- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കനത്ത കാറ്റിൽ ആടിയുലഞ്ഞ് ബ്രിട്ടൻ; ബെൽഫാസ്റ്റ് എയർപോർട്ടിൽ ക്റാഷ് ലാൻഡ് ചെയ്ത എയർ ലിംഗസ് വിമാനം; ബെൽഫാസ്റ്റിൽ നിന്നുള്ള വിമാനങ്ങൾ മിക്കതും വൈകി പറന്നു; അപകടകാരണം അന്വേഷിക്കുന്നു
അതിശക്തമായ കാറ്റിൽ ബ്രിട്ടൻ ആടിയുലയുന്നതിനിടെ ബെൽഫാസ്റ്റ് സിറ്റി വിമാനത്താവളത്തിൽ ഒരു വിമാനം ക്രാഷ് ലാൻഡിംഗ് നടത്തി. കാറ്റിൽ ആടിയുലഞ്ഞ വിമാനമാണ് ഇത്തരത്തിൽ ഇറങ്ങിയത്. ഏർ ലിംഗസ് വിമാനം ക്രാഷ് ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് ഇന്നലെ മറ്റു വിമാനങ്ങൾക്ക് ഒന്നും തന്നെ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. വിമാനത്താവളം ഇന്നലെ ഒരു ദിവസത്തേയ്ക്ക് അടച്ചിടുകയായിരുന്നു.
ഇടിച്ചിറങ്ങിയതോടെ വിമാനത്തിൻ്റെ നോസ് ഗിയർ തകർന്നതായാണ് മനസ്സിലാകുന്നത്. റൺവേയുടെ സമീപത്തേക്ക് മാറ്റിയിട്ടിരിക്കുന്ന വിമാനത്തിന് സമീപം രണ്ട് ഫയർ എഞ്ചിനുകൾ നിൽക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. വിമാനത്താവളാധികൃതർ ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് പോലീസും, ഫയർ സർവ്വീസും ആംബുലൻസുമൊക്കെ അവിടെ വിന്യസിക്കപ്പെട്ടു. അതിനെ തുടർന്നായിരുന്നു ഈ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും ഇവിടേക്ക് വരേണ്ടതുമായ വിമാനങ്ങൾ എല്ലാം തന്നെ ഇന്നലെ രാത്രി റദ്ദാക്കിയത്.
ഇന്ന് രാവിലെ മാത്രമെ വിമാനത്താവളം പൂർവ്വസ്ഥിതിയിൽ തുറന്ന് പ്രവർത്തിക്കുകയുള്ളു. ഇവിടെ ഇറങ്ങേണ്ട ചില വിമാനങ്ങൾ ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയുണ്ടായി. ലണ്ടൻ നഗരത്തിൽ നിന്നുള്ള ഒരു ബ്രിട്ടീഷ് എയർവെയ്സ് വിമാനവും ബ്രാഡ്ഫോർഡ് ലീഡ്സിൽ നിന്നുള്ള ഒരു ഏർ ലിംഗസ് വിമാനവും ഇക്കൂട്ടത്തിൽ പെടുന്നു. സ്ഥിര വിമാനങ്ങൾക്ക് പകരമായി ഉപയോഗിക്കുന്ന ഒരു വിമാനമാണ് അപകടത്തിൽ പെട്ടത്.
എമെറാൾഡ് എയർലൈൻസിൻ്റെ ഉടമസ്ഥതയിലുള്ള ഈ വിമാനം ഏർ ലിംഗസിന് വേണ്ടിയായിരുന്നു സേവനം നൽകിയിരുന്നത്. എഡിൻബർഗിൽ നിന്നും ബെൽഫാസ്റ്റിലേക്ക് വരികയായിരുന്നു ഈ വിമാനം. സംഭവം നടക്കുമ്പോൾ വിമാനത്തിൽ നാല് ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാർ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്ന് ബെൽഫാസ്റ്റ് വിമാനത്താവളാധികൃതർ സ്ഥിരീകരിച്ചു. ആർക്കും തന്നെ ഗുരുതരമായ പരിക്കുകളേറ്റിട്ടില്ല.
ഇന്നലെ ശക്തമായ കാറ്റിനെ തുടർന്ന് ബ്രിട്ടൻ്റെ ഏതാണ്ട് എല്ലാ ഭാഗത്തും മെറ്റ് ഓഫീസിൻ്റെ മഞ്ഞമുന്നറിയിപ്പ് നിലനിന്നിരുന്നു. ഹീത്രൂ വിമാനത്താവളത്തിൽ മാത്രം പ്രതികൂല കാലാവസ്ഥ മൂലം നൂറോളം വിമാന സർവ്വീസുകൾ റദ്ദ് ചെയ്തിരുന്നു. ഇതോടെ വർഷത്തിലെ ഏറ്റവും തിരക്കേറിയ വാരാന്ത്യത്തിൽ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. റോഡ് , റെയിൽ, ജലഗതാഗതവും തടസ്സപ്പെടുകയായിരുന്നു.