കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ വെന്റിലേറ്ററിലേക്ക് മാറ്റി. സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും ചികിത്സിക്കുന്ന കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറി. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ബോധം പ്രതികരണം ഓര്‍മ്മയെ ഒക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. ഗാലറിയുടെ വശത്തുനിന്ന എംഎല്‍എ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. പരിശോധന നടക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കലക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി.

15 അടി ഉയരത്തില്‍നിന്നാണ് എംഎല്‍എ വീണത്. വിഐപി ഗാലറിയില്‍നിന്നു വീണ എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. വിഐപികള്‍ക്കായി 40 കസേരകള്‍ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേയ്ക്കു നടന്നു വന്നപ്പോഴാണ് എംഎല്‍എ താഴെ വീണത്.

കോണ്‍ക്രീറ്റില്‍ തലയിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടുപോകുമ്പോള്‍ എംഎല്‍എയ്ക്കു ബോധമുണ്ടായിരുന്നു. 200 മീറ്റര്‍ അകലെയുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എംഎല്‍എയെ സ്‌കാനിങിന് വിധേയയാക്കി. കോണ്‍ഗ്രസ് നേതാക്കളും സ്റ്റാഫ് അംഗങ്ങളും ആശുപത്രിയിലുണ്ട്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം.

''ബിപി സാധാരണ നിലയിലായിരുന്നു. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ ഓക്‌സിജന്‍ നല്‍കി. പള്‍സ് സാധാരണ നിലയിലാണ്. നല്ല രക്തസ്രാവം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്കു മാറ്റി. സിടി സ്‌കാനിങ് എടുക്കുന്നു. സ്റ്റേഡിയത്തിലെ കുട്ടികളെ ചികിത്സിക്കുമ്പോഴാണ് എന്നെ ആംബുലന്‍സിലേക്ക് വിളിപ്പിച്ചത്. അപ്പോഴാണ് എംഎല്‍എയെ കണ്ടത്. പരുക്കു ഗുരുതരമാണോ എന്ന് സിടി സ്‌കാന്‍ എടുത്താലേ അറിയാന്‍ കഴിയൂ''സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. വശങ്ങളില്‍ കെട്ടിയിരുന്ന റിബണില്‍ ബാരിക്കേഡെന്നു കരുതി പിടിച്ചപ്പോഴാണ് താഴേക്ക് വീണതെന്ന് സൂചന. കുടുംബം ആശുപത്രിയില്‍ എത്തി. ഡിഐജി പുട്ട വിമലാദിത്യയും ആശുപത്രിയിലുണ്ട്.

മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോള്‍ കാല്‍ വഴുതി താഴേക്ക് വീണുവെന്നാണ് മനസിലാക്കുന്നത്. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല.

താഴെ കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ച് വീണ എംഎല്‍എയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തലയിലെ പരുക്കില്‍ നിന്ന് രക്തം വാര്‍ന്നുപോയിട്ടുണ്ട്. തലക്കകത്ത് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും രക്തം കട്ടപിടിച്ചെന്നും സംശയമുണ്ട്. പാലാരിവട്ടം റിനൈ മെഡിസിറ്റിയില്‍ ട്രോമ കെയറിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.