- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പ്രിയ സാഹിത്യകാരന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ മലയാളികള്‍; ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞ് സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍; മകളെ ഫോണ്‍ വിളിച്ചു സംസാരിച്ച് രാഹുല്‍ ഗാന്ധി
എം.ടിയുടെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ മലയാളികള്‍
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്കായി പ്രാര്‍ത്ഥനയോടെ കേരളം. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. വെള്ളിയാഴ്ച 11 മണിയോടെ ഹൃദയസ്തംഭനമുണ്ടായി എന്നറിയിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നതോടെയാണ് ആശങ്ക വര്‍ധിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എംടിയുടെ ആരോഗ്യനില വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം ഐ.സി.യുവില്‍ തുടരുകയാണെന്ന് സാഹിത്യകാരന്‍ പ്രൊഫ. എം.എന്‍. കാരശ്ശേരി പറഞ്ഞിരുന്നു.
എം.ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്. ഗുരുതരാവസ്ഥയില്‍ ആണുള്ളത്. സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല. ഓക്‌സിജന്‍ കുറവാണ് എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രതികരിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രന്‍ എം.ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ സ്ഥിതിയില്‍ മാറ്റം ഉണ്ടായാല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപ്പെടും എന്നുതന്നെ വിശ്വസിക്കുന്നു. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ ഹരിഹരന്‍, നടന്‍ വിനീത് എന്നിവരും എം.ടി. വാസുദേവന്‍ നായരെ സന്ദര്‍ശിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എം.ടി.
ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓക്‌സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ എംടി ഐസിയുവില്‍ തുടരുകയാണ്. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശുപത്രിയില്‍ എത്തി. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, ജെ.ചിഞ്ചുറാണി, എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരാണ് ആശുപത്രിയില്‍ എത്തിയത്. എം.എന്‍.കാരശ്ശേരി ഉള്‍പ്പെടെയുള്ള എഴുത്തുകാരും രാവിലെ മുതല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
ഈ മാസം 15 നാണ് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ അദ്ദേഹം അബോധാവസ്ഥയിലാണ്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സകള്‍ മുന്നോട്ട് പോകുന്നത്. ഏറ്റവും വിദഗ്ദ്ധമായ ചികിത്സയാണ് അദ്ദേഹത്തിന് നല്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. കാര്‍ഡിയോളജി ഡോക്ടറായ രഘുറാം ആണ് അദ്ദേത്തെ ചികില്‌സിച്ചുകൊണ്ടിരുന്നത്.
അതിനിടെ എംടിയുടെ മകള്‍ അശ്വതിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംസാരിച്ചു. അശ്വതിയെ ഫോണില്‍ വിളിച്ചാണ് എംടിയുടെ ചികിത്സയെ സംബന്ധിച്ചും ആരോഗ്യനിലയെ സംബന്ധിച്ചും രാഹുല്‍ ഗാന്ധി തിരക്കിയത്. എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു രാഹുല്‍ ഗാന്ധി ആശംസിക്കുകയും ചെയ്തു.