ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ജി പി എസ് ഡിവൈസുമായി എത്തിയ ബ്രിട്ടീഷ് യുവതി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഋഷികേശിലേക്ക് പോകുവാനായിരുന്നു പര്‍വതാരോഹക പരിശീലകയായ വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഹീതര്‍ ഇന്ത്യയിലെത്തിയത്. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരെ തടഞ്ഞു നിര്‍ത്തി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ഇന്‍സ്റ്റാഗ്രാമിലൂടെ യുവതി തന്നെയാണ് ഈ അനുഭവം പങ്കു വച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് പോകുന്നവര്‍ ഇത്തരത്തിലുള്ള ജി പി എസ് അല്ലെങ്കില്‍ സാറ്റലൈറ്റ് ആശയവിനിമയ ഉപകരണങ്ങള്‍ കോണ്ടുപോകരുതെന്ന നിര്‍ദ്ദേശവും അവര്‍ പങ്കുവച്ച വീഡിയോയിലൂടെ നല്‍കുന്നുണ്ട്. ആര്‍മിന്‍ ഇന്‍ റീച്ചോ മറ്റേതെങ്കിലും സാറ്റലൈറ്റ് ആശയവിനിമയോപാധികളോ ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചവയാണെന്നും അവര്‍ പറയുന്നുണ്ട്.

അറസ്റ്റിലായ ഉടന്‍ തന്നെ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല എന്നും യുവതി പറയുന്നു. ഇന്ത്യന്‍ മണ്ണില്‍, ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയയാണ് എന്നതായിരുന്നു അവര്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ അവര്‍ വെള്ളം പോലും നല്‍കിയില്ല എന്നും അവര്‍ വീഡിയോയില്‍ പറയുന്നു.

ഡല്‍ഹിയില്‍ വിമാനമിറങ്ങി, ഒരു ആഭ്യന്തര വിമാന സര്‍വ്വീസ് പിടിക്കാനായി പോകുന്നതിനിടെ സെക്യൂരിറ്റി ചെക്ക് അപ്പിനായി തന്റെ കൈവശം ഉണ്ടായിരുന്ന ഗ്രാമിന്‍ ഇന്‍ റീച്ച് താന്‍ സ്‌കാനര്‍ ട്രേയില്‍ വെച്ചെന്ന് യുവതി പറയുന്നു. ഉടന്‍ തന്നെ, സെക്യൂരിറ്റി ഉദ്യോഗസ്ഥ ഇവരെ ക്യൂവില്‍ നിന്നും പിടിച്ചു മാറ്റുകയും കാത്തിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇന്ത്യന്‍ വയര്‍ലെസ് ടെലെഗ്രാഫി ആക്റ്റ് 1933 പ്രകാരം ആവശ്യമായ ലൈസന്‍സ് ഇല്ലാതെ ടെലെഗ്രാഫി ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. ഇത് സാറ്റലൈറ്റ് ആശയവിനിമയോപാധികള്‍ക്കും ബാധകമാന്. വിമാനത്താവളത്തില്‍ നിന്നും പോലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടു പോയി ചോദ്യം ചെയ്തതായി ഹീതര്‍ പറയുന്നു. താരതമ്യേന സൗഹൃദ ഭാവത്തിലായിരുന്നു അവര്‍ ചോദ്യം ചെയ്തതെന്നും ഹീതര്‍ പറഞ്ഞു.

രാത്രി 9 മണി വരെ പോലീസ് സ്റ്റേഷനില്‍ ഇരുത്തിയതിന് ശേഷം, കോടതിയില്‍ ഹാജരാകണം എന്ന ഉപാധിയോടെ അവരെ പറഞ്ഞു വിടുകയയിരുന്നു. അതിനിടയില്‍ നിരവധി രേഖകളില്‍ അവര്‍ക്ക് ഒപ്പ് വയ്ക്കേണ്ടി വന്നുവത്രെ. തനിക്ക് മാത്രമല്ല ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുള്ളത് എന്നതിനാലാണ് പോസ്റ്റ് ഇടുന്നതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ സമാനമായ ഉപകരണം കൈവശം വച്ചതിന് ഒരു കനേഡിയന്‍ കായിക താരം അറസ്റ്റിലായതും അവര്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.