ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജോര്ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ വമ്പന്‍ ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം കേരളത്തില്‍ നിന്നുള്ള വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതന്മാര്‍ പങ്കെടുത്തു. ജോര്‍ജ് കുര്യനും കുടുംബവും ചേര്‍ന്നാണ് പ്രധാനമന്ത്രിയെയും മറ്റ് വിശിഷ്ട അതിഥികളെയും സ്വീകരിച്ചത്. നക്ഷത്രവിളക്കുകള്‍ തൂക്കിയും പുല്‍ക്കൂട് ഒരുക്കിയും നടന്ന ആഘോഷത്തില്‍ പുല്‍ക്കൂടിനു മുന്‍പില്‍ പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു. അതിനു ശേഷം പ്രധാനമന്ത്രി ക്രിസ്മസ് കരോള്‍ കേട്ടു.




വൈകിട്ട് ഡല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച വിരുന്നിലാണ് പ്രധാനമന്ത്രിയും പങ്കെടുത്തത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുളള ക്രൈസ്തവ പുരോഹിതരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും പത്നിയും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഉണ്ണിയേശുവിന്റെയും പുല്‍ക്കൂടിന്റെയും രൂപത്തിന് മുന്‍പില്‍ പ്രധാനമന്ത്രി മെഴുകുതിരി തെളിച്ചു. കരോള്‍ സംഘത്തിന്റെ ഗാനവിരുന്നും ഒരുക്കിയിരുന്നു. ശ്രദ്ധയോടെ പരിപാടി വീക്ഷിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.




ഉണ്ണിയേശുവിന്റെ രൂപമാണ് പ്രധാനമന്ത്രിക്ക് ജോര്‍ജ്ജ് കുര്യനും പത്നിയും ചേര്‍ന്ന് സമ്മാനിച്ചത്. സീറോ മലബാര്‍സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുളളവര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിക്ക് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉപഹാരവും നല്‍കി. പരിപാടിയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സിലും പങ്കുവെച്ചു.




കേന്ദ്രമന്ത്രിസഭയില്‍ ഏക ക്രൈസ്തവ പ്രതിനിധിയാണ് ജോര്‍ജ് കുര്യന്‍. കേന്ദ്ര സര്‍ക്കാരും ക്രിസ്ത്യന്‍ സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിഉറപ്പിക്കുന്നതിന്റെ വേദിയായി ക്രിസ്മസ് ആഘോഷ ചടങ്ങ് മാറി. രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രമുഖരുമായും മോദി സംവദിച്ചു.




കേരളത്തിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവായ ജോര്‍ജ് കുര്യന്റെ മന്ത്രിസഭാ പ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സുരേഷ് ഗോപിയെ കൂടാതെ രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രിയാകുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പെട്ടെന്നായിരുന്നു ബിജെപി നേതാവായ ജോര്‍ജ് കുര്യന്റെ പേര് കടന്ന് വന്നത്. കേരളത്തില്‍ ബിജെപി നടത്താന്‍ ശ്രമിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് പദ്ധതിയുടെ ഭാഗമായാണ് ജോര്‍ജ് കുര്യന്റെ പേര് കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് വന്നത്.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്കും അരമനകളിലേക്കും ബിജെപി നേതാക്കള്‍ സ്‌നേഹയാത്ര നടത്തിയിരുന്നു. ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുക എന്ന ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ നയപരിപാടിയുടെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡല്‍ഹിയില്‍ നടന്ന ക്രിസ്മസ് ആഘോഷവും.

ഡല്‍ഹിയിലെ ക്രിസ്മസ് ആഘോഷത്തില്‍ എല്ലാ സഭകളിലേയും പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ സീറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ ജോര്ജ് ആലഞ്ചേരി, യാക്കോബായ സഭയുടെ കേരള തലവന്‍ ബിഷപ്പ് ജോസഫ് ഗ്രിഗോറിയോസ്, ക്‌നാനായ യാക്കോബായ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ മോഡറേറ്റര്‍ ബിഷപ്പ് ബിജയ നായക്, ഇന്ത്യയിലെയും തെക്കന് ഗള്‍ഫ് രാജ്യങ്ങളിലെയും കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ബിഷപ് മാര്‍ അവ്ജിന്‍ കുര്യാക്കോസ്, മലബാരമെത്രാപ്പോലീത്ത ബിഷപ് മാര്‍ അവ്ജിന് കുര്യാക്കോസ്, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ബിഷപ് സിറില് മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തലവന് ബിഷപ് സാമുവല് മാത്യു, സീറോ മലബാര്‍ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി മാര്‍ത്തോമാ ചര്‍ച്ച് ബിഷപ്പ് സക്കനാസ് മാര്‍ അപ്രേം എപ്പിസ്‌കോപ്പ, ഡല്‍ഹി യാക്കോബായ സഭ ബിഷപ്പ് യൂസിബിയസ് കുര്യാക്കോസ്, മത്തഡിസ്റ്റ് ചര്ച്ച് ബിഷപ്പ് സുബോധ് മൊണ്ടല്, ബിഷപ്പ് ജോസഫ് മാര് ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കല് കാഞ്ഞിരപ്പള്ളി, ബിഷപ്പ് ജോസഫ് മാര്‍ ഇവാനിയോസ്, ബിഷപ്പ് ജോസഫ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി, ബിഷപ്പ് പ്രിന്‍സ് പാണേങ്ങാടന് ദേവസ്സി, ബിഷപ് സജി ജോര്‍ജ് നെല്ലിക്കുന്നേല്‍, ബിഷപ്പ് റാഫി മഞ്ഞളി, ബിഷപ്പ് മാര്‍ വിന്‌സെന്റ് നെല്ലായിപ്പറമ്പില്‍, മോണ്‌സിഞ്ഞോര് വര്‍ഗീസ് വള്ളിക്കാട്ട, റവ. ഡോ. ഡി ജെ അജിത് കുമാര്‍, ഫാ. സജിമോന്‍ ജോസഫ് കോയിക്കല്‍. ഫാ. എബ്രഹാം മാത്യു, ഫാ. ഷിനോജ്, ഫാ റോഡ്രിഗസ് റോബിന്‌സണ് സില്വസ്റ്റര്‍, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ. റോഡ്രിഗസ് റോബിന്‍സണ്‍ സില്‍വസ്റ്റര്‍, ഫാ. ജോസ് അലറിക്കോ കാര്വാലോ, ഫാ. ബെന്റോ റോഡ്രിഗസ തുടങ്ങിയവരും പങ്കെടുത്തു.

കൂടാതെ കേന്ദ്രമന്ത്രിയും ബിജെപി പ്രസിഡന്റുമായ ജെ പി നഡ്ഡ, കേന്ദ്ര മന്ത്രി എസ്പി സിംഗ് ബഘേല്‍, പി ടി ഉഷ, എല്‍ മുരുകന്, രാജീവ് ചന്ദ്രശേഖര്‍, അല്‍ഫോന്‍സ് കണ്ണന്താനം, ഷൈനി വില്‍സണ്‍, ഔസേപ്പച്ചന്, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര, ബിജെപി നേതാക്കന്മാരായ അനില്‍ ആന്റണി, അനൂപ് ആന്റണി എന്നിവരും പങ്കെടുത്തു. ഐബിഎസ് ചെയര്‍മാന്‍ വി കെ മാത്യൂസ്, അലക്‌സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ്, എലൈറ്റ് ഗ്രൂപ്പ് ചെയര്മാന് കെ ജി എബ്രഹാം, താരാ ജോര്‍ജ്, പദ്മിനി തോമസ് എന്നിവരും പങ്കെടുത്തു.