സിയോള്‍: തെക്കന്‍ കൊറിയയില്‍ ഇന്നലെ ഉണ്ടായ വിമാനാപകടത്തില്‍ രക്ഷപ്പെട്ടത് രണ്ട്് പേര്‍ മാത്രമാണ്. ഇവരാകട്ടെ വിമാനജോലിക്കാരും ആയിരുന്നു. ഒരു പുരുഷനും സ്ത്രീയുമാണ് രക്ഷപ്പെട്ടത്. മുപ്പത്തിമൂന്നുകാരനായ ഫ്ളൈറ്റ് അറ്റന്‍ഡന്റ് ലീമോക്ക് ബോധം വരുമ്പോള്‍ ആശുപത്രിയിലാണ്. ലീമോ അടുത്തുണ്ടായിരുന്ന ഡോക്ടറോട് ചോദിച്ച ആദ്യ ചോദ്യം എന്താണ് സംഭവിച്ചത് എങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത് എന്നായിരുന്നു.

വിമാനാപകടം നടക്കുന്നതിന് മുമ്പ് തന്നെ താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതായി ലീമോ വെളിപ്പെടുത്തി. അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പാസഞ്ചര്‍ സര്‍വ്വീസിന്റെ ചുമതലയുണ്ടായിരുന്ന ലീമോ വിമാനത്തിന്റെ ഏറ്റവും പിറകിലായിട്ടായിരുന്നു ഇരുന്നത്. ലിമോയുടെ ഇടത്തേ തോളിന് പൊട്ടലും തലയില്‍ മുറിവും പറ്റിയിട്ടുണ്ട്.

ആദ്യം മോക്പോ നഗരത്തിലെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ച ലീമോയെ പിന്നീട് തലസ്ഥാന നഗരമായ സിയോളിലെ കൂടുതല്‍

സംവിധാനങ്ങള്‍ ഉള്ള ഒരാശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലീമോക്ക് ഒപ്പം രക്ഷപ്പെട്ട വിമാനജീവനക്കാരിയുടെ മുഴുവന്‍ പേരും ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

കൂ എന്ന അവരുടെ പേരിന്റെ അവസാനഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിമാനത്തിന്റെ ഒരു എന്‍ജിനില്‍ നിന്ന് ശക്തിയായി പുക പുറത്ത് വരുന്നത് കണ്ടിരുന്നു എന്ന് പറഞ്ഞ കൂ പിന്നീട് വലിയൊരു പൊട്ടിത്തെറി ശബ്ദമാണ് കേട്ടതെന്ന് വെളിപ്പെടുത്തി. അപകടത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഓര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നാണ് ഡോക്ടര്‍മാരും പറയുന്നത്. അവരുടെ തലയോട്ടിക്കും തോളെല്ലിനും നേരിയ പൊട്ടല്‍ ഉണ്ടെന്നും അടിവയറ്റില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കൂവിന് ഗുരുതരുമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും അവര്‍ വെളിപ്പെടുത്തി. ലീമോക്ക് അപകടത്തിന്റെ ഫലമായി ശരീരം തളര്‍ന്ന് പോകാന്‍ സാധ്യതയുള്ളതിനാല്‍ അതിനുള്ള ചികിത്സ നല്‍കി വരികയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിമാനത്തിന്റെ പിന്‍വശത്തിന് കേടുപാടുകള്‍ സംഭവിക്കാത്തത് കൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

1997ന് ശേഷം തെക്കന്‍ കൊറിയയില്‍ നടന്ന ഏറ്റവും വലിയ വിമാന ദുരന്തമാണ് ഇന്നലെ നടന്നത്. അന്ന് ഗുവാമില്‍ ഉണ്ടായ വിമാനദുരന്തത്തില്‍ 200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലത്തെ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട 179 പേരില്‍ 141 പേരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.