കട്ടപ്പന: വിശ്വസിച്ച് നിക്ഷേപിച്ച പണം തിരിച്ചുചോദിച്ച സാബുവിന് കിട്ടിയത് ആട്ടും തുപ്പും ശകാരവും അപമാനവും മാത്രം. കട്ടപ്പന റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എത്ര ന്യായീകരിച്ചാലും സാബുവിന്റെ ആത്മഹത്യയില്‍ നിന്ന് കൈകഴുകാനാവില്ല. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഒമ്പത് പേരാണ് സംഘത്തിലുള്ളത്. എസ്പി ടി കെ വിഷ്ണുപ്രദീപാണ് സംഘത്തെ നിയോഗിച്ചത്.

ബാങ്കിനു മുന്നില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ മൃതദേഹം സംസ്‌കരിച്ചു. വൈകിട്ട് കട്ടപ്പന സെന്റ്.ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് അന്ത്യ ശുശ്രൂഷകള്‍ നടന്നത്. നിരവധിയാളുകളാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. സംഭവത്തില്‍ സിപിഎം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു. ഉത്തരവാദികള്‍ ആരായാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം നടത്തി നടപടി എടുക്കട്ടെയെന്നും വര്‍ഗീസ് വ്യക്തമാക്കി.

തന്റെ അക്കൗണ്ടിലുള്ള പണത്തിനായി പലതവണ സാബു ബാങ്കില്‍ കയറിയിറങ്ങിയിരുന്നുവെങ്കിലും ബാങ്ക് അധികൃതര്‍ പണം നല്‍കിയിരുന്നില്ല. സാബു തന്റെ ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചിരുന്നത് കട്ടപ്പന റൂറല്‍ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയിലായിരുന്നു. ചികിത്സയുടെ ആവശ്യത്തിനായുള്ള പണത്തിനായാണ് അദ്ദേഹം ബാങ്കിനെ സമീപിച്ചത്. രണ്ടുലക്ഷം ചോദിച്ചപ്പോള്‍ ബാങ്കില്‍ നിന്ന് ആകെ നല്‍കിയത് 80,000 രൂപയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

സാബുവിനെ സിപിഎം കട്ടപ്പന മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍.സജി ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഇതിനിടെ പുറത്തുവന്നിരുന്നു. സാബുവിനെ ബാങ്ക് ഭരണസമിതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. 'അടി മേടിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസ്സിലാക്കി തരാമെന്നുമായിരുന്നു' സജിയുടെ ഭീഷണി. സാബുവിന്റെ മരണത്തില്‍ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യ കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പോടാ പുല്ലേ എന്ന് പറഞ്ഞ് ബാങ്കുകാര്‍ തളളി വിട്ടു

ഭര്‍ത്താവിന് പലവട്ടം സഹകരണബാങ്കില്‍ പോയി കരഞ്ഞ് ഇറങ്ങിവരേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. പണം ആവശ്യപ്പെട്ടപ്പോള്‍ ബാങ്കിലുളളവര്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ബാങ്കില്‍ നിന്നും വെറും 80,000 രൂപ മാത്രമാണ് ലഭിച്ചതെന്നും മേരിക്കുട്ടി പറഞ്ഞു.

'ബാങ്കില്‍ 2007 മുതല്‍ക്കേ ഞങ്ങള്‍ പണം നിക്ഷേപിക്കുമായിരുന്നു. സൊസൈറ്റിയില്‍ ജോലിയുള്ള ഒരു സ്ത്രീ ഭര്‍ത്താവിനോട് കുറച്ച് നിക്ഷേപം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന സമയത്ത് സാബു പൈസ കൊടുത്തു. എല്ലാ പണവും അവിടെയായിരുന്നു. കഞ്ഞിക്കുഴിയിലെ സ്ഥലം വിറ്റ് പണം കൊടുക്കേണ്ട ആവശ്യം വന്നപ്പോള്‍ ബാങ്കില്‍ പോയിരുന്നു. പണം തരാന്‍ സാധിക്കില്ലെന്നാണ് അപ്പോള്‍ സെക്രട്ടറി പറഞ്ഞത്. പത്ത് ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് അഡ്വാന്‍സ് കൊടുക്കാനായി പണം തന്നു. പിന്നീട് മുഴുവന്‍ തുക കൊടുക്കേണ്ട സമയമായപ്പോഴേയ്ക്കും ബാങ്കില്‍ നിന്നും പണം കിട്ടാത്ത അവസ്ഥയായി. അങ്ങനെ പലതവണ ബാങ്കില്‍ പോയി തിരിച്ച് കരഞ്ഞുകൊണ്ട് വരേണ്ട ഗതിയായി.

