സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ യാത്രാവിമാനം തകര്‍ന്നുണ്ടായ വന്‍ അപകടത്തില്‍ 181 പേരില്‍ 179 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പ്രാദേശിക മാദ്ധ്യമ റിപ്പോര്‍ട്ടുപ്രകാരം രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കും പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്. രക്ഷപ്പെട്ടവരില്‍ ഒരാള്‍ വിമാന ജീവനക്കാരനും മറ്റൊരാള്‍ യാത്രക്കാരനുമാണ്. വിമാനത്തിന്റെ ഏറ്റവും പിന്നിലിരുന്നവരാണ് രക്ഷപ്പെട്ടത്.

ജീവനക്കാരടക്കം ആകെ 181 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ ബോധം തിരിച്ചുവന്നിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തായ്ലന്‍ഡില്‍നിന്ന് മടങ്ങിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സോളില്‍നിന്ന് 290 കി.മീ. അകലെയുള്ള മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത്.

എന്നാല്‍ മരണസംഖ്യയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ദക്ഷിണകൊറിയയില്‍ അടുത്തിടെയുണ്ടായ ഏറ്റവും വലിയ വിമാന അപകടങ്ങളില്‍ ഒന്നാണിത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തായ്ലന്‍ഡില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി മതിലില്‍ ഇടിച്ച് കത്തുകയായിരുന്നു.

വിമാനം റണ്‍വേയിലൂടെ അതിവേഗം മുന്നോട്ട് പോകുന്നതും കുറച്ച് മുന്നിലേക്ക് പോയി അവിടെയുള്ള മതിലില്‍ ഇടിച്ച് കത്തുന്നതും വീഡിയോയില്‍ കാണാം.പക്ഷിയിടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോഴിതാ അത് സ്ഥീരികരിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ദുരന്തത്തിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ എന്തോ വന്ന് തട്ടുന്നതും പിന്നാലെ തീ കത്തുന്നതും കാണാം. പക്ഷി ഇടിച്ചതുമൂലം ലാന്‍ഡിംഗ് ഗിയര്‍ തകരാറിലായതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

പ്രാദേശിക സമയം രാവിലെ ഒന്‍പതോടെ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നെത്തിയ ബോയിംഗ് 737-800 ജെറ്റ് വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സിഗ്‌നല്‍ സംവിധാനത്തിലും സമീപത്തെ കോണ്‍ക്രീറ്റ് വേലിയിലും ഇടിച്ചുതകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊടുന്നനെ വിമാനത്തിന് തീ പിടിച്ചു. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫയര്‍ എന്‍ജിനുകളുടെ മണിക്കൂറുകള്‍ നീണ്ട കഠിനപരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ഇതിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചത്. അപ്പോഴേക്കും ഒട്ടുമിക്കവരും മരിച്ചിരുന്നു.

കൊല്ലപ്പെട്ട 167ല്‍ 79 പേര്‍ പുരുഷന്മാരാണ്. 77 പേര്‍ സ്ത്രീകളും. കത്തിക്കരിഞ്ഞുപോയതിനാല്‍ 11 പേരുടെ ജെന്‍ഡര്‍ തിരിച്ചറിയാനായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിരക്ഷാസേനയുടെ 32 വാഹനങ്ങളും അനേകം ഹെലിക്കോപ്റ്ററുകളും സ്ഥലത്തെത്തിയിരുന്നു. 1560 രക്ഷാപ്രവര്‍ത്തകരെക്കൂടാതെ, പൊലീസുകാരും സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു.

അപകടത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റണ്‍വേയിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പുറത്തുവന്നിരുന്നില്ല. തെന്നിനീങ്ങിയ വിമാനം മതിലില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു. തീ അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9.03നായിരുന്നു അപകടം. 15 വര്‍ഷം പഴക്കമുള്ള ബോയിങ് 737-800 ജെറ്റ് വിമാനമാണിതെന്ന് ദക്ഷിണ കൊറിയന്‍ ട്രാന്‍സ്‌പോര്‍ട് മന്ത്രാലയം വ്യക്തമാക്കി. അപകടത്തില്‍ ജെജു എയര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.

ബാങ്കോക്കില്‍നിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തില്‍ തായ്ലന്‍ഡ് സ്വദേശികളായ രണ്ടുപേരുണ്ടായിരുന്നു. തായ്ലന്‍ഡിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെജു എയറിന്റെ 7സി 2216 വിമാനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ലെന്ന് തായ്ലന്‍ഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടര്‍ കെറാറ്റി കിജ്മാനാവത് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തില്‍ ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണിത്. 1997ല്‍ ഗുവാമില്‍ നടന്ന വിമാനാപകടത്തില്‍ 228 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വിമാനം പൂര്‍ണമായി തകര്‍ന്നെന്ന് മുവാന്‍ അഗ്‌നിരക്ഷാസേന മേധാവി ലീ ജിയോങ്ഹിയോണ്‍ അറിയിച്ചു. വിമാനത്തിന്റെ വാല്‍ ഭാഗം മാത്രമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരിച്ചറിയാന്‍പാകത്തില്‍ കിടക്കുന്നത്. പക്ഷിയിടിച്ചാണോ അപകടം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്നോടിയായി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് പക്ഷികള്‍ പറക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്. ഇതു പരിശോധിച്ചശേഷം അപകടകാരണം വ്യക്തമാകുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.