കവന്‍ട്രി: അഞ്ചു വര്‍ഷത്തിന് ശേഷം വീണ്ടും ലോകത്തെ ഭയപ്പെടുത്തുന്ന മട്ടില്‍ ചൈനയില്‍ നിന്നും വാര്‍ത്തകള്‍ എത്തുന്നു. ലോകം കോവിഡിനെ മറന്നു തുടങ്ങിയെങ്കിലും ഇന്നും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും അതില്‍ കോവിഡിന്റെ സാന്നിധ്യം ഉണ്ടോയെന്ന് നിരീക്ഷിക്കുകയാണ്. ഇക്കാരണത്താലാണ് ഇത്തവണ വിന്റര്‍ ഫ്‌ലുവില്‍ കോവിഡ് മരണം പെരുകിയതായി വിവരം പുറത്തു വന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളിയും സ്റ്റെനി എന്ന വിദ്യാര്‍ത്ഥിനി പനി ബാധിച്ചു മരിക്കാന്‍ ഇടയായ സാഹചര്യം വിശകലനം ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച ഇന്ത്യ പുതിയ വൈറസ് ഭീഷണിയില്‍ വിദേശത്തു നിന്നും എത്തുന്നവരെ നിരീക്ഷിക്കാന്‍ 13 പുതിയ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വിമാനത്താവളത്തില്‍ തുറക്കാന്‍ ഉള്ള ഒരുക്കത്തില്‍ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ലോകമെങ്ങും ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുക ആണെങ്കിലും ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരം കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളില്‍ ഒന്നായ കേരളത്തില്‍ നിന്നും പുതിയ വൈറസ് ബാധയെ നേരിടാന്‍ ഉള്ള സജ്ജീകരണങ്ങളെ പറ്റിയോ ഒരുക്കങ്ങളെ പറ്റിയോ ഇതുവരെ വാര്‍ത്തകള്‍ എത്തിയിട്ടില്ല.

പേരില്ലാതായ കോവിഡ് വൈറസ് ഇന്നലെ മുതല്‍ മാധ്യമ ശ്രദ്ധയില്‍, ചൈനയില്‍ അടിയന്തിരാവസ്ഥ

രണ്ടു ദിവസമായി ഒറ്റപ്പെട്ട നിലയില്‍ വാര്‍ത്തകള്‍ വന്നിരുന്നത് ഇന്നലെ മുതല്‍ മുഴുവന്‍ മാധ്യമങ്ങളുടെയും പ്രധാന വിഷയമായി മാറിയതോടെ ലോകമെങ്ങും ജാഗ്രതയിലാണ്. അഞ്ചു വര്‍ഷം മുന്‍പ് ആദ്യ വൈറസ് ബാധ ലോകത്തിന്റെ കണ്ണില്‍ നിന്നും മറച്ചു വച്ച് വന്‍ ചതി ഒരുക്കിയ ചൈന ഇത്തവണയും അത് ആവര്‍ത്തിക്കുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു വീണ ശേഷവും കാര്യങ്ങള്‍ കൈവിട്ട നിലയിലും വാര്‍ത്തകള്‍ പുറത്തു പോകാതിരിക്കാനാണ് ചൈന ശ്രദ്ധിച്ചത്. അന്ന് വുഹാന്‍ ആയിരുന്നു പ്രഭവ കേന്ദ്രം എങ്കിലും ഇപ്പോള്‍ ചൈനയില്‍ പലയിടത്തായി വൈറസ് വ്യാപിച്ചതിനാല്‍ രാജ്യമൊട്ടാകെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൈനയിലും പുതുവര്‍ഷ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനാലും ശൈത്യകാലം പിടിമുറുക്കിയതിനാലും വൈറസ് വ്യാപനം കൂടുതല്‍ വേഗത നേടും എന്ന സൂചനകളാണ് ഇപ്പോള്‍ എത്തുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പടര്‍ന്ന വൈറസ് ബാധയാണ് ഇപ്പോള്‍ ചൈനയില്‍ കൈവിട്ട നിലയിലേക്ക് നീങ്ങുന്നത്. ആദ്യ രണ്ടു മാസങ്ങളില്‍ ഈ വിവരം പുറത്തു പോകാതെ സൂക്ഷിക്കുകയായിരുന്നു പതിവ് പോലെ ചൈന. ഇപ്പോള്‍ രോഗികള്‍ ആശുപത്രികള്‍ തിങ്ങി നിറഞ്ഞതോടെയാണ് ആ ദൃശ്യങ്ങള്‍ പുറം ലോകത്ത് എത്തിയത്.

