റ്റ്ലാന്റിക് മഹസമുദ്രത്തില്‍ തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥികളുടെ ബോട്ടില്‍ ഒരു കുഞ്ഞ് ജനിച്ച സംഭവത്തിന്റെ വാര്‍ത്തയും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സമുദ്രയാത്രയിലെ ഏറ്റവും ദുര്‍ഘടം പിടിച്ച സ്പെയിനിലെ കാനറി ദ്വീപുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് കുഞ്ഞിന്റെ അമ്മക്ക് പ്രസവവേദന ആരംഭിച്ചത്. നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു എങ്കിലും ഉള്ള സ്ഥലസൗകര്യത്തില്‍ എല്ലാവരും ചേര്‍ന്ന് പ്രസവത്തിനായി സംവിധാനം ഒരുക്കുകയായിരുന്നു.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 64 യാത്രക്കാരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ഈ ബോട്ട് കോസ്റ്റ്ഗാര്‍ഡിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡ് തന്നെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഞങ്ങളുടെ ക്രിസ്മസ് അവസാനിക്കുന്നത് കാനറി ദ്വീപില്‍ ഒരു നവജാതശിശുവിന്റെ ജീവന്‍ രക്ഷിച്ചു കൊണ്ടാണ് എന്നായിരുന്നു അവര്‍ ഇതിന് നല്‍കിയ അടിക്കുറിപ്പ്. അമ്മയേയും കുഞ്ഞിനേയും അരേസേഫ് എന്ന സ്ഥലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

കുഞ്ഞ് ജനിച്ച് 10 മിനിട്ടുകള്‍ക്ക് ശേഷമുള്ള ചിത്രമാണ് കൊടുത്തിരിക്കുന്നതെന്നാണ് കോസ്റ്റ്ഗാര്‍ഡ് ബോട്ടിന്റെ ക്യാപ്റ്റനായ ഡൊമിങ്കോ ട്രുജിലോ അറിയിച്ചിരിക്കുന്നത്. ബോട്ടിലെ യാത്രക്കാരില്‍ നിരവധി സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ ആഫ്രിക്കന്‍ വംശജരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ കാനറി ദ്വീപുകളിലേക്ക് യാത്ര തിരിച്ചവരാണ്. ബോട്ടിലെ യാത്രക്കാരില്‍ ഒരാള്‍ പൂര്‍ണ ഗര്‍ഭിണിയാണെന്നും ഏത് നിമിഷം വേണമെങ്കിലും പ്രസവം നടക്കാം എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് കോസ്റ്റ്ഗാര്‍ഡ് അവരുടെ രക്ഷക്കായി എത്തിയത്.

97 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്ന കോസ്റ്റ്ഗാര്‍ഡ് പ്രക്ഷുബ്ധമായ കടലിലൂടെ അഞ്ച് മണിക്കൂറോളം യാത്ര ചെയ്താണ് അഭയാര്‍ത്ഥികളുടെ ബോട്ടിനടുത്ത് എത്തിയത്. എന്നാല്‍ കോസ്റ്റ്ഗാര്‍ഡ് എത്തിയപ്പോഴേയ്ക്കും പ്രസവം കഴിഞ്ഞ് 10 മിനിട്ട്് കഴിഞ്ഞിരുന്നു. കുഞ്ഞ് കരയുന്നുണ്ടായിരുന്നു എന്നും തുടര്‍ന്ന് കുഞ്ഞിനെ വൃത്തിയാക്കാന്‍ തങ്ങള്‍ അമ്മയുടെ അനുമതി തേടിയതായും ക്യാപ്റ്റന്‍ അറിയിച്ചു. തുടര്‍ന്ന് ഹെലികോപ്ടറിലാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ ഇതാദ്യമായിട്ടില്ല താന്‍ ഇത്തരത്തില്‍ ഒരു നവജാത ശിശുവിനെ രക്ഷിക്കുന്നെതന്നായിരുന്നു കോസ്റ്റ്ഗാര്‍ഡ് ബോട്ടിന്റെ ക്യാപ്റ്റന്‍ ട്രുജിലോ പറയുന്നത്. 2020 ല്‍ സല്‍വമാര്‍ മിസല്‍ എന്ന ബോട്ടില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇത്തരത്തില്‍ ഒരു നവജാതശിശുവിനെ രക്ഷിച്ചിട്ടുള്ള കാര്യം അദ്ദേഹം വെളിപ്പെടുത്തി. മാത്രവമല്ല അന്ന് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചതും താന്‍ ആയിരുന്നു എന്നാണ് ട്രുജിലോ പറയുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 10457 അഭയാര്‍ത്ഥികളാണ് സ്പെയിനിലേക്ക് കടല്‍മാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ അപകടങ്ങളില്‍ പെട്ട് മരിച്ചത്.

എന്നാല്‍ ഇതൊന്നും തന്നെ അഭയാര്‍ത്ഥികളെ സ്പെയിനിലേക്ക് ഈ മാര്‍ഗ്ഗത്തിലുൂടെ യാത്ര ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നില്ല. കഴിഞ്ഞ ക്രിസ്മസിനും പുതുവല്സര ദിനത്തിനംു ഇടയില്‍ രണ്ടായിരത്തോളം അഭയാര്‍ത്ഥികളാണ് കടല്‍മാര്‍ഗം സ്പെയിനില്‍ എത്തിയത്.