- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിര്‍ത്തിയിട്ട ബസിലേക്ക് കാര്‍ ഇടിച്ചു കയറി; ഉളിയിലെ അപകടത്തില്‍ രണ്ടു മരണം; തലശേരി - മാഹി ദേശീയപാത ബൈപ്പാസ് റോഡില്‍ പൊലിഞ്ഞത് സ്‌കൂട്ടര്‍ യാത്രക്കാരന്; കണ്ണൂരില്‍ രണ്ട് അപകടങ്ങളില്‍ മൂന്ന് മരണം
മട്ടന്നൂര്‍: കണ്ണൂര്‍ ഉളിയില്‍ കാര്‍ സ്വകാര്യബസിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ടു മരണം. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്ക്. കര്‍ണാടക രജിസ്ട്രേഷന്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഉളിക്കല്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ എല്ലാവരുടേയും നില ഗുരുതരമാണ്. ദേശീയപാത ബൈപ്പാസ് റോഡില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ കെ.എസ്.ആര്‍.ടി.സിബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു
രാവിലെ എട്ടുമണിയോടെ സംസ്ഥാനപാതയില്‍ മട്ടന്നൂര്‍ - ഇരിട്ടി റൂട്ടില്‍ ഉളിയില്‍ പാലത്തിന് തൊട്ടടുത്താണ് അപകടം നടന്നത്. തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കാര്‍ ഇരിട്ടി ഭാഗത്തേക്കാണ് പോയിരുന്നത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ സമയത്ത് നിയന്ത്രണം വിട്ടുവന്ന കാര്‍ ബസിലേക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. അഗ്‌നിരക്ഷാസേന എത്തി വളരെ പണിപ്പെട്ടാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂര്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലശേരി - മാഹി ദേശീയപാത ബൈപ്പാസ് റോഡിലെ മറ്റൊരു അപകടത്തിലാണ് യുവാവ് മരിച്ചത്. മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചത്. തലശ്ശേരി ചേറ്റംകുന്ന് റോസ് മഹലില്‍ സജ്മീറാണ് ദാരുണമായി മരിച്ചത്. സിവില്‍ എഞ്ചിനീയറാണ്. ചൊവ്വാഴ്ച രാത്രി 10.30 ന് തലശ്ശേരി യില്‍ നിന്ന് എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ഭാര്യവീട്ടിലേക്ക് സര്‍വ്വീസ് റോഡിലൂടെ വരുമ്പോള്‍ പിറകില്‍ നിന്നും വന്ന കെ.എസ്ആര്‍ടിസി ബസ്സ് ഇടിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഴപ്പിലങ്ങാട് ടിപ്‌ടോപ്പ് റഹ് മാനിയ മസ്ജിദിന് സമീപം പരേതനായ അബ്ബാസ് ഹാജിയുടെ മകള്‍ ശബാനയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. ഖബറടക്കം ഉച്ചക്ക് രണ്ട് മണിക്ക് തലശ്ശേരി സ്റ്റേഡിയം പള്ളിയില്‍ നടക്കും.