സിംബാബ്‌വെ: കാടിനുള്ളിൽ പെട്ട് പോകുന്നതും പിന്നിട് അതിജീവിച്ച് രക്ഷപ്പെടുന്നതുമെല്ലാം സ്ഥിരം വാർത്തയാണ്. പക്ഷെ ഒരു കുഞ്ഞുബാലൻ കൊടുംവനത്തിനുള്ളിൽ പെട്ടാൽ എങ്ങനെ അതിജീവിക്കുമെന്നതാണ് ഈയൊരു സംഭവം. വടക്കൻ സിംബാബ്‌വെയിലെ മഴക്കാട്ടിലാണ് ഈ അതിജീവന കഥ നടന്നത്. അതും വെറുമൊരു എട്ടുവയസുകാരനാണ് സ്റ്റോറിയിലെ ഹീറോ. സംഭവം ഇങ്ങനെ..

സിംഹം, പുലി, ആനയും അടക്കം അപകടകാരികളായ മൃഗങ്ങളുടെ ആവാസകേന്ദ്രമായ വടക്കൻ സിംബാബ്‌വെയിലെ മഴക്കാടുകളിൽ അകപ്പെട്ടുപോയ 'എട്ടു' വയസ്സുകാരനെ അഞ്ചുദിവസങ്ങൾക്കുശേഷം അത്ഭുതകരമായി കണ്ടെത്തിയത് വിശ്വസിക്കാൻ പറ്റാതെ നാട്ടുകാർ. കാട്ടു പഴങ്ങൾ കഴിച്ചും കാട്ടരുവിയിൽ നിന്ന് വെള്ളം കുടിച്ചുമാണ് എട്ടുവയസ്സുകാരൻ അത്ഭുതകരമായ അതിജീവനം നടത്തിയത്.

ഡിസംബർ 27 -നാണ് വടക്കൻ സിംബാബ്‌വെയിലെ ഗ്രാമത്തിൽ നിന്ന് ടിനോടെൻഡ പുഡു എന്ന ബാലൻ വഴിതെറ്റി കൊടുംകാട്ടിൽ അകപ്പെട്ടുപോയത്. കുട്ടിയെ കാണാതായി അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ഗ്രാമത്തിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള മട്ടുസഡോണ നാഷണൽ പാർക്കിൽ അവശനിലയിൽ ബാലനെ കണ്ടെത്തിയത്. നിർജ്ജലീകരണം ബാധിച്ച് തളർന്ന അവസ്ഥയിലായിരുന്നെങ്കിലും കുട്ടിയെ ജീവനോടെ കണ്ടെത്താൻ സാധിച്ചത് വലിയ ആശ്വാസമായി.

കാട്ടിലെ നദീതീരങ്ങളിൽ കമ്പുകൾ ഉപയോഗിച്ച് കുഴി ഉണ്ടാക്കിയാണ് ടിനോടെൻഡ കുടിക്കാനുള്ള വെള്ളം കണ്ടെത്തിയിരുന്നത്. കൂടാതെ കാട്ടുപഴങ്ങൾ ഭക്ഷിച്ച് വിശപ്പടക്കുകയും ചെയ്തു. അത്ഭുതകരമായ രക്ഷപ്പെടലാണ് ടിനോടെൻഡ പുഡുവിൻ്റെതെന്ന് പ്രാദേശിക പാർലമെൻ്റ് അംഗം പി. മുത്സ മുറോംബെഡ്സി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തു. കാട്ടിനുള്ളിൽ അകപ്പെട്ടു പോയ ബാലൻ ദിശ തെറ്റി അലഞ്ഞത് അഞ്ചുദിവസങ്ങളാണെന്നും കാട്ടിനുള്ളിലെ നദീതീരത്താണ് കുഞ്ഞിനെ തളർന്ന നിലയിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

അതേസമയം, രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച എം പി പാർക്ക് റേഞ്ചർമാർക്കും കുട്ടിക്ക് വീട്ടിലേക്കു ശബ്ദം കേട്ട് ദിശ തിരിച്ചറിയുന്നതിനായി എല്ലാദിവസവും രാത്രി ഡ്രംസ് അടിച്ച ന്യാമിനിയമി കമ്മ്യൂണിറ്റിക്കും നന്ദി പറഞ്ഞു. എല്ലാറ്റിനുമുപരിയായി, ടിനോടെൻഡയെ നിരീക്ഷിച്ച് സുരക്ഷിതമായി വീട്ടിലേക്ക് നയിച്ചതിന് തങ്ങൾ ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

റിപ്പോർട്ടുകൾ പ്രകാരം മട്ടുസഡോണ ഗെയിം പാർക്കിൽ ഏകദേശം 40 സിംഹങ്ങളുണ്ട്. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ സിംഹങ്ങൾ ഉള്ള പാർക്കുകളിൽ ഒന്നാണിത്. ഈ കുഞ്ഞുബാലൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആയിരിക്കുകയാണ്. ഒരു ഹോളിവുഡ് സിനിമയിൽ ഉള്ളതുപോലത്തെ അതിജീവനമാണ് ഇവിടെ നടന്നിരിക്കുന്നത്.