യാപകര്‍ക്കോ വിദ്യാഭ്യാസ വകുപ്പിലെ മറ്റു ജീവനക്കാര്‍ക്കോ പങ്കുള്ളതായി അറിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതിന് ശേഷം ആരോപണ വിധേയരായ എംഎസ് സൊലുഷ്യന്‍സ് ഉടമയില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുക്കും. വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയില്‍ അവര്‍ കണ്ടെത്തിയ കാര്യങ്ങളും നിഗമനങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ കാലങ്ങളിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പട്ട രേഖകളും ശേഖരിച്ചു.
കോഴിക്കോട് ഡിഡിഇ താമരശ്ശേരി ഡിഇഒ , കൊടുവള്ളി എഇഒ എന്നിവരില്‍ നിന്നാണ് വിവരങ്ങള്‍ എടുത്തത് . കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് അടക്കം ചോദ്യങ്ങള്‍ പ്രവചിച്ച മുഴുവന്‍ യൂട്യൂബ ചാനലുകള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഡിഡിഇ മനോജ് കുമാര്‍ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. എംഎസ് സൊല്യൂഷന്‍ യു ട്യൂബ് ചാനലിലെ വിഡിയോകളും സംഘം പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം എംഎസ് സൊലുഷ്യന്‍സ് ഉടമയുടെയും ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകരുടെയും മൊഴിയെടുക്കും.