ലോകമൊട്ടാകെ നിന്നും അനേകം ചൈനീസുകാര്‍ നാട്ടില്‍ എത്തുന്ന സമയം കൂടിയായതിനാല്‍ കോവിഡ് പരന്നത് പോലെ പുതിയ വൈറസും ലോകമെങ്ങും പരക്കാന്‍ അധിക സമയമെടുക്കില്ല. കോവിഡിന് എണ്ണിയാല്‍ ഒടുങ്ങാത്ത നിലയില്‍ മ്യുട്ടേഷന്‍ സംഭവിച്ചതോടെ പേരിടല്‍ നിര്‍ത്തിയ ശാസ്ത്ര ലോകം ഇപ്പോള്‍ പുതിയ വൈറസിന് പേരിട്ടിരിക്കുന്നത് എച്ച്എംപിവി എന്നാണ്. ഹ്യൂമന്‍ മെറ്റാന്യുമോ വൈറസ് എന്ന മുഴുവന്‍ പേരിന്റെ സങ്കീര്‍ണത പോലെ വൈറസും സങ്കീര്‍ണ ഘടനയുള്ളതാണ്. ഇതുവരെ ചൈനയിലേക്കുള്ള യാത്രയ്ക്ക് ലോകരാജ്യങ്ങള്‍ ഒന്നും തന്നെ നിയന്ത്രണം പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ചൈനയിലെ അടിയന്തിരാവസ്ഥ സംബന്ധിച്ച ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. എന്നാല്‍ രാജ്യത്തു മാസ്‌ക് നിര്‍ബന്ധമാക്കിയ നിലയില്‍ ഉള്ള അനവധി വിഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകമെങ്ങും പ്രചരിക്കുകയാണ്. പുതിയ വൈറസ് പനി ബാധിച്ചാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ന്യുമോണിയയിലേക്ക് സാഹചര്യം മാറാന്‍ സാധ്യത ഏറെയാണ് എന്നതാണ് ഭയപ്പെടുത്തുന്നത്.

ഇന്ത്യയില്‍ ഭയാനക സാഹചര്യമില്ല, ബ്രിട്ടനില്‍ മരണ നിരക്ക് കൂടുന്നു

കോവിഡ് വൈറസ് പടര്‍ന്നതിനു സമാനമായ സാഹചര്യത്തില്‍ തന്നെയാണ് മെറ്റാന്യുമോ വൈറസും പടരുന്നത്. കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് എന്ന വിശദീകരണമാണ് ഇന്ത്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 13 ക്വാറന്റൈന്‍ സെന്ററുകളില്‍ കേരളത്തില്‍ അനുവദിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കോവിഡിന് സമാനമായ രോഗബാധ ഡിസംബറില്‍ ഭയപ്പെടും വിധം രാജ്യത്തെവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമികമായി സര്‍ക്കാരിന് ലഭിക്കുന്ന വിവരം. എന്നാല്‍ മാസ്‌കും കൈകഴുകലും പോലെയുള്ള മുന്‍കരുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം എത്താന്‍ കാത്തിരിക്കേണ്ട കാര്യം ഇല്ലെന്നാണ് പുറത്തു വരുന്ന വിവരം.

ബ്രിട്ടനിലും സമാന സാഹചര്യം തന്നെയാണ്. എന്നാല്‍ ആഴ്ചതോറും ഉള്ള മരണക്കണക്കില്‍ പനിയും ന്യുമോണിയയും കോവിഡ് ബാധയും മൂലമുള്ള മരണ നിരക്ക് ഏറെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാസ്‌ക് അടക്കമുളള സുരക്ഷാ മാനദണ്ഡങ്ങള്‍ മടങ്ങി വരികയാണ്. ആശുപത്രികളിലും മറ്റും കോവിഡിന് ശേഷം ഇപ്പോഴും ബ്രിട്ടനില്‍ മാസ്‌ക് അടക്കമുള്ള സുരക്ഷാ രീതികള്‍ നിര്‍ബന്ധവുമാണ്. അമേരിക്കയിലും പുതിയ വാര്‍ത്തകളെ തുടര്‍ന്ന് എയര്‍പോര്‍ട്ട് നിരീക്ഷണം കടുപ്പമുള്ളതാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ റുവാണ്ടയില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്നവരെ കര്‍ശന പരിശോധനക്ക് ശേഷമാണു പുറത്തു വിട്ടിരുന്നത്. മര്‍ബാഗ് എന്ന സാംക്രമിക രോഗം റുവാണ്ടയില്‍ പടരുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അമേരിക്ക നിരീക്ഷണം അന്ന് ശക്തമാക്കിയത്.

