കാസര്‍കോട്: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പെരിയയില്‍ രാത്രിയുടെ മറവില്‍ രണ്ട് യുവാക്കളെ വെട്ടിനുറുക്കി കൊലപ്പെടുത്തി പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് ഒരു കോടിയിലേറെ രൂപയാണ്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് തടയാനടക്കം കേസ് നടത്താന്‍ മാത്രമാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഎമ്മിനെ ഇത്രത്തോളം സമ്മര്‍ദ്ദത്തിലാക്കിയ മറ്റൊരു കേസില്ല. ഇത്രയും പണം സര്‍ക്കാര്‍ മുടക്കിയത് എന്തിന് എന്നതിനുള്ള ഉത്തരമാണ് മുന്‍ എംഎല്‍എ അടക്കമുളള സിപിഎം നേതാക്കള്‍ കുറ്റക്കാര്‍ എന്നുള്ള കോടതി വിധി.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട വിധിക്ക് എതിരെ നിയമ പോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയിലധികം രൂപയാണ് ചെലവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണു സിബിഐക്ക് വിട്ടത്. ഇതിനെതിരെയുള്ള നിയമപോരാട്ടം സുപ്രീം കോടതി വരെ നീണ്ടു.

കൊലയാളികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ പക്ഷേ സിബിഐ അന്വേഷണം എന്ന ആവശ്യം ആദ്യം പരിഗണിച്ചില്ല. ഇതോടെ ശരത്ലാലിന്റേയും കൃപേഷിന്റേയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാരുടെ റോളിലാണെന്ന കാര്യം വ്യക്തമായത്.

കുടുംബത്തിന്റെ സിബിഐ അന്വേഷണം എന്ന ആവശ്യത്തെ ഹൈക്കോടതിയില്‍ എതിര്‍ക്കാന്‍ സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകര്‍ പറന്നെത്തി. പലഘട്ടങ്ങളിലായി മുതിര്‍ന്ന അഭിഭാഷകരായ മനീന്ദര്‍ സിങ്, പ്രബാസ് ബജാജ്, രഞ്ജിത്ത് കുമാര്‍, രവി പ്രകാശ് എന്നിവര്‍ ഹൈക്കോടതിയില്‍ എത്തി. വക്കീല്‍ ഫീസിനത്തിലും യാത്രചിലവ്, താമസം എന്നിവയ്ക്കുമായി 97 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്നും ചിലവഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ 97,17,359 രൂപ.

വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്. താമസം, ഭക്ഷണം, വിമാനയാത്രക്കൂലി എന്നീ ഇനങ്ങളില്‍ 2.92 ലക്ഷം രൂപയും ചെലവിട്ടു. സ്റ്റാന്‍ഡിങ് കൗണ്‍സലിനെ കൂടാതെ മറ്റൊരു സീനിയര്‍ അഭിഭാഷകനും സുപ്രീം കോടതിയിലും ഹാജരായി. ഈ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരായതിന് 60 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നു.

മനീന്ദര്‍ സിങിന് വക്കീല്‍ ഫീസായി 60 ലക്ഷം രൂപയും 2,18,495 രൂപ താമസം യാത്രക്കൂലി എന്നിവക്കായി സര്‍ക്കാര്‍ നല്‍കി. പ്രബാസ് ബജാജിന് 3 ലക്ഷം രൂപയും രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയും ഫീസായി നല്‍കി. എന്നാല്‍ ഇത്രയും പണം ചിലവഴിച്ചിട്ടും ഹൈക്കോടതി മുതല്‍ സുപ്രീംകോടതിയില്‍ വരെ സര്‍ക്കാര്‍ തോറ്റു. കേസ് അന്വേഷിക്കാന്‍ സിബിഐ എത്തുകയും ചെയ്തു.

രാഷ്ട്രീയ നഷ്ടങ്ങളെക്കാള്‍ സിപിഎമ്മിനെ വേട്ടയാടുക സിബിഐ അന്വേഷണം എന്ന ശരത്ലാലിന്റേയും കൃപേഷിന്റേയും കുടംബത്തിന്റെ ആവശ്യത്തെ പിണറായി സര്‍ക്കാര്‍ നേരിട്ട രീതിയാണ്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രതിരോധിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ജനവികാരം ഉയര്‍ന്നതോടെ രണ്ടാം ദിവസം കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായ എ പീതാംബരന്‍ അറസ്റ്റിലായി.

പിന്നാലെ രണ്ടാം പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജോര്‍ജും. പ്രതിഷേധം കടുത്തതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് അഞ്ച് സിപിഎം പ്രവര്‍ത്തകരേയും ഏരിയാ സെക്രട്ടറി അടക്കമുളളവരേയും അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രവും നല്‍കി. എന്നാല്‍ കുടുംബം ഇതില്‍ തൃപ്തരായില്ല. ഇതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉയര്‍ന്നത്.

2019 ഫെബ്രുവരി 17നു രാത്രി ഏഴരയോടെയാണു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ ശരത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് 2019 സെപ്റ്റംബറില്‍ അന്വേഷണം സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ തള്ളിയതോടെ സിബിഐ അന്വേഷണത്തെ എതിര്‍ത്തു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തി. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ തടസഹര്‍ജിയും നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ 2019 ഡിസംബര്‍ ഒന്നിന് സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു. 2021 ഡിസംബര്‍ മൂന്നിന് സിബിഐ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കി.

കേസില്‍ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധിപറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിക്കുകയായിരുന്നു. 10 പ്രതികളെ കുറ്റവിമുക്തരാക്കി.

ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. കേസില്‍ 9,11,12,13,16,17,18,19,23,24 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി.

സി.പി.എം. നേതാക്കളുള്‍പ്പെടെ കേസില്‍ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി തുടങ്ങുംമുന്‍പേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചവേളയില്‍ കീഴ്ക്കോടതിയുടെ വിമര്‍ശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവര്‍ഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയില്‍ നടന്നത്.