- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് നിയമനത്തിന് ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങി; രേഖയില്‍ ഒപ്പിട്ടത് എന്‍. എം വിജയന്‍; ഐ.സി. ബാലകൃഷ്ണന്റെ പേരും കരാറില്‍; പുറത്തുവന്നത് വ്യാജരേഖയെന്ന് ബത്തേരി എംഎല്‍എ; എസ് പിക്ക് പരാതി നല്‍കുമെന്നും പ്രതികരണം
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് കോണ്‍ഗ്രസിന് കുരുക്ക്
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി പഴയ കരാര്‍ രേഖ. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായി കരാര്‍. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയനാണ് രേഖയില്‍ ഒപ്പിട്ടിരിക്കുന്നത്. എന്‍.എം. വിജയനും വയനാട് സ്വദേശിയായ ഉദ്യോഗാര്‍ഥിയുടെ പിതാവും തമ്മിലുള്ള കരാര്‍ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്നത്തെ ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്റെ പേരും കരാറിലുണ്ട്.
കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലോ, പൂതാടി, മടക്കിമല എന്നീ പ്രദേശത്തെ സര്‍വീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവില്‍ ഒന്നാം കക്ഷിയുടെ മകനെ നിയമിക്കാമെന്നാണ് രേഖയില്‍ പറയുന്നത്. ഐ.സി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പണം കൈപ്പറ്റുന്നതെന്നും രേഖയിലുണ്ട്. എന്നാല്‍, പുറത്ത് വന്ന കരാര്‍ രേഖ വ്യാജമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.
'താന്‍ ഒരു വ്യാജരേഖ കണ്ടു. ഏതോ ഒരു പീറ്റര്‍ മാഷ്. പീറ്റര്‍ മാഷും എന്‍.എം. വിജയനുമായി രേഖയുണ്ടാക്കുമ്പോള്‍ തന്നോടൊന്ന് ചോദിക്കണ്ടേ. 2019-ല്‍ തന്നെ ഈ വിഷയം കെ.പി.സി.സി. പരിശോധിച്ച് വ്യാജരേഖ ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. തനിക്ക് ശത്രൂക്കള്‍ കൂടുതലാണ്'. ആറ് വര്‍ഷമായി തന്നെ വേട്ടയാടുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ എസ് പിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയനേയും മകന്‍ ജിജേഷിനേയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഇവരെ ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു മരണം.
ആത്മഹത്യക്ക് കാരണമെന്താണെന്ന് എന്‍ എം വിജയന്റെ കോള്‍ രേഖകള്‍ അടക്കം പരിശോധിച്ച് അന്വേഷിക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഡിസിസി പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ഉയര്‍ന്ന നിയമന വിവാദം പാര്‍ട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതം എന്നാണ് കണ്ടെത്തിയത്. ആരോപണത്തിനു പിന്നിലുള്ള ആളുകള്‍ക്കെതിരെ പാര്‍ട്ടി നടപടിയുമെടുത്തു. താന്‍ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് പരാതിക്കാര്‍ രംഗത്ത് വരുന്നില്ല ഉപജാപക സംഘം എന്‍ എം വിജയനെ ചതിച്ചതാണോ എന്ന് അന്വേഷിക്കണം. പ്രചരിക്കുന്ന രേഖയില്‍ പീറ്ററും വിജയനും തമ്മിലാണ് കരാര്‍. എന്തുകൊണ്ട് പീറ്റര്‍ തന്നെ ബന്ധപ്പെട്ടില്ലെന്നും പണം കൊടുത്തവര്‍ എന്തുകൊണ്ട് പൊലീസിനെ സമീപിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്ന എന്‍ എം വിജയന്‍ നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.