- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; മുള്ളരിങ്ങാട് സ്വദേശിയായ 24കാരന് ദാരുണാന്ത്യം; കാട്ടാന ആക്രമിച്ചത് പശുവിനെ അഴിക്കാന്‍ തേക്കിന്‍ കൂപ്പില്‍ പോയപ്പോള്‍; മരിച്ചത് വീട്ടിലെ ഏക അത്താണി; ഭീതിയുള്ള സാഹചര്യമെന്ന് പ്രദേശവാസികള്‍
ഇടുക്കിയില്‍ കാട്ടാന ആക്രമണം; മുള്ളരിങ്ങാട് സ്വദേശിയായ 24കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി എന്ന 24കാരനാണ് മരിച്ചത്. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അമര്‍ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരാണ് അമര്‍ ഇലാഹിയും കുടുംബവും. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വീട്ടിലെ ഏക അത്താണിയായിരുന്നു അമര്‍ എന്ന് അയല്‍വാസി പറഞ്ഞു. കാടിനോട് ചേര്‍ന്നാണ് ഇവരുടെ വീട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശത്ത് ആന ശല്യമുണ്ട്. ആദ്യമായാണ് പ്രദേശത്ത് ഒരാള്‍ കൊല്ലപ്പെടുന്നത്. നിലവില്‍ ഭീതിയുള്ള സാഹചര്യമാണെന്നും അയല്‍വാസി പറഞ്ഞു. പ്രദേശത്ത് ആന ജനങ്ങളെ ആക്രമിക്കാറില്ലായിരുന്നു. ഇത് ആദ്യത്തെ സംഭവമാണ്. കാടിന്റെ അരികിലാണ് ഇവരുടെ വീട്. വളരെ നിര്‍ധനരായവരാണ്. ഡിഗ്രിയൊക്കെ കഴിഞ്ഞുള്ള ചെറുപ്പക്കാരനാണ്. പശുവിനെ വളര്‍ത്തിയും ആടിനെ വളര്‍ത്തിയുമൊക്കെ കഴിഞ്ഞു കൂടിയിരുന്നവരാണെന്നും വണ്ണപ്രം പഞ്ചായത്ത് അംഗം ഉല്ലാസ് പറഞ്ഞു.
പുല്‍പള്ളിയില്‍ കുറുവദ്വീപ് സന്ദര്‍ശിക്കാനെത്തിയ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കുനേരെ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണം നടത്തിയിരുന്നു. ബത്തേരി കല്ലൂര്‍ സ്വദേശികളും ബെംഗളൂരുവില്‍ നിന്നെത്തിയ അവരുടെ ബന്ധുക്കളും യാത്ര ചെയ്തിരുന്ന വാഹനങ്ങളുടെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ചേകാടിയില്‍ നിന്നു കുറുവയിലേക്കുള്ള റൂട്ടില്‍ പന്നിക്കല്‍ ഭാഗത്ത് ഇന്നലെ രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. വനത്തില്‍ നിന്നുപാഞ്ഞടുത്ത ആന കാറിന്റെ ബോണറ്റിലിടിച്ചു കേടുവരുത്തി.
വാഹനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 6 പേരുണ്ടായിരുന്നു. വാഹനത്തെ ആക്രമിക്കുന്നതുകണ്ട് ശ്രദ്ധതിരിക്കാന്‍ മുന്നിലുണ്ടായിരുന്ന വാഹനം ഹോണ്‍മുഴക്കി പിന്നോട്ടെടുത്തപ്പോള്‍ ആന ആ വാഹനത്തിനു പിന്നാലെയെത്തി. എതിര്‍ഭാഗത്തു നിന്നെത്തിയ മറ്റുവാഹനങ്ങള്‍ ഹോണ്‍മുഴക്കിയപ്പോഴാണ് ആന വനത്തിലേക്കു കയറിയത്. 2 വലിയ ആനകളും കുട്ടിയുമാണ് വനപാതയിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ഭാഗത്ത് രണ്ടിടത്ത് കേടുപറ്റിയിട്ടുണ്ട്.