യുകെ മലയാളികള്‍ ഭയത്തോടെ നോക്കുന്ന ക്വാറന്റീന്‍ കാലം, ഇനിയും വരുമോ വൈറസും ക്വാറന്റീനും

യുകെയില്‍ നിന്നും നാട്ടില്‍ കോവിഡ് കാലത്തെത്തിയ ഒരു മലയാളിയും നാട് സ്വീകരിച്ച വിധം ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ല. നാട്ടില്‍ നിന്നും സഹായം ചെയ്യണം എന്ന അപേക്ഷകള്‍ എത്തുമ്പോള്‍ പോലും കുറേയേറെ പ്രവാസികള്‍ മുഖം തിരിക്കാനും അന്നത്തെ ദുരനുഭവം തന്നെയാണ് പ്രധാന കാരണം. നാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയും വിദേശ മലയാളികളാണ് കോവിഡ് പരത്തുന്നത് എന്ന ചിന്തയിലും ആയിരുന്നു കോവിഡ് വ്യാപന കാലത്തെ ക്വാറന്റീന്‍ ദിനങ്ങള്‍. ലോകത്തെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന ധാരണ പുലര്‍ത്തുന്ന മലയാളികള്‍ തന്നെയാണ് മറ്റു നാടുകളേക്കാള്‍ അധികം ഭയം ജനിപ്പിക്കുന്ന കാര്യങ്ങള്‍ അക്കാലത്തു പങ്കു വച്ചതും കുടുംബാംഗങ്ങളെ പോലും വീട്ടില്‍ കയറ്റാതെ മാറ്റി നിര്‍ത്തി വൈറസിനേക്കാള്‍ വലിയ ശത്രു എന്ന നിലയില്‍ പെരുമാറിയതും.

പിതാവ് മരിച്ചതറിഞ്ഞു നാട്ടില്‍ എത്തിയ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി വീട്ടില്‍ ഉള്ളതിനാല്‍ പള്ളിയില്‍ നിന്നും മൃതദേഹം എടുക്കാന്‍ ആളെത്തില്ല എന്ന അതി വൈകാരികമായ വാര്‍ത്ത പോലും അക്കാലത്തെ മറുനാടന്‍ മലയാളി വായനക്കാരെ തേടിയെത്തിയതാണ്. ഒടുവില്‍ പിതാവിന് അന്ത്യ ചുംബനം പോലും നല്‍കാതെ വീട്ടില്‍ അവസാന വട്ട പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ മുകള്‍ നിലയിലെ അടച്ചിട്ട മുറിയില്‍ കണ്ണീരോടെ പിതാവിന് അന്ത്യയാത്ര നല്‍കേണ്ടി വന്ന വായിച്ചു കേട്ട അനുഭവം പോലും ഒരു പ്രവാസിയും മറക്കാനിടയില്ല. കോവിഡിന്റെ ആദ്യ ഘട്ട വ്യാപനശേഷം ലോകം വൈറസിനെ ധീരമായി നേരിടാന്‍ തുടങ്ങിയ നാളുകളില്‍ തന്നെയാണ് കേരളത്തില്‍ നിന്നും ഇത്തരത്തില്‍ അസാധാരണ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വന്നത് എന്നതും ഏറെ അമ്പരപ്പിക്കുന്നതായിരുന്നു.

ഇപ്പോള്‍ മറ്റൊരു വൈറസ് ഭീഷണി ലോകം പങ്കുവയ്ക്കുമ്പോള്‍ ഓരോ യുകെ മലയാളിയും ഉള്ളില്‍ ചോദിക്കേണ്ടി വരും, നാട്ടിലേക്ക് ഉള്ള മറ്റൊരു യാത്ര വീണ്ടും ക്വാറന്റീന്‍ എന്ന ഭയാനക കാലത്തിലേക്ക് ആകുമോ എന്ന ചോദ്യം. യുകെയില്‍ അടക്കം ഏറ്റവും കൂടുതല്‍ ക്വാറന്റീന്‍ നേരിട്ട ഒരു മലയാളിക്ക് പോലും വൈറസിന്റെ പേരില്‍ അയല്‍വാസികളില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ ദുരനുഭവം ഉണ്ടായില്ല എന്നത് കൂടി കേരളത്തില്‍ ഉണ്ടായ അനുഭവവുമായി കൂട്ടി ചേര്‍ത്ത് വായിക്കുമ്പോഴേ രണ്ടു നാടുകളിലെയും വ്യത്യാസം മനസിലാകൂ.