അസ്താന: കഴിഞ്ഞ ദിവസം കസഖിസ്ഥാനില്‍ അപകടത്തില്‍ പെട്ട അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരുടെ അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് തൊട്ടു പിന്നാലെ ഇപ്പോള്‍ ആരുടേയും കരളലയിപ്പിക്കുന്ന ഒരു ശബ്ദശകലം കൂടി പുറത്ത് വന്നിരിക്കുന്നു. അപകടത്തില്‍ പെട്ട വിമാനത്തിലെ ചീഫ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ 'ഹൊക്കുമാ അലിയേവ' എന്ന യുവതി വിമാനം തകരുന്നതിന് മുമ്പ് യാത്രക്കാരെ ആശ്വസിപ്പിക്കുന്ന വാക്കുകളാണ് അത്.

മരണം മുന്നില്‍ കണ്ട് നിലവിളിക്കുകയും അവസാനമായി വീട്ടുകാരെ വീഡിയോ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നവരോട് 'ഒന്നും പേടിക്കേണ്ടതില്ല എല്ലാം ശരിയാകും' എന്ന് നിരന്തരം പറയുന്ന ശബ്ദമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. അപകടത്തില്‍ പെട്ട വിമാനം നേരേയാക്കാന്‍ പൈലറ്റ് ക്യാപ്റ്റന്‍ ഇഗോര്‍ ക്ഷന്യാകിനും കോ-പൈലറ്റ് അലക്‌സാണ്ടര്‍ കല്യാനിനോവും ശ്രമിക്കുന്നതിനിടയിലാണ് യാത്രക്കാരെ ഹൊക്കുമാ സമാധാനിപ്പിക്കുന്നതാണ് നമ്മള്‍ കേള്‍ക്കുന്നത്.

വിമാനം തകര്‍ന്ന് വീഴുന്നതിന് മുമ്പ് തന്നെ പൈലറ്റ് വിമാനത്തെ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്നും കസഖിസ്ഥാനിലേക്ക്് എത്തിക്കുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി മരണത്തെ മുഖാമുഖം കാണുന്ന സമയത്തും ഇത്തരത്തില്‍ വിമാനജീവനക്കാരിയായ പെണ്‍കുട്ടി എത്ര സംയമനത്തോടെയാണ് പ്രതിസന്ധിയെ

നേരിടാന്‍ ശ്രമിക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. വിമാനത്തിലെ 67 യാത്രക്കാരില്‍ 38 പേരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹൊക്കുമാ അലിയേവയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നഷ്ടപ്പെട്ടു എങ്കിലും അലിയയുടെ വീട്ടുകാര്‍ മകളെ കുറിച്ച് അഭിമാനത്തോടെ തന്നെയാണ് സംസാരിക്കുന്നത്. തന്നെ കുറിച്ച് എപ്പോഴും അഭിമാനിക്കണം എന്നാണ് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നത് എന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് രംഗത്തെത്തി. സാങ്കേതികവും പുറത്തുനിന്നുള്ള എന്തിന്റെയോ ഇടപെടലുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വ്യക്തമാക്കുന്നു.

ക്രിസ്മസ് ദിനത്തിലാണ് അസര്‍ബയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്‌നിയിലേക്കു പോയ എംബ്രയര്‍ 190 വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പെടെ 38 പേര്‍ മരിച്ചു. 11, 16 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുള്‍പ്പെടെ 29 പേരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. അതിനിടെ, റഷ്യന്‍ വ്യോമപ്രതിരോധ മിസൈലേറ്റാണ് വിമാനം വീണതെന്ന് ചൂണ്ടിക്കാട്ടി ചില സൈനികവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. യുക്രൈന്റെ ഡ്രോണുകള്‍ പറക്കുന്ന മേഖലയായതിനാല്‍, ശത്രുവിന്റേതെന്നു സംശയിച്ച് വിമാനത്തിനുനേരേ റഷ്യ മിസൈലയച്ചതാണെന്നാണ് സംശയം.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ വിമാനം തകരാനുണ്ടായ കാരണത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹം അലിയേവ് വ്യക്തമാക്കിയിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വിമാനത്തിന് വഴിമാറ്റേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം വിമാനം കാസ്പിയന്‍ കടലില്‍ ഇറക്കാനാണ് മുഖ്യ പൈലറ്റ് തീരുമാനിച്ചിരുന്നതെന്നും പിന്നീട്

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം മാറ്റി വിമാനം കസഖിസ്ഥാനിലേക്ക് പോയതെന്നുമാണ് രക്ഷപ്പെട്ട ചില യാത്രക്കാര്‍ പറയുന്നത്. വിമാനത്തില്‍ വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടതായും ചില യാത്രക്കാര്‍ പറയുന്നു. ദുരന്തത്തെ തുടര്‍ന്ന് ആദ്യം പുറത്തു വന്ന വാര്‍ത്തകളില്‍ പക്ഷിക്കൂട്ടം ഇടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാക്കിയിരുന്നത്.