അഞ്ച് ലക്ഷം രൂപ വീതം എല്ലാം മാസവും തരാമെന്ന് ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോള്‍ അഞ്ച് ലക്ഷം തരാന്‍ കഴിയില്ലെന്നും പണമെല്ലാം ലോണ്‍ ആയി കിടക്കുവാണെന്നും അവര്‍ പറഞ്ഞു. പിന്നീട് മാസംതോറും മൂന്ന് ലക്ഷം വീതം തരാമെന്ന് പറഞ്ഞു. ജനുവരിയില്‍ മൂന്ന് ലക്ഷം തന്നു. പിന്നീട് ഒരു ലക്ഷവും പലിശയും തരാമെന്ന് ബോര്‍ഡിലുളളവര്‍ പറഞ്ഞു. അതും കൃത്യസമയത്ത് തന്നിട്ടില്ല. അവര്‍ ഞങ്ങളെ അതുപോലെ ഉപദ്രവിച്ചിട്ടുണ്ട്. ചിലപ്പോള്‍ അവര്‍ കടയില്‍ വന്ന് പൈസ ഉണ്ടാകില്ലെന്ന് പറയും.

ഒന്നര വര്‍ഷമായി സഹിക്കുന്നു. എനിക്ക് ഓപ്പറേഷന്‍ ചെയ്യേണ്ട അവസ്ഥ വന്നു. ഇന്‍ഷൂറന്‍സ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. അത് കിട്ടിയില്ല. രണ്ട് ലക്ഷം രൂപയെങ്കിലും ശസ്ത്രക്രിയ്ക്ക് വേണം. മകള്‍ പോയി അപേക്ഷിച്ചപ്പോള്‍ 40,000 രൂപ തന്നു. പിന്നീട് ഒരു 40,000 കൂടി തന്നു. എണ്‍പതിനായിരം രൂപ കൊണ്ട് എന്ത് ചെയ്യാനാണ്? ബാക്കി പണവും അടയ്ക്കണം. ഇതിന് രാവിലെ പത്ത് മണിക്ക് ചെന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ബിനോയ് എന്ന വ്യക്തി, പോടാ പുല്ലേ എന്നുപറഞ്ഞ് തള്ളിവിട്ടെന്ന് സാബു ഞങ്ങളോട് പറഞ്ഞു. അവരുടേല്‍ പണമുണ്ട്. പക്ഷെ അവര്‍ പിടിച്ചുവയ്ക്കുകയാണെന്ന് സാബു പറഞ്ഞിരുന്നു. അഡ്ജസ്റ്റ് ചെയ്യൂവെന്ന് സെക്രട്ടറി പറഞ്ഞു. ട്രാപ്പില്‍ പെട്ടെന്ന് കരഞ്ഞുകൊണ്ട് സാബു പറഞ്ഞു. ബാങ്കിലുളളവര്‍ക്കെല്ലാം അംഗങ്ങള്‍ക്കെല്ലാം അറിയാം. ജോയി വെട്ടിക്കുഴി സാറിനെ പോയി കാണാമെന്ന് മരിക്കുന്നതിന് മുന്‍പ് സാബു പറഞ്ഞിരുന്നു. സ്ഥാപനം നശിക്കരുതെന്ന് കരുതി ഞാനാണ് എല്ലാവരും അറിയുമെന്ന് പറഞ്ഞ് ഇത്തിരി കൂടി കാത്തിരിക്കാമെന്ന് പറഞ്ഞത്.

ഇങ്ങനെ പെട്ടുപോയവര്‍ വേറെയുമുണ്ട്. ആ ബാങ്കിന്റെ പേര് കളയല്ലേ എന്ന് തലേദിവസവും ഞാന്‍ പറഞ്ഞിട്ടാണ് ആളെ കൂട്ടി പോകാതിരുന്നത്. രണ്ട് പിള്ളേരുണ്ട്. അവര്‍ വേദനിച്ച് കഴിയുകയാണ്. ഇനിയാര്‍ക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്'- മേരിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സാബു സിപിഎം ഭരിക്കുന്ന കട്ടപ്പന സഹകരണബാങ്കിന് മുന്‍പില്‍ ജീവനൊടുക്കിയത്. സാബുവിന്റെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. ജീവനക്കാര്‍ അപമാനിച്ചെന്നും പിടിച്ചുതളളിയും അസഭ്യം പറഞ്ഞും മടക്കി അയച്ചെന്നുമാണ് കുറിപ്പില്‍ പറയുന്നത്.